Thursday, November 1, 2012

വായനയുടെ തട്ടിൻപുറം

ഏങ്ങണ്ടിയൂരെ അമ്മായിയുടെ വീട്ടിലേയ്ക്ക് സ്കൂളവധിക്ക് പാർക്കാൻ പോകുമായിരുന്നു. നാട്ടുമാവുകളും കശുമാവുകളും നിറഞ്ഞ്, കുറച്ചുയർന്ന പറമ്പിന്റെ നടുവിൽ തട്ടിൻപുറമുള്ള വീടാണ് അമ്മായിയുടേത്. പറമ്പിന്റെ മൂന്നു വശവും പാടം. പടിഞ്ഞാറെ പാടത്തിനപ്പുറം നിരക്കെ കൂർക്കയും പയറും കൊള്ളിയും നട്ട കുന്നിൻപുറം. കുന്നിൻപുറത്തെ ഓലക്കുടിലിൽ ഒറ്റയ്ക്കു താമസിക്കുന്ന ഒരമ്മാമ്മ. അമ്മായിയുടെ കൂടെ ഇടയ്ക്ക് ആ അമ്മാമ്മയെ കാണാൻ പോകും. ഭയം കലർന്ന ഒരു സന്തോഷമുണ്ടാകും അവിടെ ചെല്ലുമ്പോൾ. ഒരു മന്ത്രവാദിനിയെപ്പോലെ എന്തൊക്കെയോ പിറുപിറുത്ത് മുറ്റത്തെല്ലാം ധൃതിപ്പെട്ടെന്തെങ്കിലും ചെയ്യുകയാവും അപ്പോഴെല്ലാം അവർ. മുറ്റത്തെ പേരമരത്തിൽനിന്ന് പേരയ്ക്ക പൊട്ടിച്ചു തരും. ഒറ്റയ്ക്ക് എത്രയോ കാലമായി അവരവിടെ താമസിക്കുന്നു. മക്കളില്ല, പറമ്പിൽ കൃഷി ചെയ്തും ഉറക്കെ പാട്ടുകൾ പാടിയും കശുമാവിൻ ചുവട്ടിലെ ചവറടിച്ചു വാരിയും അവർ ഏകാന്തതയെ തോൽപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന് ഇപ്പോൾ മനസ്സിലാകുന്നു. അമ്മായിയുടെ വീടിന്റെ തട്ടിൻപുറത്ത് ചെറുമേശയോളം ഉയരമുള്ള ഒരു മരപ്പെട്ടിയുണ്ട്. അതിനു പിന്നിൽ ചമ്രം പടിഞ്ഞിരുന്ന് ചെറിയ ജനാലയിലൂടെ വരുന്ന മങ്ങിയ വെളിച്ചത്തിൽ എപ്പോഴും എന്തെങ്കിലും വായിക്കുകയോ എഴുതുകയോ ചെയ്യുന്നുണ്ടാകും അമ്മായിയുടെ രണ്ടാമത്തെ മകൻ ബാലകൃഷ്ണേട്ടൻ. ചെറുപ്പത്തിലേ ആശാരിപ്പണി ചെയ്യാൻ തുടങ്ങിയ ആളാണ്, മുടങ്ങാതെ പണിക്കു പോകുമായിരുന്നു, നല്ല കണക്കും കൈപ്പാങ്ങും. ആരോ കൈവിഷം കൊടുത്തു, അതിനുശേഷം തട്ടിൻപുറത്തുനിന്ന് അധികം താഴെ ഇറങ്ങാറില്ല എന്ന് അമ്മായി ഇടയ്ക്കിടെ കരയും. ബാലകൃഷ്ണേട്ടൻ കഥയെഴുതുമായിരുന്നു. ഒരു കഥ ആരൊക്കെയോ ചേർന്ന് സിനിമയാക്കാൻ തീരുമാനിച്ചു. സ്ക്രിപ്റ്റെഴുതാൻ വീട്ടിൽനിന്നു പോയി ഏതോ ലോഡ്ജിൽ താമസിച്ചു. കൂട്ടുകാർക്കൊപ്പം മദ്യപാനവും എഴുത്തും. ആ കഥ സിനിമയായില്ല. കുറേ നാളുകൾക്കു ശേഷം താടിയൊക്കെ വളർന്ന്, മുഷിഞ്ഞ വസ്ത്രങ്ങളുടുത്ത് ഒരു രാത്രി വീട്ടിൽ വന്നു, തട്ടിൻപുറത്തു കയറി. പിന്നെ താഴെയിറങ്ങിയില്ല. തട്ടിൻപുറത്തേക്കുള്ള മരക്കോണി കയറിച്ചെല്ലുമ്പോൾ പൂച്ചയുടേതുപോലെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളിറുക്കി ചിരിക്കും. ¬¬¬അക്കൊല്ലം വിവിധ മാഗസിനുകളിൽ വന്ന കഥകൾ കോളങ്ങളായി വെട്ടിയെടുത്ത് പട്ടത്തിന്റെ വാലുപോലെ കൂട്ടിയൊട്ടിച്ച് റോൾ ചെയ്തു വച്ചിട്ടുള്ളത് വായിക്കാനായി എടുത്തു തരും. പായ നെയ്യാനുള്ള കൈതോലത്തഴ ചുറ്റി വെയിലത്ത് ഉണക്കാനിടുന്ന രൂപത്തിലാണത്. ചുരുട്ടിയെടുത്ത ഒരു കഥാചക്രം. ഒരറ്റത്തുനിന്ന് ചുരുളഴിയുന്ന വിസ്മയങ്ങൾ, സങ്കടങ്ങൾ, സന്തോഷങ്ങളും ഭയവും. മരപ്പെട്ടിക്കു മുകളിൽ കൈകൾ കുത്തി ആഹ്ലാദത്തോടെ ബാലകൃഷ്ണേട്ടൻ ചിരിക്കും. ബീഡി വലിക്കും. താഴെ കൊണ്ടുപോയി വായിച്ചോളാൻ പറയും. ചിത്രകഥകളുമുണ്ടാകും, ഓരോ ആഴ്ചയിലെയും ചിത്രകഥകൾ ഏതെങ്കിലും പുസ്തകത്തിൽ ക്രമത്തിൽ ഒട്ടിച്ചു വച്ച് ഒരു ചിത്രകഥാപുസ്തകം. വായന തുടങ്ങുന്നതവിടെനിന്നാണ്. ബാലകൃഷ്ണേട്ടൻ പിന്നീട് വീടു വിട്ടുപോയി. വാടകവീടുകളിലും ലോഡ്ജുകളിലുമായി താമസം. ഷാർജയിൽനിന്ന് അവധിയ്ക്കു നാട്ടിലെത്തുമ്പോൾ വാടാനപ്പള്ളിയിലോ തൃപ്രയാറോ ഒക്കെ വച്ചു കാണാറുണ്ട്. ഒരു ചുവന്ന തോൾബാഗുമിട്ട് മുഷിഞ്ഞ വസ്ത്രമുടുത്ത് അലയുകയായിരിക്കും. ചോദ്യങ്ങൾക്കൊരു കഷണം ചിരിയോ ഒരു മൂളലോ ഉത്തരമായി കിട്ടും. മുളങ്കുന്നത്തുകാവിലെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൂന്നാം ദിവസം തിരിച്ചറിയപ്പെട്ട അനാഥജഡമായി അവസാനിച്ചു ആ ഏകാന്ത ജീവിതം.

2 comments:

വീകെ said...

ങൂം... അങ്ങനേയും ചിലർ.....!

Unknown said...

Nice