Saturday, October 27, 2007

നോവല്‍ തുടങ്ങുന്നു...

...... ഭാസ്കരന്‍ ജനല്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി. ജനലിലൂടെ മുറിയിലേയ്ക്ക് ചൂട് കുത്തിയൊഴുകുവാന്‍ തുടങ്ങി. വെയില്‍ മുടിയഴിച്ചാടുന്ന നട്ടുച്ചകളില്‍, തുറന്ന പണിയിടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഷാര്‍ജ്ജയിലും ദുബായിലുമൊക്കെ വര്‍ക്ക് സൈറ്റുകളില്‍ ചൂടു സഹിക്കാതെ പണിക്കാര്‍‍ തളര്‍ന്നു വീഴുന്നുവെന്ന് കേട്ടിരുന്നു.

നാട്ടിലിപ്പോള്‍ മഴയാണ്

മഴയെക്കുറിച്ചുള്ള ഓര്‍മ്മയുണ്ടായതും അവനെ തളര്‍ച്ച ബാധിച്ചു. ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. കട്ടിലില്‍ വലിഞ്ഞു കയറുമ്പോള്‍ അവന് കാലുകളുടെ ബലം നഷ്ടപ്പെടുവാന്‍ തുടങ്ങിയിരുന്നു. രാവിലെ മുതല്‍ ഒഴിഞ്ഞു നിന്ന പനി തിരിച്ചെത്തിയിരിക്കുന്നു. അവന്‍ ബ്ലാങ്കറ്റുകൊണ്ട് തലവഴി മൂടിക്കിടന്നു.

മഴ പെയ്യുവാന്‍ തുടങ്ങി

പൊടിപിടിച്ചു നിന്ന മരങ്ങളാണ് ആദ്യം മഴയെ തൊട്ടത്. കോരിത്തരിച്ചുപോയി അവയ്ക്ക്. മണ്ണിനടിയില്‍ വറ്റും വെള്ളവും പരതിക്കൊണ്ടിരുന്ന വേരുകള്‍ പോലും പിടഞ്ഞുണര്‍ന്നു. പുതുതായി രൂപം കൊണ്ട ജലധമനികള്‍ പാടങ്ങളേയും പുഴയേയും കൂട്ടിക്കെട്ടി. പുഴയില്‍നിന്നും മീനുകള്‍ കൂട്ടമായി ജലധമനികളിലൂടെ പുറപ്പെട്ടു. ഗര്‍ഭപാത്രം തേടിയുള്ള പുംബീജങ്ങളുടേതുപോലെയാണ് കൊച്ചുതോടുകളിലൂടെയുള്ള മീന്‍കൂട്ടങ്ങളുടെ യാത്ര. തോടുകള്‍ പാടങ്ങളുടെ അകങ്ങളിലേയ്ക്കു തുറന്നു. ഇളം ജലത്തില്‍ മീനുകള്‍ പാടങ്ങളുടെ മുലയുണ്ടു. പരല്‍, ചൂട്ടക്കണ്ണന്‍, കരിപ്പിടി, വരാല്‍, വയമ്പ്... മീനുകള്‍ ജലസസ്യങ്ങള്‍ക്കിടയില്‍ അമ്പസ്താനി കളിച്ചു.

വരണ്ട മണ്ണിനടിയില്‍ ദീര്‍ഘനിദ്രയിലായിരുന്ന ജല സസ്യങ്ങളുടെ കിഴങ്ങുകള്‍ ഉണര്‍ന്നു. ഇളം പച്ച കഴുത്തുകള്‍ ആഹ്ലാദത്തോടെ ജലോപരിതലത്തിലേയ്ക്കെത്തിനോക്കി. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടായിരുന്നെന്ന് അവ ആകാശത്തിനോട് കുശലം പറഞ്ഞു...........


ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍....

ഒരു നോവല്‍ എഴുതാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അടുത്തുതന്നെ പോസ്റ്റ് ചെയ്തു തുടങ്ങും.
(പി.പി.രാമചന്ദ്രന്റെ ലളിതം എന്ന കവിതയില്‍നിന്ന് ചോദിച്ചു വാങ്ങിയതാണ് നോവലിന്റെ പേര്.)