പഴയ ചില കടലാസുകള്‍ തിരയുമ്പോള്‍ ഒരു ഓണാശംസാക്കാര്‍ഡ് ഫയലില്‍ ഉറങ്ങുന്നതു കണ്ടു. പച്ചക്കാര്‍ഡില്‍ തെങ്ങോല, വിളറിയ ചന്ദ്രന്‍, കറുപ്പുകേറാന്‍ തുടങ്ങിയ ആകാശം പക്ഷികള്‍... സന്തോഷവും സമൃദ്ധിയുമുള്ള ഓണം ആശംസിച്ചുകൊണ്ട് ചെല്ലപ്പണ്ണന്റെ വിലാസത്തില്‍ നാട്ടിലെ ഒരു ബാങ്കിന്റെ പുനലൂര്‍ ശാഖയില്‍നിന്ന് ബാങ്കുമാനേജരുടെ ഒപ്പോടെ അയച്ചത്. എങ്ങനെയാണാവോ അതെന്റെ ഫയലിനുള്ളില്‍ കടന്നു കൂടിയത്. ഒരു പക്ഷേ ഇങ്ങനെയൊക്കെയാവും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന ചില സ്നേഹങ്ങള്‍ ഞാനിവിടെ ഉണ്ടായിരുന്നു എന്ന് സ്വയം പുറത്തുവരുന്നത്.
അജ്മാനില്‍ ഒരു ലേബര്‍ ക്യാമ്പിലെ മുറിയില്‍ മൂന്ന് ഇരുനിലക്കട്ടിലുകളിലൊന്നില്‍ താഴെ ചെല്ലപ്പണ്ണനും മുകളില്‍ ഞാനുമായി കുറേ നാള്‍ താമസിച്ചിട്ടുണ്ട്. കള്ളുകുടിച്ചു കഴിഞ്ഞാല്‍ പുരാവൃത്തങ്ങള്‍ പറയലായിരുന്നു പുനലൂര്‍ക്കാരന്‍ ചെല്ലപ്പണ്ണന്റെ വിനോദം. യക്ഷിയും പിശാചുക്കളും ആഭിചാരവും കാമവും പകയുമൊക്കെ നിറഞ്ഞ കഥകള്‍. കഥകളുടെ സമാപ്തിയില്‍ ചെല്ലപ്പണ്ണന്‍ യക്ഷിയെ പിടിച്ചു കെട്ടി വീട്ടില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. ആഴക്കിണറില്‍നിന്ന് വെള്ളം കോരി തന്നെ കുളിപ്പിക്കാനും ചോറു വച്ചു തരാനും ആജ്ഞാപിച്ചു. മന്ത്രം ജപിച്ചു പിശാചിനെ കുപ്പിയിലാക്കി അമ്പലക്കിണറില്‍ കൊണ്ടിട്ടു. തന്നില്‍ ഭ്രമിച്ച സ്ത്രീകളെ മരങ്ങളുടെ മറവിലോ ആളൊഴിഞ്ഞ ഇടങ്ങളിലോ കൊണ്ടുപോയി ഭോഗിച്ചു. തന്നെ എതിരിടാന്‍ വന്നവരെ മഹാമന്ത്രങ്ങളുപയോഗിച്ച് നശിപ്പിച്ചു.
കഥ പറയുമ്പോള്‍ ചെല്ലപ്പണ്ണന്‍ ദേഹാദ്ധ്വാനം ചെയ്തിട്ടെന്നപോലെ വിയര്‍ക്കുകയും കിതയ്ക്കുകയും ചെയ്തു. ഇടയ്ക്കിടെ കഥ നിര്‍ത്തി മുപ്പതാം നമ്പര്‍ ബീഡി വലിച്ചു. മന്ത്രങ്ങള്‍ ജപിച്ച് ഉറങ്ങാന്‍ കിടന്നു. എല്ലാ രാത്രികളിലും ഇടയ്ക്കിടെ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് കട്ടിലില്‍ എണീറ്റിരിക്കും. പറഞ്ഞു തീര്‍ന്ന കഥകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വപ്നത്തില്‍ തിരിച്ചു വന്നിട്ടുണ്ടാവും. അവര്‍ സ്വപ്നത്തില്‍ ചെല്ലപ്പണ്ണനൊപ്പം കിടന്നിട്ടുണ്ടാവും. രണ്ട് തട്ടുള്ള കട്ടില്‍ പാതിരാത്രികളിലെ സ്വയംഭോഗത്തിന്റെ അലകളില്‍ ഉലയാറുണ്ടായിരുന്നു.
ഒരു പതിനഞ്ചു കൊല്ലം മുന്‍പാണ്. അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഇത്രയ്ക്ക് വികസിച്ചിട്ടില്ല. ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്ന താഴ്‌ന്ന ഇടങ്ങള്‍. പാഴ്‌വസ്തുക്കള്‍ കൊണ്ടുനിറച്ച ചതുപ്പുകള്‍. ഉയര്‍ന്ന മണ്‍തിട്ടുകളില്‍ ചെറിയ മരങ്ങളും എരുക്കിന്‍ ചെടികളും നിലത്തു പടര്‍ന്ന ഒരുതരം പുല്ലുമാണ് ആകെയുള്ള പച്ചപ്പ്. ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക്
ഏറെ പ്രിയമാണ് ആ മരച്ചുവടുകളോട്. പേരറിയാത്ത ആ മരങ്ങളുടെ തണലുകള്‍ അവരെ സ്വന്തം ദേശത്തെ ഏറെപ്പരിചയമുള്ള ഏതെങ്കിലും ഇടങ്ങളുമായി കൂട്ടിയിണക്കുന്നു. വേനല്‍ രാത്രികളിലെ വേവ് സഹിക്കാനാകാതെ വീട്ടില്‍നിന്നുമിറങ്ങി ചങ്ങാതിമാരൊത്ത് ഉറക്കം വരുവോളം കഥകള്‍ പറഞ്ഞിരിക്കാറുള്ള സ്ഥലം, ഇഷ്ടമുള്ള ആരെയെങ്കിലും കാത്ത് നാഴികകളോളം മുഷിയാതെ ഇരുന്ന് കിനാവിന്റെ ചുറ്റുഗോവണികള്‍ കയറിപ്പോയ വൈകുന്നേരങ്ങള്‍... അങ്ങനെ പലതും.
ഒഴിവുദിനങ്ങളില്‍ അവര്‍ ആ മരങ്ങള്‍ക്കു ചുവട്ടിലിരുന്ന് ടേപ് റെക്കോര്‍ഡറുകളില്‍ തന്റെ പ്രണയവും സ്വപ്നങ്ങളും കുടുംബനടത്തിപ്പിനെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും രേഖപ്പെടുത്തി. കാസറ്റും ഈന്തപ്പനയുടേയോ കെട്ടിടങ്ങളുടേയോ പാര്‍ക്കിലെ പൂക്കളുടേയോ പശ്ചാത്തലത്തില്‍ പുതുതായെടുത്ത ഫോട്ടോയും തപാലിലയച്ചു. പരിഭവവും വിരഹവും വേദനകളും സന്തോഷവും നിറഞ്ഞ് തിരിച്ചുവരുന്ന കാസറ്റുകള്‍ കൊടുംവെയിലില്‍ ഉച്ചമയങ്ങുന്ന മരങ്ങളില്‍ ചാരിയിരുന്നു കേട്ടു. ക്യാമ്പിലെ ഭൂരിഭാഗം തെലുങ്കരും എഴുത്തുകളേക്കാള്‍ ആശ്രയിച്ചിരുന്നത് കാസറ്റുകള്‍ ആയിരുന്നു.
ചെല്ലപ്പണ്ണന്‍ സോഫാ പണിക്കാരനായിരുന്നു. അസാമാന്യമായ വേഗതയിലും വൃത്തിയിലും സോഫയുണ്ടാക്കും. അറബിക്കും മുറിയിംഗ്ലീഷും മാത്രമറിയുന്ന സിറിയന്‍ ഫോര്‍മാനോട് മലയാളത്തിലാണ് സംസാരിക്കുക. ഒരു ബുദ്ധിമുട്ടുമില്ലാതെ ചെല്ലപ്പണ്ണന്റെ മലയാളം ഫോര്‍മാനു മനസ്സിലാകുമായിരുന്നു. ഒരു ചെറുചിരിയോടെ അയാള്‍ ചെല്ലപ്പണ്ണന്റെ വര്‍ത്തമാനം കേട്ടു നില്‍ക്കും. എത്ര ക്ഷീണിച്ചാലും ഓവര്‍ടൈം ചെയ്തിട്ടേ മുറിയിലെത്തൂ. എത്ര മദ്യപിച്ചാലും ഒരു ദിവസം പോലും പണി മുടക്കുകയില്ല. ജോലി കഴിഞ്ഞു മുറിയിലെത്തിയാല്‍ കുളികഴിഞ്ഞ് പൂജകള്‍ തുടങ്ങുകയായി. ബദാമും മുന്തിരിയും വാഴപ്പഴവും ചിലദിവസങ്ങളില്‍ പായസവും പ്രസാദമായുണ്ടാവും. മുറിയിലാകെ ചന്ദനത്തിരിയും നെയ്യും മണക്കും.
ഒരു ദിവസം ജോലി കഴിഞ്ഞു വന്നതിനു ശേഷം ചെല്ലപ്പണ്ണന്‍ എന്നെ വിളിച്ചു. വല്ലാതെ വിവശനായിരുന്നു അയാള്‍.
എനിയ്ക്ക് നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണം. എന്റെ കൂടെ വരാമോ?
നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടു കിലോമീറ്ററോളം നടക്കണം. ബംഗാളി മസ്ജിദിന്റെ അടുത്ത് യൂക്കാലിമരച്ചുവട്ടില്‍ രണ്ട് ടെലഫോണ്‍ ബൂത്തുകളുണ്ട് ഒന്ന് നാണയമിട്ടു വിളിക്കുന്നതും മറ്റൊന്ന് കാര്‍ഡിട്ടു വിളിക്കുന്നതും. നടക്കുന്നതിനിടയില്‍ ഒരെഴുത്തെടുത്ത് എനിയ്ക്ക് വായിക്കാന്‍ തന്നു. എഴുതുമ്പോള്‍ കൈ വിറയ്ക്കുന്നതുകൊണ്ട് ചെല്ലപ്പണ്ണന്റെ വീട്ടിലേയ്ക്കുള്ള കത്തുകള്‍ എഴുതുന്നത് എന്റെ ജോലിയായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ വീട്ടുകാരേയും ഏറ്റവും അടുത്ത ബന്ധുക്കളേയും ചങ്ങാതിമാരേയും മന്ത്രവാദികളേയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും എനിയ്ക്ക് പരിചയമായിരുന്നു.
അയല്‍ക്കാരനും ആത്മസുഹൃത്തുമായ ഒരാള്‍ ചെല്ലപ്പണ്ണനു കൊടുത്ത ഒരു മുന്നറി
യിപ്പായിരുന്നു ആ എഴുത്ത്. ചെല്ലപ്പണ്ണന്റെ ഭാര്യ രുഗ്മിണിയും അനിയന്‍ സുകുമാരനുമായുള്ള ബന്ധത്തിന്റെ കഥകള്‍ നാട്ടില്‍ പ്രചാരത്തിലാവുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ്.
കഴിഞ്ഞ മാസം ചെക്കപ്പ് ചെയ്തപ്പൊ പ്രഷറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അവളുമായി വര്‍ത്തമാനം പറഞ്ഞ് പ്രഷറെങ്ങാനും കൂടി വഴിയില്‍ കിടന്നാല്‍.. അതാ നിന്നെ കൂട്ടിയത്. അവളെ ഞാന്‍ കുറ്റം പറയില്ല. ഒറ്റയ്ക്ക് അവള്‍ എന്തൊക്കെ ചെയ്യും? പാവം. എനിയ്ക്ക് രുഗ്മിണിയുടെ ശബ്ദമൊന്ന് കേള്‍ക്കണം. മോളുടേയും.
ഇടറിയ ശബ്ദത്തില്‍ ചെല്ലപ്പണ്ണന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ ഒന്നിലധികം മുനകളുള്ള ഒരാണി എന്റെ ഉള്ളിലൂടെ പാഞ്ഞു കയറി. ഫോണ്‍ ചെയ്തതിനു ശേഷം തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടെന്ന ഓര്‍മ്മപോലും നഷ്ടപ്പെട്ടായിരുന്നു അയാള്‍ നടന്നത്.
ആ എഴുത്തു വായിച്ചതിനു ശേഷം ചെല്ലപ്പണ്ണന് പെട്ടെന്ന് വാര്‍ദ്ധക്യം ബാധിച്ചു. മദ്യപാനത്തിനു ശേഷമുള്ള കഥ പറച്ചില്‍ നിന്നു. പണി സ്ഥലത്തും നിശ്ശബ്ദന്‍. മുറിയിലെത്തിയാല്‍ വേഗം ഭക്ഷണം കഴിച്ച് കട്ടിലില്‍ കയറിക്കിടക്കും. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളുള്ള കട്ടിലിന്റെ കരച്ചില്‍ എന്റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.പുനലൂരില്‍ റബ്ബര്‍ തോട്ടവും വാഴക്കൃഷിയുമുണ്ട് അയാള്‍ക്ക്. ഇരുപതു കൊല്ലം ഗള്‍ഫില്‍ അദ്ധ്വാനിച്ചുണ്ടാക്കിയത്. സുകുമാരനാണ് എല്ലാറ്റിന്റേയും മേല്‍നോട്ടം.
ഞാന്‍ നാട്ടിലേയ്ക്കു പോകുന്നു.
ഒരു ദിവസം ചെല്ലപ്പണ്ണന്‍ പറഞ്ഞു.
കമ്പനിയില്‍ കൊടുക്കാന്‍ നീ എനിയ്ക്ക് ഒരു എഴുത്തെഴുതിത്താ.
അതുതന്നെയാണ് നല്ലതെന്ന് എനിയ്ക്കും തോന്നി.
ഇരുപതു കൊല്ലത്തെ വിദേശവാസത്തിനു ശേഷം ഒരാള്‍ തിരിച്ചു പോവുകയാണ്. ഗള്‍ഫ് ജീവിതത്തില്‍ എന്താണ് ചെല്ലപ്പണ്ണന്റെ നേട്ടം? ഗള്‍ഫിലെത്തുമ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിയഞ്ച് വയസ്സ്. നാല്‍പതാം വയസ്സില്‍ വിവാഹം കഴിച്ചു. ഇരുപതു കൊല്ലത്തിനിടയില്‍ എട്ടു പ്രാവശ്യം നാട്ടില്‍ പോയി. ഒരു മകള്‍ ജനിച്ചു. മൊത്തം പതിനാറു മാസം നാട്ടില്‍ സ്വന്തക്കാരും ബന്ധുക്കളുമൊത്തുള്ള ജീവിതം. ബാക്കി ഇരുന്നൂറ്റി ഇരുപത്തിനാലു മാസം ഗള്‍ഫില്‍, ലേബര്‍ ക്യാമ്പില്‍ കുബ്ബൂസും കോഴിയും തിന്ന് കാസര്‍ക്കോട്ടുകാരന്‍ ശിവന്‍ സപ്ലൈ ചെയ്യുന്ന മണ്ണെണ്ണയോട് ചേര്‍ന്ന മണമുള്ള വ്യാജമദ്യം കുടിച്ച്, ഉറക്കം വരാത്ത പാതിരകളില്‍ സ്വയംഭോഗം ചെയ്ത് ജീവിച്ചു.
പുതുവെള്ളത്തില്‍ പുഴയില്‍നിന്ന് പാടങ്ങളിലേയ്ക്ക് കയറുന്ന ഏറ്റുമീന്‍ പിടിക്കാന്‍ ഈര്‍ക്കിലുപയോഗിച്ചുണ്ടാക്കുന്ന കുരുത്തി എന്ന ഒരു തരം നാട്ടുപകരണമുണ്ട്. കടന്നുപോകാനുള്ള ഇടം വിസ്താരമേറിയതും ചെന്നെത്തുന്ന ഇടം ഒരു തിരിച്ചു നീന്തലിനു സാധ്യമാക്കാത്തതുമായ ഘടനയുള്ള ഒന്ന്. അതില്‍ പെട്ടതുപോലെയാണ് പലര്‍ക്കും ഗള്‍ഫ് ജീവിതം. പെട്ടുപോകും.
വൈകിയാണെങ്കിലും കുരുത്തിയില്‍നിന്നും വഴുതി ചെല്ലപ്പണ്ണന്‍ തിരിച്ചു നീന്തി.
നാട്ടില്‍ ചെന്ന് ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ എനിയ്ക്ക് ഒരു കത്തു കിട്ടി. അവധിക്കു നാട്ടില്‍ ചെല്ലുന്നതും ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചു ചെല്ലുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഖേദത്തോടെയുള്ള എഴുത്ത്. പിന്നെയും കത്തുകള്‍ വന്നു. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ആ കത്തുകളില്‍ കബളിപ്പിക്കപ്പെട്ട ഏകാന്തനായ മൃഗമുണ്ടായിരുന്നു. അത് മുറുമുറുത്തു. ആകാശത്തേയ്ക്കു നോക്കി ഓലിയിട്ടു. പാറകളില്‍ നഖമുരച്ച് മൂര്‍ച്ച വരുത്തി. കണ്ണുനീരൊലിപ്പിച്ച് അലഞ്ഞലഞ്ഞ് അപരിചിതമായ വനഭൂമികളുടെ ഏകാന്തമാ
യ ചെരിവുകളില്‍ അണച്ചു കിടന്നു.
നാട്ടിലെത്തി അഞ്ചാമത്തെ മാസം, കുരുത്തിയില്‍നിന്നു തിരിച്ചു നീന്തിയ മീന്‍ പുതുവെള്ളം പിടിക്കാതെ മരിച്ചു.
ഇടയ്ക്കിടെ ലേബര്‍ ക്യാമ്പില്‍ വരാറുള്ള ചെല്ലപ്പണ്ണന്റെ നാട്ടുകാരനൊരാള്‍ പറഞ്ഞാണ് വിവരം അറിഞ്ഞത്. തോട്ടത്തില്‍ റബ്ബര്‍ഷീറ്റുകള്‍ സൂക്ഷിക്കാനുണ്ടാക്കിയ മുറിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു മൂന്നു വര്‍ഷത്തോളം ഓണത്തിനും വിഷുവിനും പുതുവര്‍ഷത്തിനും നാട്ടിലെ ഒരു ബാങ്കില്‍നിന്ന് ചെല്ലപ്പണ്ണന്റെ പേരില്‍ തെങ്ങോലയും ചന്ദ്രനും പറക്കുന്ന പക്ഷികളുമൊക്കെയായി, ഗ്രാമപ്രകൃതിയില്‍നിന്ന് വേറിട്ടു താമസിക്കുന്നവനെ പറ്റിക്കാനുള്ള ബിംബസമൃദ്ധി പതിച്ച ആശംസാക്കാര്‍ഡുകള്‍ വരുമായിരുന്നു. ആ ബാങ്കിലെ അക്കൗണ്ട് അദ്ദേഹം ക്ലോസ് ചെയ്തിട്ടുണ്ടായിരുന്നില്ല. ആ അക്കൗണ്ടില്‍ നിന്നായിരുന്നു സഹായമഭ്യര്‍ത്ഥിച്ച് എഴുതിയവര്‍ക്കെല്ലാം പണമയച്ചു കൊടുത്തിരുന്നത്. ആഭിചാരക്രിയകള്‍ നടത്തി തന്റെ ഭാര്യയെ തിരികെക്കിട്ടാന്‍ നാട്ടിലെ ഒരു ദുര്‍മന്ത്രവാദിയ്ക്ക് ദക്ഷിണ കൊടുത്തിരുന്നത്. പുനലൂരിലെ അദ്ദേഹത്തിന്റെ വീട്ടുവിലാസം അറിയാമായിരുന്നിട്ടും ആ അക്കൗണ്ടിനെക്കുറിച്ച് അവരെ ഒന്നറിയിക്കാന്‍ എനിയ്ക്കെന്തോ തോന്നിയില്ല.
*******
ചിത്രങ്ങള്‍ തപ്പിയെടുത്തു തന്നത് : സുമേഷ്