Sunday, June 22, 2008

മറഞ്ഞുപോയവര്‍ വിരുന്നുപാര്‍ക്കാന്‍ വരുന്ന ഇടം

സ്വപ്നമായിരുന്നോ എന്ന് അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട് ജീവിതത്തില്‍. അനുഭവങ്ങളേക്കാള്‍ തീവ്രവേദന സമ്മാനിച്ചിട്ടുള്ള സ്വപ്നങ്ങളുമുണ്ടായിട്ടുണ്ട്. സ്വപ്നങ്ങള്‍ നീന്തിക്കുളിക്കാനിറങ്ങുന്ന പുഴയിലേയ്ക്കുള്ള കല്‍പ്പടവുകളാണ് ഓരോ ഉറക്കവും. പകുതി വായിച്ച് അടച്ചുവച്ച പുസ്തകം വീണ്ടും തുറക്കുന്നതുപോലെ തുടര്‍ച്ചയുള്ള രാത്രികളില്‍ സ്ഥിരം സന്ദര്‍ശകരുണ്ടാവും. നീലസാരിയുടുത്ത് കൈയ്യിലൊരു പുസ്തകവുമായി മിനി, കൈയ്യിലോ കാലിലോ മുറിവിന്റെ തുന്നിക്കെട്ടുമായി ബാബു, തിരുനെല്ലൂരിന്റെ കവിതയുമായി വാസു... മരിച്ചുപോയ പ്രിയപ്പെട്ടവരുമായി വര്‍ത്തമാനം പറയാനുള്ള സമയം.
കാപ്പിനിറത്തില്‍ വെള്ള ഈര്‍ക്കില്‍ വരയുള്ള ഷര്‍ട്ടിട്ടു വരുന്ന അച്ഛന്‍. ചാരായത്തിന്റെ വിയര്‍പ്പില്‍ നെറ്റിയിലേയും നെഞ്ചത്തേയും ചന്ദനം അലിഞ്ഞിട്ടുണ്ടാവും. ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത സ്നേഹത്തോടെ ചിരിക്കും. അമ്പലത്തിലെ ചുറ്റുവിളക്ക് കഴിഞ്ഞു വീട്ടില്‍ വന്ന് ചങ്ങാതിയുമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു ഹൃദയസ്തംഭനം മൂലം അച്ഛന്‍ മരിച്ചത്. ആയിടെയൊന്നും ഞാന്‍ അച്ഛനെ കണ്ടിരുന്നില്ല. മരണസമയത്തും അടുത്തുണ്ടായിരുന്നില്ല. കൌമാരപ്രായം വിട്ടിട്ടില്ലാത്ത മക്കള്‍ വഴിതെറ്റിപ്പോകാന്‍ തുടങ്ങുകയാണെന്ന് ഭയക്കാന്‍ തുടങ്ങുമ്പോള്‍, എല്ലാ പിതാക്കന്മാര്‍ക്കും നാട്ടുനടപ്പുള്ള പരിഭ്രമം കൊണ്ടുള്ള മുന്‍കരുതല്‍ മാത്രമാണ് അച്ഛന്റെ സ്നേഹരാഹിത്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നുമില്ല. പലതും പറയാന്‍ ബാക്കിവച്ചിരുന്നിരിക്കണം, തരുവാനും. അതാവണം സങ്കടം ഉരുള്‍പൊട്ടുന്ന ദിനങ്ങളില്‍, എനിയ്ക്കേറെ ഇഷ്ടമുള്ള ഷര്‍ട്ടുമിട്ട് അടുത്തു വരുന്നത്. ചാരായം കുമ്മുന്ന ചുണ്ടുകള്‍ കൊണ്ട് കവിളില്‍ ഉമ്മ വയ്ക്കുന്നത്.
അപ്പോഴൊന്നും ഒരിക്കലും കുറ്റപ്പെടുത്തി സംസാരിക്കില്ല. കറുത്ത ചട്ടയുള്ള കണ്ണടയ്ക്കു മുകളിലൂടെയുള്ള കൂര്‍ത്ത നോട്ടവുമുണ്ടാവാറില്ല. മതി സംസാരിച്ചത് എന്ന മുന്നറിയിപ്പായി മൂര്‍ച്ചയോടെ മുരടനക്കാറുമില്ല. പരുക്കന്‍ പ്രതലങ്ങള്‍ മൃദുവാകാന്‍ തുടങ്ങിയ കാലത്തായിരുന്നു പൊടുന്നനേ ജീവിതം കഴിഞ്ഞ് അച്ഛന്‍ തിരിച്ചു പോയത്. അതായിരിക്കാം, ഞാനതൊന്നുമല്ലായിരുന്നു എന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ രാത്രികളില്‍ നിരന്തരം സ്നേഹത്തിന്റെ മണവുമായി വരുന്നത്.
അവധിയ്ക്ക് നാട്ടില്‍ ചെല്ലുമ്പോള്‍, പുസ്തകവും ചോക്കും ചൂരലും മുഖത്ത് പ്രധാനാദ്ധ്യാപികയുടെ നാട്യവുമായി ട്യൂഷന്‍സെന്ററിന്റെ മുമ്പിലെ അരമതിലില്‍ ഇരിപ്പുണ്ടാവും മിനി.
“എന്താടാ എനിയ്ക്ക് കൊണ്ടുവന്നിട്ടുള്ളത്?” എന്ന് ചോദിക്കും.
മരിച്ചുപോയി എന്നു കരുതി കൂട്ടുകാരിയ്ക്ക് ഒന്നും കൊണ്ടുവന്നില്ലല്ലോ എന്നു വിഷമിക്കുമ്പോള്‍ ചിരിച്ച് അവള്‍ പറയും.
“ഞാന്‍ തീര്‍ന്നുപോയെന്നു വിചാരിച്ചോ നീ? വെറുതേ നിന്നെ പേടിപ്പിക്കാന്‍ ഇവരൊക്കെ വെറുതേ പറഞ്ഞതല്ലേ. ഒരു പ്രണയം തകര്‍ന്നതിന് ആത്മഹത്യ ചെയ്യാന്‍ മാത്രം സില്ലിയാണോ ഞാന്‍? നിനക്ക് ഞാന്‍ വാക്കു തന്നിട്ടില്ലേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ആത്മഹത്യ ചെയ്യില്ലെന്ന്! പോയി നിന്റെ കൂട്ടുകാരനെ വിളിച്ചു കൊണ്ടുവാ, ഞങ്ങടെ കല്യാണം നടത്തിത്താ”
വിശ്വസിക്കാനാവാതെ ഞാന്‍ അവളുടെ മുഖത്തു നോക്കി നില്‍ക്കും. അവള്‍ ഉറക്കെ ചിരിക്കും. നിരയൊത്ത പല്ലുകളില്‍ നിറം മങ്ങിയ ഒന്നിനെ തിരിച്ചറിഞ്ഞ് അതവള്‍ തന്നെയെന്ന് ഉറപ്പു വരുത്തും. കുറ്റവും കുറവും കണ്ടുപിടിക്കലാണ് അടുത്ത പരിപാടി. പഴയ രാധാസ് സോപ്പിന്റെ മണമൊക്കെ പോയി ചെക്കന്‍ ഇപ്പൊ വല്യ പെര്‍ഫ്യൂം കുമാരനായി. ആരെ കാണിക്കാനാ ഈ വേഷം കെട്ടലൊക്കെ? ആരെക്കുറിച്ചെഴുതിയതാ ആ കവിത? ഗള്‍ഫിലും ഇവിടത്തെപ്പോലെ ബസ് സര്‍വീസുണ്ടോ? സ്ത്രീകള്‍ മുന്‍സീറ്റിലാണോ ഇരിക്കുക? അറബിനാടാണ്. വെറുതേ കുരുത്തക്കേടൊന്നും ഒപ്പിക്കല്ലേ കുരുത്തങ്കെട്ടോനേ....
പേര്‍ഷ്യക്കാരാ സ്വര്‍ണവാച്ചൊക്കെ കെട്ടി നടക്കാന്‍ നാണമില്ലേ നിനക്ക് എന്ന് ഒരു സ്വപ്നത്തില്‍ അവള്‍ ചോദിച്ചതിനുശേഷം കുറേക്കാലത്തേയ്ക്ക് വാച്ചുപേക്ഷിച്ചു.
എത്രയോ കുറി ആവര്‍ത്തിക്കപ്പെട്ട സ്വപ്നം. ഇനിയും കാണുമായിരിക്കും.
മുട്ടൊപ്പം പൂഴ്ന്നുപോകുന്ന മണലുണ്ടായിരുന്നു അമ്പലപ്പറമ്പില്‍. ഓടിത്തൊട്ടു കളിക്കുമ്പോഴാണ് കാലുകളില്‍ മണല്‍ പിടി മുറുക്കുക. പെട്ടെന്നു കുഴഞ്ഞു പോകും. പല രാത്രികളിലും ദു:സ്വപ്നങ്ങള്‍ എന്നെ ഓടിച്ചിട്ടു പിടിച്ചിട്ടുള്ളത് പഞ്ചസാരയുടെ നിറവും കുട്ടിക്കാലത്തിന്റെ മധുരവുമുള്ള ആ കളിസ്ഥലത്തുവച്ചാണ്. മഴ വാരിയെടുത്തു കൊണ്ടുപോയ മണലിനു കീഴില്‍ ഉറച്ച അടിമണ്ണ് തെളിഞ്ഞിട്ട് കാലമേറെയായി.
ഒരേ തിരക്കഥകൊണ്ടാണ് ദു:സ്വപ്നങ്ങളെല്ലാം ചിത്രീകരിക്കുക പതിവ്. കഥാപാത്രങ്ങള്‍ മാത്രം മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഉറക്കെ തെറിപറഞ്ഞുകൊണ്ട് ഓടി വരുന്ന മദ്യപിച്ച ഒരു നായ്ക്കൂട്ടമാകും. അല്ലെങ്കില്‍ ബ്രേക്കുപൊട്ടി ഹോണടിച്ചു വരുന്ന കൊമ്പനാന. അതുമല്ലെങ്കില്‍ ഡ്രൈവറില്ലാതെ ചിന്നം വിളിച്ച് പാഞ്ഞുവരുന്ന ചുവന്ന ചായമടിച്ച, ദുര്‍മുഖമുള്ള വാഹനം. പൂഴിമണലിലൂടെ ഓടിയോടി കാലുകള്‍ കുഴയും. ഉണരുമ്പോള്‍ വിയര്‍ത്തു കുളിച്ചിട്ടുണ്ടാവും.
നിര്‍ത്താതെയുള്ള ഓട്ടങ്ങള്‍. സ്നേഹത്തിന്റെ അറ്റങ്ങള്‍ കൂട്ടിക്കെട്ടാനുള്ള വിഫലശ്രമങ്ങള്‍. അവ‍ സ്വപ്നങ്ങളിലേയ്ക്ക് സംക്രമിക്കുന്നതുകൊണ്ടാവാം, ഓടിത്തളരുന്ന ഒരു ദുസ്വപ്നം പോലുമില്ലാതെ ഉറക്കത്തിന്റെ വെള്ളിത്തിര കെടില്ല എന്ന നിലയിലേയ്ക്ക് ജീവിതത്തെ എത്തിച്ചത്!

23 comments:

അനിലൻ said...

പഞ്ചസാരയുടെ നിറവും കുട്ടിക്കാലത്തിന്റെ മധുരവുമുള്ള ആ കളിസ്ഥലങ്ങള്‍

ദേവസേന said...

അഛന്‍, മിനി, മരണം, സ്വപ്നങ്ങള്‍..
നീയിടക്കിടെ നാട്ടില്‍ പോകുന്നത് നല്ലതാണു.

മരണപ്പെടാത്തതു കൊണ്ടാണോ എന്നെ സ്വപ്നം കാണാത്തത്??

പിന്നെയാ നോവലെന്തായിന്ന് ഒരാള്‍ എന്നോടിപ്പോള്‍ തന്നെ ചോദിച്ചതേയുള്ളൂ..

ഞാന്‍ ഇരിങ്ങല്‍ said...

സുഖമുള്ള വായന. വേദനിപ്പിക്കുന്നതും. വാക്കുകള്‍ കൂട്ടിക്കെട്ടുമ്പോള്‍ അനില്‍ കാണിക്കുന്ന സൌന്ദര്യം കവിതകളിലേതു പോലെ മധുരം നല്‍കുന്നു.

മിനി പലപ്പോഴും പല സ്വപ്നങ്ങളിലും കടന്നു വരുന്ന കഥാപാത്രമാണെനിക്കും. എം. ടിയുടെ കഥയിലെ സുമിത്രയെപ്പോലെ പലപ്പോഴും എനിക്ക് നിറയെ സംസാരിക്കാന്‍ സാധിക്കുന്ന ഒരു കഥാപാത്രം ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.

ഇതു പോലെയല്ലെങ്കിലും ഞാനും ഇതിനിടെ വിചിത്രമായ ഒരു സ്വപ്നം കണ്ടു.
20 വര്‍ഷം മുമ്പ് മരിച്ച് പോയവരെ ഞാന്‍ സ്വപ്നം കണ്ടു. (പിന്നീട് ഒരു പോസ്റ്റാക്കാം അത്).

അച്ഛന്‍റെ സ്നേഹം അനില്‍‍ ഏറെ ആഗ്രഹിക്കുന്നതായി എഴുത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷെ നമ്മുടെ കവികളില്‍ പലരും അമ്മ എന്ന ബിംബ വല്‍ക്കരിക്കപ്പെട്ട സ്നേഹത്തിന് പുറകെ പോകുമ്പോള്‍ അച്ഛന്‍റെ സ്നേഹം കാണാതെ പോകാറുണ്ട് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

എഴുത്തിലെ ആത്മാര്‍ത്ഥതയും സുന്ദരമായ എഴുത്തും (താങ്കളുടെ എഴുത്തു രീതിയെ ‘സ്നേഹമുള്ള എഴുത്ത്’ എന്ന് വിളിക്കാനാണെനിക്കിഷ്ടം) സുഖദമായ വായനയ്ക്കും ഗൃഹാതുരയ്ക്കും വളമിടുന്നു.
ഒരു കുറവായി തോന്നിയത് നമ്മള്‍ എപ്പോഴും നിരയൊത്ത പല്ലുള്ളവരെ മാത്രമേ സ്വപ്നം കാണുന്നുള്ളൂ എന്നതാണ്.

സുഖമുള്ള വായന നല്‍കിയതിന് നന്ദി.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

അനില്‍,
കുറിപ്പ് മനോഹരം.ഭാഷയുടെ വഴക്കം അനുഗ്രഹീതം.ചിലരുടെ സ്വപ്നങളിലെങ്കിലും കയറിക്കൂടാന്‍ ഒന്നു ചത്തു കിട്ടിയെങ്കിലെന്നു ചിലപ്പോള്‍ കൊതിയ്ക്കാറുണ്ട്.

സ്നേഹപൂര്‍വ്വം.
ശ്രീസൂര്യ.

Kaithamullu said...

മറഞ്ഞുപോയവര്‍ വിരുന്നുപാര്‍ക്കാന്‍ വരുന്ന ഇടം- തലക്കെട്ടിലെ കവിത പോസ്റ്റിലുടനീളം!

നല്ലൊരു വായനക്ക് നന്ദി!

സുല്‍ |Sul said...

സ്വപ്നങ്ങളിലൂടെ ഒരു സ്വപ്നയാത്ര നന്നായി ആസ്വദിച്ചു.
-സുല്‍

Anonymous said...

ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത സ്നേഹത്തോടെ ചിരിക്കും. നാട്ടുനടപ്പുള്ള പരിഭ്രമം കൊണ്ടുള്ള മുന്‍കരുതല്‍ മാത്രമാണ് അച്ഛന്റെ സ്നേഹരാഹിത്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നുമില്ല.

ദാ ഞാനും ഒരച്ഛനെ കാണുന്നു....
ചാരായം കുമ്മുന്ന ചുണ്ടുകള്‍ കൊണ്ട് കവിളില്‍ ഉമ്മ വയ്ക്കുന്നത്...ഹാ!!(നിരന്തരം സ്നേഹത്തിന്റെ മണവുമായി വരുന്നത്.)


ഉറക്കെ തെറിപറഞ്ഞുകൊണ്ട് ഓടി വരുന്ന മദ്യപിച്ച ഒരു നായ്ക്കൂട്ടമാകും. അല്ലെങ്കില്‍ ബ്രേക്കുപൊട്ടി ഹോണടിച്ചു വരുന്ന കൊമ്പനാന. അതുമല്ലെങ്കില്‍ ഡ്രൈവറില്ലാതെ ചിന്നം വിളിച്ച് പാഞ്ഞുവരുന്ന ചുവന്ന ചായമടിച്ച, ദുര്‍മുഖമുള്ള വാഹനം.
ഇതു കൊള്ളാം ട്ട..വൈരുദ്ധ്യങ്ങള്‍...ആഹ...

നജൂസ്‌ said...

നോവലായിരിക്കുമെന്ന്‌ കരുതിയ അനിലാ ഓടികിതച്ചെത്തിയത്‌.. എന്നാലും നിരാശയാക്കിയില്ല. പലപ്പോഴും കിനാക്കെളെന്നെയും പഞ്ചാരമണലില്‍ ഓടിച്ചിട്ട്‌ പിടിച്ചിട്ടുണ്ട്‌. ആസ്വദിച്ച്‌ വായിക്കുമ്പോള്‍ അച്ചന്റെ ഉമ്മയുംഓടിയെത്തുന്നു.

നന്മകള്‍

നജൂസ്‌ said...
This comment has been removed by the author.
420 said...

ഒരാവശ്യവുമില്ലാതെ,
മാനംമുട്ടുന്ന ഒരു കെട്ടിടത്തില്‍ കയറിപ്പറ്റി
അതിന്റെ പാരപ്പെറ്റിലൂടെ ഓടുമ്പോള്‍
താഴേക്കു പറന്ന്‌
ഞാന്‍ മരിക്കുന്ന സ്വപ്‌നം ഓര്‍മിപ്പിച്ചു
ഈ കുറിപ്പ്‌.
ശക്തം, ഗംഭീരം.

Pramod.KM said...

ഓര്‍മ്മകള്‍ വിലമതിക്കാനാവാത്തതാണ്.

ശ്രീ said...

വളരെ നല്ലൊരു പോസ്റ്റ് മാഷേ...

വളരെ വ്യത്യസ്ഥതയോടെ കാണാറുള്ളതും തുടര്‍ച്ചയായി കാണാറുള്ളതുമായ പല സ്വപ്നങ്ങളും ഓര്‍ത്തു.

നല്ല എഴുത്തും...
:)

[ nardnahc hsemus ] said...

കിട്ടാതെപോയ സ്നേഹത്തിന്റെ ആ വിങ്ങലുകള്‍ വരികളില്‍ തൊട്ടറിയാനാവുന്നുണ്ട്..

പിന്നെ, ഇപ്പോള്‍ നമ്മളും അച്ഛന്മാരാണ്.. മറക്കണ്ട.. കുട്ടികളോട് ഒന്നും കടം പറയേണ്ട.. :)

----------------------------

നോവലെവിടെ?

Sharu (Ansha Muneer) said...

ആത്മാര്‍ത്ഥതയുള്ള എഴുത്ത്. സ്വപ്നത്തിലെങ്കിലും അവരെ കാണാമല്ലോ. മറഞ്ഞുപോയവരുടെ സ്നേഹം അറിയാനാകുന്നുണ്ടല്ലോ... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ തലക്കെട്ടാണ് ഏറ്റവും ഇഷ്ടമ്മായത്

siva // ശിവ said...

അസൂയ തോന്നുന്നു...ഈ സ്വപ്നം കണ്ടിട്ട്...എത്ര നാളായി ഞാനും കൊതിക്കുന്നു ഇങ്ങനെയൊരു സ്വപ്നം കാണാന്‍...

ദിലീപ് വിശ്വനാഥ് said...

സുഖമുള്ള വാ‍യന... പക്ഷെ... മനസ്സില്‍ എന്താ ഒന്നു കോറിപ്പോയത്? ഓര്‍മ്മകളുടെ മുള്ളുരഞ്ഞ ചെറിയ ഒരു നീറ്റലും..

അനിലൻ said...

എല്ലാര്‍ക്കും നന്ദി.
ദേവസേന, സുമേഷ് : നോവല്‍.. എന്താണാവോ കിടന്നു മുടന്തുന്നു. ശരിയാവുമായിരിക്കും.

lost world said...
This comment has been removed by the author.
lost world said...

നീ ഉറക്കത്തിലും സ്വപ്നം കാണാന്‍ തുടങ്ങിയോ... :)സ്വപ്നങ്ങള്‍ കുഴപ്പമില്ല,പക്ഷേ ഇതിപ്പോ ഓര്‍മകളുടെ തന്നെ രൂപാന്തരമാവുന്നല്ലോ.
ആ വിശാലമനസ്കനൊക്കെ കാണും പോലെ സ്വപ്നം കണ്ടൂടേ നിനക്ക്

കൃഷ്ണപ്രിയ. said...

ഏതുറക്കത്തിലാണ് അനിലേട്ടാ കൃഷ്ണന്‍ വന്നു ഉമ്മ വച്ചു പോയതു ഈ വിരലുകളെ...?

aneeshans said...

കൃഷ്ണാ ...

Unknown said...

നാമിരുന്ന് സംസാരിക്കാറുള്ള ഇടങ്ങള്‍ വാക്കില്‍ എങ്ങനെ തെളിയുന്നു എന്നു കാണാനെത്തിയതാണ്..നല്ല രസം..