Thursday, November 1, 2012

വായനയുടെ തട്ടിൻപുറം

ഏങ്ങണ്ടിയൂരെ അമ്മായിയുടെ വീട്ടിലേയ്ക്ക് സ്കൂളവധിക്ക് പാർക്കാൻ പോകുമായിരുന്നു. നാട്ടുമാവുകളും കശുമാവുകളും നിറഞ്ഞ്, കുറച്ചുയർന്ന പറമ്പിന്റെ നടുവിൽ തട്ടിൻപുറമുള്ള വീടാണ് അമ്മായിയുടേത്. പറമ്പിന്റെ മൂന്നു വശവും പാടം. പടിഞ്ഞാറെ പാടത്തിനപ്പുറം നിരക്കെ കൂർക്കയും പയറും കൊള്ളിയും നട്ട കുന്നിൻപുറം. കുന്നിൻപുറത്തെ ഓലക്കുടിലിൽ ഒറ്റയ്ക്കു താമസിക്കുന്ന ഒരമ്മാമ്മ. അമ്മായിയുടെ കൂടെ ഇടയ്ക്ക് ആ അമ്മാമ്മയെ കാണാൻ പോകും. ഭയം കലർന്ന ഒരു സന്തോഷമുണ്ടാകും അവിടെ ചെല്ലുമ്പോൾ. ഒരു മന്ത്രവാദിനിയെപ്പോലെ എന്തൊക്കെയോ പിറുപിറുത്ത് മുറ്റത്തെല്ലാം ധൃതിപ്പെട്ടെന്തെങ്കിലും ചെയ്യുകയാവും അപ്പോഴെല്ലാം അവർ. മുറ്റത്തെ പേരമരത്തിൽനിന്ന് പേരയ്ക്ക പൊട്ടിച്ചു തരും. ഒറ്റയ്ക്ക് എത്രയോ കാലമായി അവരവിടെ താമസിക്കുന്നു. മക്കളില്ല, പറമ്പിൽ കൃഷി ചെയ്തും ഉറക്കെ പാട്ടുകൾ പാടിയും കശുമാവിൻ ചുവട്ടിലെ ചവറടിച്ചു വാരിയും അവർ ഏകാന്തതയെ തോൽപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന് ഇപ്പോൾ മനസ്സിലാകുന്നു. അമ്മായിയുടെ വീടിന്റെ തട്ടിൻപുറത്ത് ചെറുമേശയോളം ഉയരമുള്ള ഒരു മരപ്പെട്ടിയുണ്ട്. അതിനു പിന്നിൽ ചമ്രം പടിഞ്ഞിരുന്ന് ചെറിയ ജനാലയിലൂടെ വരുന്ന മങ്ങിയ വെളിച്ചത്തിൽ എപ്പോഴും എന്തെങ്കിലും വായിക്കുകയോ എഴുതുകയോ ചെയ്യുന്നുണ്ടാകും അമ്മായിയുടെ രണ്ടാമത്തെ മകൻ ബാലകൃഷ്ണേട്ടൻ. ചെറുപ്പത്തിലേ ആശാരിപ്പണി ചെയ്യാൻ തുടങ്ങിയ ആളാണ്, മുടങ്ങാതെ പണിക്കു പോകുമായിരുന്നു, നല്ല കണക്കും കൈപ്പാങ്ങും. ആരോ കൈവിഷം കൊടുത്തു, അതിനുശേഷം തട്ടിൻപുറത്തുനിന്ന് അധികം താഴെ ഇറങ്ങാറില്ല എന്ന് അമ്മായി ഇടയ്ക്കിടെ കരയും. ബാലകൃഷ്ണേട്ടൻ കഥയെഴുതുമായിരുന്നു. ഒരു കഥ ആരൊക്കെയോ ചേർന്ന് സിനിമയാക്കാൻ തീരുമാനിച്ചു. സ്ക്രിപ്റ്റെഴുതാൻ വീട്ടിൽനിന്നു പോയി ഏതോ ലോഡ്ജിൽ താമസിച്ചു. കൂട്ടുകാർക്കൊപ്പം മദ്യപാനവും എഴുത്തും. ആ കഥ സിനിമയായില്ല. കുറേ നാളുകൾക്കു ശേഷം താടിയൊക്കെ വളർന്ന്, മുഷിഞ്ഞ വസ്ത്രങ്ങളുടുത്ത് ഒരു രാത്രി വീട്ടിൽ വന്നു, തട്ടിൻപുറത്തു കയറി. പിന്നെ താഴെയിറങ്ങിയില്ല. തട്ടിൻപുറത്തേക്കുള്ള മരക്കോണി കയറിച്ചെല്ലുമ്പോൾ പൂച്ചയുടേതുപോലെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളിറുക്കി ചിരിക്കും. ¬¬¬അക്കൊല്ലം വിവിധ മാഗസിനുകളിൽ വന്ന കഥകൾ കോളങ്ങളായി വെട്ടിയെടുത്ത് പട്ടത്തിന്റെ വാലുപോലെ കൂട്ടിയൊട്ടിച്ച് റോൾ ചെയ്തു വച്ചിട്ടുള്ളത് വായിക്കാനായി എടുത്തു തരും. പായ നെയ്യാനുള്ള കൈതോലത്തഴ ചുറ്റി വെയിലത്ത് ഉണക്കാനിടുന്ന രൂപത്തിലാണത്. ചുരുട്ടിയെടുത്ത ഒരു കഥാചക്രം. ഒരറ്റത്തുനിന്ന് ചുരുളഴിയുന്ന വിസ്മയങ്ങൾ, സങ്കടങ്ങൾ, സന്തോഷങ്ങളും ഭയവും. മരപ്പെട്ടിക്കു മുകളിൽ കൈകൾ കുത്തി ആഹ്ലാദത്തോടെ ബാലകൃഷ്ണേട്ടൻ ചിരിക്കും. ബീഡി വലിക്കും. താഴെ കൊണ്ടുപോയി വായിച്ചോളാൻ പറയും. ചിത്രകഥകളുമുണ്ടാകും, ഓരോ ആഴ്ചയിലെയും ചിത്രകഥകൾ ഏതെങ്കിലും പുസ്തകത്തിൽ ക്രമത്തിൽ ഒട്ടിച്ചു വച്ച് ഒരു ചിത്രകഥാപുസ്തകം. വായന തുടങ്ങുന്നതവിടെനിന്നാണ്. ബാലകൃഷ്ണേട്ടൻ പിന്നീട് വീടു വിട്ടുപോയി. വാടകവീടുകളിലും ലോഡ്ജുകളിലുമായി താമസം. ഷാർജയിൽനിന്ന് അവധിയ്ക്കു നാട്ടിലെത്തുമ്പോൾ വാടാനപ്പള്ളിയിലോ തൃപ്രയാറോ ഒക്കെ വച്ചു കാണാറുണ്ട്. ഒരു ചുവന്ന തോൾബാഗുമിട്ട് മുഷിഞ്ഞ വസ്ത്രമുടുത്ത് അലയുകയായിരിക്കും. ചോദ്യങ്ങൾക്കൊരു കഷണം ചിരിയോ ഒരു മൂളലോ ഉത്തരമായി കിട്ടും. മുളങ്കുന്നത്തുകാവിലെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൂന്നാം ദിവസം തിരിച്ചറിയപ്പെട്ട അനാഥജഡമായി അവസാനിച്ചു ആ ഏകാന്ത ജീവിതം.

Saturday, August 1, 2009

ഡില്‍ഡോ പ്രകാശനം

നിങ്ങളുടെ വായനയിലും പുസ്തക അലമാരയിലും പുതിയതെന്തെങ്കിലും വേണമെന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതാ ഒരു പുതിയ വായനാനുഭവം. മലയാളനോവല്‍ ചരിത്രത്തിലെ ഏറ്റവും പുതിയ മിടിപ്പുകളുമായി ഒരു പുസ്തകം.

ഡില്‍ഡോ
(ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം)
ദേവദാസ്. വി.എം.

ബുക്ക് റിപ്പബ്ലിക് - പുതിയ വായനയുടെ ആകാശങ്ങളിലേയ്ക്കുള്ള ചിറക്.




പുസ്തകം ഇവിടെനിന്നു വാങ്ങുക http://lapudabook.com/bookrepublic/bookacopy.php

Tuesday, April 14, 2009

സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും



ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :


- കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍. - ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.-
ഇന്ത്യന്‍ പൊതുമേഖലയെ ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.-
60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.-
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍- മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.-
പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ- കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെതീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍. -
പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ്-വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.- സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലുംപൊതുമേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ്നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.-
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളുംതകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നുംപാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനിഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.-
തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനുംതൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണംനടത്തുമെന്നും പ്രഖ്യാപിക്കാന്‍. -
ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.-
കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.-
സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത്സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin
പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Thursday, April 2, 2009

ചുവപ്പു കാറ്റ്




ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക!

Saturday, March 28, 2009

രണ്ടു പേരുകള്‍

വീടുകള്‍ക്കുമേലെ ചാഞ്ഞു നില്‍ക്കുന്ന ചമ്പത്തെങ്ങുകള്‍ക്കു കമ്പിവലിച്ചു കെട്ടലായിരുന്നു ഉസ്മാനിക്കയുടെ പ്രധാനജോലി. സൈക്കിള്‍ റിമ്മില്‍ വലയുറപ്പിച്ച് പുഴയില്‍നിന്ന് ഞണ്ടുകളെ പിടിക്കാന്‍ മിടുക്കനാണ്. ചുമടെടുക്കും. ഉന്തുവണ്ടി വലിക്കും. രമണന്‍ മന:പാഠമാണ്‌. ബാബുരാജിന്റെ പാട്ടുകളും മാപ്പിളപ്പാട്ടുകളും നന്നായറിയാം. കവിതയോ പാട്ടോ ഉറക്കെപ്പാടി കള്ളിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍, തെങ്ങു കെട്ടാനുള്ള കമ്പിച്ചുറ്റുമായി നാട്ടിലെ ഇടവഴികളിലെവിടെയെങ്കിലും ഉസ്മാനിക്കയുണ്ടാവും. ചിലപ്പോള്‍ തെങ്ങുകള്‍ നോക്കി ലക്ഷണം പറയും.


- ദേ.. ആ തെങ്ങ്‌ കെട്ടിക്കോട്ടാ.. അല്ലെങ്കിലീ കര്‍ക്കിടകത്തില്‌ അവന്‍ അടവനാ...

കെട്ടിയില്ലെങ്കില്‍ അത് അക്കൊല്ലത്തെ കാലവര്‍ഷത്തില്‍ കടപുഴകിയോ ഒടിഞ്ഞോ വീണിരിക്കും. തെങ്ങുകളുടെ ആരുബലവും വേരു ബലവും നോട്ടത്തിലേ അറിയാമായിരുന്നു മൂപ്പര്‍ക്ക്‌.
കഞ്ചാവടിച്ച്‌ പാട്ടും പാടി നടക്കുന്നതുകൊണ്ട്‌ ആരോ ഉസ്മാനിക്കയുടെ പേരു മാറ്റി.
'ലൂസ്മാന്‍'
പുതിയ പേര്‌ ഉസ്മാനിക്കയ്ക്ക്‌ വല്ലാതെ ഇഷ്ടപ്പെട്ടു. ഉസ്മാനേ എന്ന് തെറ്റി വിളിക്കുന്നവരോട്‌ മൂപ്പര്‍ തിരുത്തും. ഉസ്മാനല്ല, ലൂസ്മാന്‍.

ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ലൂസ്മാനിക്ക കിടപ്പിലാണെന്നറിഞ്ഞു. മൂപ്പര്‍ കഞ്ചാവടിച്ച്‌ തെങ്ങില്‍ കയറുകയായിരുന്നു. തെങ്ങിന്‍കുരലില്‍നിന്ന് ഒരണ്ണാന്‍ താഴേയ്ക്കും ഇറങ്ങുന്നുണ്ടായിരുന്നു. രണ്ടുപേരും തെങ്ങിന്റെ ഏകദേശം മദ്ധ്യഭാഗത്തു വച്ച്‌ കണ്ടുമുട്ടി.
ലൂസ്മാനിക്കയുടെ മൊഴിപ്രകാരം: അണ്ണാന്‍ വളരെ തിരക്കിലായിരുന്നു വന്നിരുന്നത്. തെങ്ങിലെ ചെത്തുകുടത്തില്‍ നിന്ന് കള്ളു കട്ടുകുടിച്ച്‌ ബോധമില്ലായിരുന്നു അതിന്. ബോധമുള്ള നമ്മള്‍ ശ്രദ്ധിക്കണ്ടേ!

വിനീതനും പ്രകൃതിസ്നേഹിയുമായതുകൊണ്ട്‌ ലൂസ്മാനിക്ക അണ്ണാന്‌ വഴിയൊഴിഞ്ഞു കൊടുത്തു. പിടിവിട്ട് താഴെ വീണു. വീഴ്ചയില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത തരത്തില്‍ പരിക്കേറ്റിരുന്നു.
പിന്നൊരിക്കല്‍ ലൂസ്മാനിക്കയെ കണ്ടു. റോഡരികിലെ പൊന്തയില്‍നിന്ന് കുറുന്തോട്ടി പറിച്ചെടുക്കുന്നു. അവശനായിട്ടുണ്ട്‌. വീഴ്ചയ്ക്കു ശേഷം തെങ്ങില്‍ കയറാറില്ല. ഇങ്ങനെയൊക്കെ കഴിഞ്ഞുകൂടുന്നു. കുശലം പറഞ്ഞു കഴിഞ്ഞപ്പോള്‍ ലൂസ്മാനിക്ക പറഞ്ഞു.

- ഡാ... നീയൊരമ്പത്‌ രൂപ താ. അല്ലെങ്കില്‍ എന്റെ കൂടെ വാ. കള്ള്‌ കുടിച്ചിട്ട്‌ കാലം കൊറേയായി. കൈയ്യില്‌ കാശ്‌ വേണ്ടേ!
- ഏത്‌ ഷാപ്പിലാ പൂവ്വാ ഉസ്മാനിക്കാ?
- നമ്മക്ക്‌ . 'സര്‍വാംഗമൈരന്റെ' ഷാപ്പീ പോകാം. ഇപ്പൊപ്പോയാ നല്ല കള്ള്ണ്ടാവും. കൊറേ കഴിഞ്ഞാ പൊടികലക്ക്യ വരവ്‌ കള്ളാവും കിട്ടാ.

നാട്ടിലെ കള്ളുഷാപ്പിന്റെ മാനേജര്‍ ഷര്‍ട്ടിടാതെയാണ്‌ ഷാപ്പിലിരിക്കുക. ദേഹം ചൊറിയുമത്രേ. നല്ലോണം തടിച്ച ശരീരം മുഴുവന്‍ രോമമാണ്‌. കറുത്ത്‌ ഏകദേശം രണ്ടിഞ്ച്‌ നീളത്തില്‍ സമൃദ്ധമായി വളര്‍ന്നങ്ങനെ നില്‍ക്കുന്നു. ഉള്ളിലൂടെ ഒരു ചെറിയ പാമ്പിഴഞ്ഞു പോവുകയാണെങ്കില്‍ രോമത്തലപ്പുകള്‍ ഇളകുമെന്നല്ലാതെ പാമ്പിനെ കാണാന്‍ കഴിയില്ല. അത്രയ്ക്ക്‌ മുറ്റിയ രോമം.
ആളുടെ പേരെന്താണെന്നറിയില്ല.

അല്ലെങ്കിലും എന്തിനാ വേറൊരു പേര്‌!

Monday, March 16, 2009

ഭയം സഞ്ചരിക്കുന്ന ഇടങ്ങള്‍

പൊട്ടത്തരം കാണിക്കാതിരിക്കൂ, ഇപ്പൊ നീ അവിടെപോവുകയാണെങ്കില്‍ ഒന്നുകില്‍ നിന്നെ പോലീസു പിടിക്കും. അല്ലെങ്കില്‍ എന്തെങ്കിലും അപകടമുണ്ടാവും.
ശിഹാബ്‌ ശാസിച്ചു.
വണ്ടിയുള്ളതല്ലേ വേണമെങ്കില്‍ ഒന്ന് പോയി നോക്കാമായിരുന്നു.
കൈതമുള്ള്‌ പറഞ്ഞു.
ഞാനെന്റെ കൈ വിരലുകള്‍ മണത്തുനോക്കി. വിരലുകളിലിപ്പോഴും പശുവിന്‍ നെയ്യിന്റെ മണമുണ്ട്‌. ഞാനെന്റെ വിരലുകള്‍ അവര്‍ക്കു നേരെ നീട്ടി പറഞ്ഞു.
മണത്തുനോക്കൂ... ചപ്പാത്തിയില്‍ പുരട്ടിയ നെയ്യിന്റെ മണം ഇപ്പോഴും എന്റെ കൈകളിലുണ്ട്‌. ഞാന്‍ സ്വപ്നം കണ്ടതല്ല.
നീ സ്വപ്നം കണ്ടതാണെന്നല്ല പറഞ്ഞത്‌. എന്റെ മനസ്സ്‌ പറയുന്നു ഇപ്പോള്‍ ഇനിയത്‌ നേരാണോ അല്ലേ എന്നൊക്കെ പോയി നോക്കുന്നത്‌ ശരിയല്ല എന്ന്. ഇനി പോയാല്‍ എന്തെങ്കിലും അപകടമുണ്ടാവും. എനിയ്ക്കുറപ്പാണ്‌.
വ്യാഴാഴ്ച രാത്രി. ബര്‍ദുബായില്‍ കൈതമുള്ള്‌ ശശിയേട്ടന്റെ വീട്ടില്‍ ശിഹാബുമൊത്ത്‌ പോയതാണ്‌. വേപ്പിലയും പച്ചമുളകുമിട്ട്‌ കാച്ചിയ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത കോഴി, മുളകിട്ട ചാള, തൊട്ടുതലോടിയിരിക്കാന്‍ തോന്നുന്നത്ര വടിവൊത്ത കുപ്പിയില്‍ വോഡ്‌ക...പതിവു കലാപരിപാടികള്‍ക്കിടയില്‍, ഏകദേശം പതിനൊന്നുമണിയായപ്പോള്‍ ഒരു ചങ്ങാതി അത്യാവശ്യമായി കാണണമെന്ന് പറഞ്ഞ്‌ വിളിച്ചു. പോയിട്ട്‌ വേഗം വരാമെന്നു കരുതിയാണ്‌ ഇറങ്ങിയത്‌. അവനെ കണ്ടു തിരിച്ചു പോരുമ്പോള്‍ വൈകി. നല്ല തണുപ്പുണ്ട്‌.
റോഡിനപ്പുറത്തെ നിശാക്ലബ്ബിനുള്ളിലെ പാട്ടും ബഹളവും റോഡ്‌ മുറിച്ചു നടന്നു വന്ന് ക്ഷണിച്ചു. വരൂ... ഒന്ന് തണുപ്പു മാറ്റി പോകൂ എന്നു പറഞ്ഞു.
സിഗരറ്റുപുകയുടെ മൂടല്‍മഞ്ഞു പെയ്യുന്ന, സുന്ദരികളും സുന്ദരന്മാരും തകര്‍ക്കുന്ന നിശാക്ലബ്ബിലിരുന്ന് നേരം പോയതറിഞ്ഞില്ല. പുറത്തിറങ്ങുമ്പോള്‍ മൂന്നുമണിയാകാറായിരുന്നു. ശശിയേട്ടന്റെ വീട്ടിലേയ്ക്ക്‌ തിരിച്ചു പോകാം എന്നു വിചാരിച്ചു നടന്നു.
ഇരുട്ടു നിറഞ്ഞ ഒരിടവഴിയിലൂടെ നടക്കുമ്പോള്‍ വഴിയരികില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു കാറിന്റെ ബോണറ്റില്‍ ചാരി ആരോ നില്‍ക്കുന്നു. പെട്ടെന്ന് ഭയന്നു പോയി. കണ്ണു പഴകിയപ്പോള്‍ മനസ്സിലായി. ഒരമ്മൂമ്മയാണ്‌. എഴുപതിനു മുകളില്‍ പ്രായമുണ്ടാകും. അഞ്ചടിയിലധികം ഉയരമില്ല. വല്ലാതെ ചടച്ച രൂപം. കറുപ്പില്‍ വെള്ള പുള്ളികളുള്ള മുഷിഞ്ഞ ഒരു തുണികൊണ്ട്‌ ശിരസ്സ്‌ മറച്ചിട്ടുണ്ട്‌. കൈയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍.
ഈ നേരത്ത്‌ ഇവരെവിടെപ്പോകുന്നു! ആകാംക്ഷ അടക്കാനായില്ല.
എന്തുപറ്റി? സുഖമില്ലേ? എങ്ങോട്ടാണ്‌ പോകേണ്ടതെന്ന് ഹിന്ദിയില്‍ ചോദിച്ചു.
നടന്നു ക്ഷീണിച്ചു, അമ്പലത്തില്‍ പോവുകയാണെന്ന് കുഞ്ഞേ എന്ന് മറുപടി പറഞ്ഞു.
ടാക്സിയില്‍ കയറ്റി പറഞ്ഞയക്കാമെന്നു പറഞ്ഞപ്പോള്‍ വിസമ്മതത്തോടെ അവര്‍ തലയാട്ടി. എന്നും നടന്നാണ്‌ പോകാറുള്ളതെന്നു പറഞ്ഞു. ഒറ്റയ്ക്ക്‌ പറഞ്ഞയക്കാന്‍ മനസ്സു വന്നില്ല. എന്നാല്‍ ഞാനും കൂടെ നടക്കാമെന്നു പറഞ്ഞു.
ഉത്തരേന്ത്യക്കാരിയാണ്‌ അമ്മൂമ്മ. പത്തുകൊല്ലമായി മകന്റെ കുടുംബത്തിന്റെ കൂടെ ബര്‍ദുബായില്‍ താമസിക്കുന്നു. മകന്‍ സ്വന്തമായി സ്പെയര്‍ പാര്‍ട്‌സ്‌ കട നടത്തുകയായിരുന്നു. കുറേനാളായി തളര്‍വാതം വന്ന് കിടപ്പിലാണ്‌ മകന്‍ എന്നു നടത്തത്തിനിടയില്‍ അവര്‍ പറഞ്ഞു.
നേരം പുലര്‍ന്നിട്ടല്ലേ അമ്പലം തുറക്കൂ ഇത്ര നേരത്തെ എന്തിനാണ്‌ പോകുന്നത്‌ എന്നു ചോദിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ അവര്‍ പറഞ്ഞു.
ഞാനെന്നും നേരത്തേ പോകും. ഞാന്‍ ചെന്നിട്ടേ അമ്പലം തുറക്കാറുള്ളൂ.
'കളര്‍ ഓഫ്‌ പാരഡൈസ്‌' എന്ന ഇറാനി സിനിമയിലെ അമ്മൂമ്മയുടെ ഛായയുണ്ടവര്‍ക്കെന്ന് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലെത്തിയപ്പോള്‍ തോന്നി.
നടന്നു നടന്ന് എനിയ്ക്ക്‌ കിതപ്പ്‌ തോന്നിത്തുടങ്ങിയിരുന്നു. എന്തായാലും നടന്നതല്ലേ ഇനിയിപ്പൊ അമ്പലം വരെ പോകാം എന്നു തീരുമാനിച്ചു. കാറിനരികില്‍ തളര്‍ന്നു നിന്നിരുന്ന അമ്മൂമ്മയല്ല എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ വേഗത്തിലായിരുന്നു അവര്‍ റോഡുകള്‍ മുറിച്ചു കടന്നിരുന്നത്‌. പലപ്പോഴും എനിയ്ക്ക്‌ വേണ്ടി അവര്‍ കാത്തു നില്‍ക്കുകയും ചെയ്തു. ഞാനവര്‍ക്കാണോ അവരെനിക്കാണോ കൂട്ടു പോകുന്നതെന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലായിരുന്നു അവര്‍ നടന്നത്‌. പോകുന്നവഴി ചില കെട്ടിടങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ അവയൊക്കെ എനിക്ക്‌ പരിചയപ്പെടുത്തുകയും ചെയ്തു.
അമ്പലത്തിലേയ്ക്കുള്ള വഴിയില്‍ കുറച്ചു നീങ്ങി ഒരു പാര്‍ക്ക്‌ ബെഞ്ചുണ്ടായിരുന്നു. അതിനടുത്ത്‌ കെട്ടി ഉയര്‍ത്തിയ ഒരിടത്ത്‌ ചെടികള്‍ നില്‍പ്പുണ്ട്‌. അതിനപ്പുറം ചെറിയ ഇടനാഴികളും പഴയ കെട്ടിടങ്ങളുമുള്ള അമ്പലവും പരിസരവും ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്നു. അവര്‍ കൈയ്യിലെ പ്ലാസ്റ്റിക്‌ സഞ്ചി തുറന്നു. ഒരു കടലാസു പൊതിയെടുത്തു. നാലഞ്ച്‌ ചപ്പാത്തിയായിരുന്നു പൊതിയില്‍. അവര്‍ ഒരു ചപ്പാത്തിയെടുത്ത്‌ ചെറിയ കഷണങ്ങളാക്കി താഴെ വിതറാന്‍ തുടങ്ങി. ബാക്കി ചപ്പാത്തി എന്റെ കൈയ്യില്‍ തന്ന് എന്നോടും അതുതന്നെ ചെയ്യാന്‍ ആവശ്യപ്പെട്ടു. രാവിലെ പറന്നെത്തുന്ന കിളികള്‍ തിന്നാനുള്ളതാണെന്ന് എന്റെ മുഖത്തെ ചോദ്യം കണ്ട്‌ അവര്‍ പറഞ്ഞു. പിന്നെ സഞ്ചിയില്‍നിന്ന് എന്തോ ധാന്യമെടുത്ത്‌ വിതറി. എന്നിട്ട്‌ പാര്‍ക്കു ബെഞ്ചില്‍ ഇരുന്നു.
ഞാനൊരു കഷണം ചപ്പാത്തി കടിച്ചു നോക്കി. പണ്ട്‌ അജ്‌മാനിലുണ്ടായിരുന്ന കാലത്ത്‌ ഗുജറാത്തി കാന്തിലാല്‍ ഉണ്ടാക്കാറുള്ളതുപോലെ നെയ്‌ പുരട്ടിയ ചപ്പാത്തി. നല്ല രുചി. ഞാനും ചപ്പാത്തി പൊട്ടിച്ച്‌ വിതറി.
റോഡിലൂടെ ഒരു നീല വെളിച്ചം പെട്ടെന്ന് മിന്നി മാഞ്ഞു. റോന്തു ചുറ്റുന്ന പോലീസ്‌ ജീപ്പ്പിന്റെ മുകളിലെ നീലവെളിച്ചം. എന്തുകൊണ്ടാണാവോ, പെട്ടെന്ന് എന്റെയുള്ളില്‍ ഒരാന്തലുണ്ടായി. ഞാന്‍ ഒറ്റയ്ക്കാണെന്ന തോന്നലില്‍ ഉള്ളിലേയ്ക്കൊരു തണുപ്പു കയറി.
തിരിഞ്ഞു നോക്കുമ്പോള്‍ പാര്‍ക്കുബെഞ്ചില്‍ അവരില്ല.
എവിടെപ്പോയി?
ഇത്ര വയസ്സായ ഒരാള്‍ക്ക്‌ അത്ര വേഗമൊന്നും അങ്ങനെ നടന്നു പോകാന്‍ കഴിയില്ല. ഞാന്‍ ചുറ്റും നോക്കി.
അമ്പലത്തിനെ ചുറ്റിയുള്ള പൂജാസാമഗ്രികളും ഭജനുകളും വില്‍ക്കുന്ന കടകള്‍ക്കിടയിലൂടെയുള്ള ഇടനാഴികളിലൊന്നിലൂടെ കുറച്ചു നടന്നു നോക്കി. നല്ല ഇരുട്ടാണ്‌. നിശ്ശബ്ദതയും. ഭയം തോന്നി പിന്മാറുമ്പോള്‍ മൊബൈല്‍ അടിച്ചു.
കൈതമുള്ളാണ്‌ അപ്പുറത്ത്‌.
എവിടെയാ നീ തെണ്ടിനടക്കുന്നത്‌? എന്ന ചോദ്യത്തിന്‌ ഞാന്‍ പറഞ്ഞ മറുപടിയില്‍ ഉറഞ്ഞുകിടന്ന തണുപ്പ്‌ തട്ടിയാവണം ശശിയേട്ടന്‍ പറഞ്ഞു.
ഇനി അവിടെ നില്‍ക്കണ്ട. വേഗം ഒരു ടാക്സി പിടിച്ച്‌ ഇങ്ങോട്ട്‌ വാ. അവന്‌ അലഞ്ഞുതിരിയാന്‍ കണ്ട നേരം.
ഇത്ര പെട്ടെന്ന് അവരെവിടെപ്പോയി മറഞ്ഞു?
ഒരു വാക്കുപോലും പറയാതെ പോയതെന്തേ!
ഫാന്റസിയായിരുന്നോ? ആയിരുന്നെങ്കില്‍ അവര്‍ കാണിച്ചു തന്ന എനിക്കു പരിചയമില്ലാത്ത കെട്ടിടങ്ങള്‍, മുസ്ലീം സ്ത്രീകള്‍ക്ക്‌ നിസ്കരിക്കാനുള്ള സ്ഥലവും മറ്റും അവിടെയുണ്ടെന്നത്‌ ശരിയാണെന്ന് കൈതമുള്ള്‌ ഉറപ്പിച്ചുതന്നതോ!
രാവിലെ പോയി നോക്കാമായിരുന്നു. കിളികള്‍ പ്രാതല്‍ കഴിഞ്ഞ്‌ ധാന്യമണികളോ ചപ്പാത്തിക്കഷണങ്ങളോ ബാക്കി വച്ചിട്ടുണ്ടെങ്കില്‍ കാണാമായിരുന്നു. പോയില്ല. ഉള്ളില്‍ ഉറഞ്ഞ ഭയത്തിന്റെ തണുപ്പുരുകാന്‍ രണ്ടുമൂന്നു ദിവസമെടുത്തു.

Saturday, November 15, 2008

നിന്ന നില്‍പ്പില്‍ കൈവെട്ടിയപോലെ ആ മരം (കുഴൂര്‍ വില്‍സന്‍)



ആ കുഞ്ഞിക്കിളി വെപ്രാളപ്പെട്ട്‌ ചില്ലയില്‍നിന്ന് ചില്ലയിലേയ്ക്ക്‌ പറന്നിരുന്നത്‌ ഇതിലായിരുന്നു.

പ്ലാന്റില്‍ ചപ്പില വീണു നിറയുന്നു, പണിക്കാര്‍ക്ക്‌ ചൂലു താഴെ വെയ്ക്കാന്‍ നേരമില്ലെന്ന് പറഞ്ഞ്‌ ഒരു ഡാഷ്‌ മോന്‍ ഓഫീസിനു പിന്നിലെ തണലുകളെല്ലാം ഒറ്റരാത്രികൊണ്ട്‌...


തുളസീ, ദസ്തക്കീര്‍, അനീഷ്‌... തളിരുകളുടെ ആത്മാവ്‌ തേടിനടക്കുന്നവരേ... ഈ കൊമ്പുകളില്‍ പൊടിച്ചുവരുന്ന പച്ചയുടെ പേരെന്താണ്‌?