Saturday, November 15, 2008

നിന്ന നില്‍പ്പില്‍ കൈവെട്ടിയപോലെ ആ മരം (കുഴൂര്‍ വില്‍സന്‍)ആ കുഞ്ഞിക്കിളി വെപ്രാളപ്പെട്ട്‌ ചില്ലയില്‍നിന്ന് ചില്ലയിലേയ്ക്ക്‌ പറന്നിരുന്നത്‌ ഇതിലായിരുന്നു.

പ്ലാന്റില്‍ ചപ്പില വീണു നിറയുന്നു, പണിക്കാര്‍ക്ക്‌ ചൂലു താഴെ വെയ്ക്കാന്‍ നേരമില്ലെന്ന് പറഞ്ഞ്‌ ഒരു ഡാഷ്‌ മോന്‍ ഓഫീസിനു പിന്നിലെ തണലുകളെല്ലാം ഒറ്റരാത്രികൊണ്ട്‌...


തുളസീ, ദസ്തക്കീര്‍, അനീഷ്‌... തളിരുകളുടെ ആത്മാവ്‌ തേടിനടക്കുന്നവരേ... ഈ കൊമ്പുകളില്‍ പൊടിച്ചുവരുന്ന പച്ചയുടെ പേരെന്താണ്‌?

Saturday, October 11, 2008

കേരളത്തില്‍നിന്നും കൊണ്ടുവന്ന പേന


(സൗദി അറേബ്യയിലെ റിയാദില്‍നിന്നും പ്രസിദ്ധീകരിക്കുന്ന കേളി ത്രൈമാസികയുടെ വാര്‍ഷികപ്പതിപ്പ്‌ സംഘടിപ്പിച്ച ഗള്‍ഫ്‌ സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്‌. ഗള്‍ഫില്‍നിന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്ന കരുണാകരന്‍, സിതാര.എസ്‌, ബെന്യാമിന്‍, സഹീറാ തങ്ങള്‍, പി.ജെ.ജെ ആന്റണി, സുറാബ്‌ എനിവരുമുണ്ടായിരുന്നു ചര്‍ച്ചയില്‍. പഠിക്കുന്ന കാലത്തേ ഉത്തരമെഴുതാന്‍ അറിയാത്തതുകൊണ്ട്‌ ഞാന്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞിട്ടില്ല. മുഴുവന്‍ ചോദ്യങ്ങളും ബെന്യാമിന്റെ ബ്ലോഗില്‍ ഉണ്ട്. ലിങ്ക് ദേ ഇവിടെ ‌http://manalezhutthu.blogspot.com/2008/06/1_12.html.)


ചോദ്യം: ഗള്‍ഫ്‌ ജീവിതത്തെ കുടിയേറ്റമായാണോ പ്രവാസമായാണോ താങ്കള്‍ വിലയിരുത്തുന്നത്‌? വിശദീകരിക്കുമല്ലോ. പ്രവാസമെങ്കില്‍ (അത്‌ താങ്കളുടെ കാഴ്ചപ്പാടില്‍) കുടിയേറ്റമെങ്കില്‍ (അത്‌ താങ്കളുടെ കാഴ്ചപ്പാടില്‍) നിര്‍വചിക്കുമല്ലോ.

ഉത്തരം : അഞ്ചെട്ടുകൊല്ലം മുന്‍പാണ്‌, ഒരു ക്രിസ്തുമസ്‌ ആഘോഷത്തിന്‌ അജ്‌ മാനിലെ ലേബര്‍ക്യാമ്പിലുള്ള ഫിലിപ്പിനോകള്‍ ക്യാമ്പിനു പിന്നിലെ ചതുപ്പുകളില്‍ താവളമടിച്ച നായ്ക്കളുടെ കൂട്ടത്തിലുള്ള നവജാതരെ കൊന്ന് ഭക്ഷണമാക്കുകയുണ്ടായി. പിറ്റേന്നു മുതല്‍ അവിടെയുണ്ടായിരുന്ന മലയാളി താമസക്കാര്‍ ഫിലിപ്പിനോകളുമായുള്ള സഹവാസം നിര്‍ത്തി. എന്നോട്‌ ചങ്ങാത്തമുണ്ടായിരുന്ന ഫിലിപ്പൈന്‍സുകാരനായ പെയിന്റിംഗ്‌ ഫോര്‍മാന്‍ റോബര്‍ട്ടിനോട്‌ ഒരിക്കല്‍ വര്‍ത്തമാനത്തിനിടയ്ക്ക്‌ ഇത്‌ സൂചിപ്പിച്ചപ്പോള്‍ അവന്‍ എനിയ്ക്ക്‌ അവന്റെ നാടിന്റെ ചില ചിത്രങ്ങള്‍ കാണിച്ചു തന്നു. അഗ്നിപര്‍വതം പൊട്ടി ലാവയൊഴുകിയുറച്ച്‌ വിത്തിടാനാവാത്ത വയലുകള്‍. തന്റെ നാട്‌ അനുഭവിച്ചിട്ടുള്ള ഭക്ഷ്യക്ഷാമത്തിന്റെ ചിത്രം അയാളന്ന് വരച്ചു തന്നത്‌ ഓര്‍മ്മയുണ്ട്‌. വിശപ്പിന്റെ കഥകള്‍ക്ക്‌ എന്നും ഒരേ ഭാവുകത്വമായിരിക്കും. പട്ടിണിക്കാലത്ത്‌ ജീവന്‍ നിലനിര്‍ത്താന്‍ കയ്യില്‍ കിട്ടിയതിനെ കൊന്നു തിന്നുമ്പോള്‍ അനുഭവിക്കാന്‍ തുടങ്ങിയ ചില രുചികള്‍ ഓര്‍മ്മപ്പെടുത്തുന്നതാവണം ആഘോഷങ്ങളിലെ സദ്യവട്ടങ്ങളെന്ന് തോന്നിയിട്ടുണ്ട്‌.
ഇടയ്ക്കിടെ സജീവമായി തന്റെ ലാവകൊണ്ട്‌ വയലുകളെ മൂടുന്ന ഒരഗ്നി പര്‍വതം പോലും കേരളത്തിലില്ല. പണ്ടെന്നോ വീശിപ്പോയ കൊടുങ്കാറ്റുകള്‍, വെള്ളപ്പൊക്കം എന്നിവ ഒഴിച്ചാല്‍ താരതമ്യേന കൃത്യമായി മഴയും വെയിലും കിട്ടുന്ന ഭൂമി. വിഭവോപയോഗങ്ങളില്‍ ഭരണാധികാരികള്‍ കാണിക്കേണ്ട കാര്യസ്ഥതയുടെ ഇല്ലായ്മകൊണ്ടും ദീര്‍ഘവീക്ഷണത്തോടെയോ ഉല്‍പാദനപരമായോ അല്ലാത്ത ദ്രവ്യവിനിമയങ്ങള്‍കൊണ്ടും നട്ടെല്ലുതകര്‍ന്നു പോയ നാട്ടില്‍നിന്ന് കുറേക്കൂടി മെച്ചപ്പെട്ട ജീവിതം തേടി ലോഞ്ചുകളില്‍ അപകടകരമായി യാത്ര ചെയ്ത്‌ ഖോര്‍ഫക്കാന്‍ തീരത്ത്‌ നീന്തിക്കയറിയവനാണ്‌ ആദ്യകാല ഗള്‍ഫ്‌ മലയാളി. ഒരു വീട്‌, കൂടപ്പിറപ്പുകളുടെ വിവാഹം തുടങ്ങിയ സ്വപ്നങ്ങളുമായി വന്നവര്‍. സിലോണിലും മലയായിലുമൊക്കെ ഭാഗ്യം തേടിപ്പോയവന്റെ പിന്‍ തുടര്‍ച്ചക്കാരന്‍. എന്തിന്‌, തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിശാഖപട്ടണത്തും ബോംബേയിലുമൊക്കെ ഹോട്ടലുകളില്‍ ഗ്ലാസ്സു കഴുകിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഭാരം പേറിയും മില്ലുകളില്‍ തൊഴില്‍ ചെയ്തും കഴിയുന്ന അതേ മലയാളി തന്നെയാണ്‌ അവന്‍.

കഴുതപ്പുറത്ത്‌ തോല്‍ക്കുടങ്ങളില്‍ നിറച്ച്‌ കൊണ്ടുവരുന്ന കുടിവെള്ളം, തകരമോ പ്ലൈവുഡോ ഉപയോഗിച്ചുണ്ടാക്കിയ താമസപ്പുരകള്‍, അതിതീവ്രമായ കാലാവസ്ഥകള്‍... നാല്‍പതു കൊല്ലം മുന്‍പത്തെ ഗള്‍ഫ്‌ വാസത്തിന്റെ ഈ ചിത്രം കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പോരടിച്ച്‌ കൃഷിയിറക്കിയ കിഴക്കന്‍ മലകളിലെ കുടിയേറ്റമലയാളിയുടെ വിവര്‍ത്തനമാണ്‌. അതുകൊണ്ട്‌ മലയാളിയുടെ ഗള്‍ഫ്‌ വാസത്തെ കുറിക്കാന്‍ സാമ്പത്തിക അഭയാര്‍ത്ഥിത്വം എന്ന വാക്ക്‌ ഉപയോഗിക്കുകയാവും ഉചിതമെന്നു തോന്നുന്നു.

ചോദ്യം: എഴുത്തില്‍ ഗള്‍ഫ്‌ ജീവിതം, ഇവിടെനിന്നുള്ള രൂപകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടോ? ടി.വി. കൊച്ചുബാവ ഗള്‍ഫ്‌ തന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്ന് പറയുകയുണ്ടായി. ഈ നൂറ്റാണ്ടിലും ഗള്‍ഫ്‌ ജീവിതം തുടരുന്ന ഒരു എഴുത്തുകാരന്‍/എഴുത്തുകാരി എന്ന നിലയില്‍ വര്‍ഷത്തില്‍ 335 ദിവസവും ജീവിക്കുന്ന ഭൂപ്രദേശം, അവിടെനിന്നുള്ള മോട്ടീഫുകള്‍ എന്നിവ താങ്കളുടെ എഴുത്തിനെ, നിരീക്ഷണങ്ങളെ, ചിന്തയെ സ്വാധീനിക്കുന്നില്ലേ? സ്വാധീനിക്കുന്നുവെങ്കില്‍ അത്‌ ഏതു രീതികളിലാണ്‌?
ഉത്തരം : എഴുതാനുള്ള ശ്രമങ്ങളിലേയ്ക്കു വരികയാണെങ്കില്‍.....എന്നെങ്കിലും എന്തെങ്കിലും എഴുതാനാവുകയാണെങ്കില്‍, ഒരു പൂരക്കാലത്ത്‌ എവിടെനിന്നോ വന്ന് ഞങ്ങള്‍ക്കൊപ്പം ഓടിക്കളിച്ച്‌, പൂരപ്പറയ്ക്ക്‌ വന്ന ആനപ്പാപ്പാന്റെ സഹായിയായി നടന്ന്, പാട്ടമ്പലത്തില്‍ കിടന്നുറങ്ങി, പൂരം കഴിഞ്ഞ്‌ രണ്ടാം നാള്‍ അമ്പലക്കുളത്തില്‍ മുങ്ങിമരിച്ച അപസ്മാരക്കാരന്‍ ബാബുവിനെക്കുറിച്ചാകണം അത്‌ എന്നു വിചാരിക്കാറുണ്ട്‌. അക്വേറിയങ്ങളില്‍ കുമിളയിട്ടു തുഴഞ്ഞു നില്‍ക്കുന്ന കറുത്ത മീനുകള്‍ അവനെ ഓര്‍മ്മിപ്പിക്കും. ചില്ലുകൂട്ടിലെ തീയില്‍ വേവുന്ന തിരിയുന്ന കോഴി പ്രണയം മുട്ടി സ്വയം കത്തിച്ചു മരിച്ച മിനിയെന്ന കൂട്ടുകാരിയെ ഓര്‍മ്മിപ്പിച്ചിരുന്നു കുറേക്കാലം.അനുഭവങ്ങള്‍ ഓര്‍മ്മകളുമായി സങ്കലനപ്പെട്ടാണ്‌ എഴുത്തായി മാറുന്നത്‌. സ്വപ്നസഞ്ചാരം പോലെ ഒന്ന്. തന്റെ സ്വത്വം വളര്‍ന്നു വികസിക്കേണ്ടിയിരുന്ന ഇടത്തുനിന്ന് യൗവ്വനാരംഭത്തിലേ ഓടിപ്പോരേണ്ടിവന്ന ഒരാളെന്ന നിലയില്‍, ആ ഇടത്തിന്റെ മിടിപ്പുകള്‍ സദാ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. സ്പര്‍ശം, കാഴ്ച, രുചി, ഗന്ധം, ശബ്ദം എന്നിവയെ സദാ തന്റെ ഗ്രാമജീവിതത്തിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്‌, ഓഫീസിലേയ്ക്കുള്ള യാത്രയില്‍ റോഡരികില്‍ പൈപ്പ്‌ ലൈനിനുവേണ്ടി കുഴിയെടുക്കുന്ന മുഹമ്മദ്‌ എല്‍ ഹാദി എന്ന സുഡാനിയെ കണ്ടാല്‍ നാട്ടില്‍ വേലി കെട്ടാന്‍ വരാറുള്ള പട്ടാളക്കാരനായിരുന്ന കുഞ്ഞുബൈദാപ്ലയെ ഓര്‍മ്മ വന്നാല്‍ എന്നോട്‌ ഏറ്റവും അടുത്തു നില്‍ക്കുന്ന അനുഭവമെന്ന നിലയ്ക്ക്‌ എഴുതിപ്പോവുക കുഞ്ഞുബൈദാപ്ലയെ ആയിരിക്കും. അതൊരു നിര്‍ബന്ധമല്ല... അങ്ങനെ സംഭവിച്ചു പോകുന്നു എന്നു മാത്രം.

ചോദ്യം : ഗള്‍ഫിലേയ്ക്ക്‌ വന്ന ആദ്യ തലമുറകളില്‍നിന്ന് എഴുത്തുകാര്‍ ഉണ്ടായില്ലെന്നുതന്നെ പറയാം.അവരുടെ അനുഭവങ്ങള്‍ അതി തീക്ഷ്ണമായിരുന്നെന്ന് അവരുടെ സംഭാഷണങ്ങളില്‍നിന്നുതന്നെ മനസ്സിലാക്കാമല്ലേ. ഖോര്‍ഫുക്കാനില്‍ വന്നിറങ്ങി തകര വീടുകളില്‍ കഴിഞ്ഞ ആ തലമുറ സത്യത്തില്‍ നമ്മുടെ സാഹിത്യത്തിലോ സാമൂഹ്യ ജീവിതത്തിലോ അടയാളപ്പെടുകപോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍നിന്ന് മലയാളത്തിലെ മുഖ്യധാരയില്‍ ഇടം കിട്ടിയ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക-ലാവണ്യപ്രശ്നങ്ങള്‍ എന്തായിരിക്കും?

ഉത്തരം :
പണി ചെയ്തവ പൊന്നാല്‍ ദുബായിന്‍ തെരുവുകള്‍
പനിനീരൊഴുകുന്നു കുവൈറ്റിന്‍ മരുഭൂവില്‍...
- വൈലോപ്പിള്ളി (ഗള്‍ഫ്‌ സ്റ്റേറ്റുകളോട്‌, 1974)

ഇന്നിപ്പോള്‍ കുത്തകകള്‍ ചെയ്യുന്നതിന്റെ വേറൊരു രൂപമാണിത്‌. നമ്മള്‍ സിലോണില്‍ പോയി അവരുടെ സ്വത്ത്‌ കൊള്ളയടിച്ചു കൊണ്ടുവന്നു. സിലോണിലുള്ളവര്‍ക്ക്‌ തൊഴിലില്ലാതാക്കി. പിന്നെ ഗള്‍ഫിലേക്ക്‌ പോയി കോടിക്കണക്കിനു ഡോളര്‍ നമ്മള്‍ അവിടെനിന്ന് കൊണ്ടുവന്നു.
- എം. മുകുന്ദന്‍ (ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ്‌ 2003)

ആസാം പണിക്കാരെക്കുറിച്ചെഴുതിയ വൈലോപ്പിള്ളിയ്ക്ക്‌ അറബിക്കഥകള്‍ വായിച്ചു കിട്ടിയ വിജ്ഞാനമായിരിക്കണം ഗള്‍ഫിനെക്കുറിച്ചിങ്ങനെ എഴുതാനുള്ള കാരണം. എം. മുകുന്ദന്‍ പറഞ്ഞ, ഗള്‍ഫുമലയാളികള്‍ കോരിക്കൊണ്ടുവന്ന ആ കോടിക്കണക്കിനു ഡോളര്‍ എന്നിട്ടെവിടെ? അങ്ങനെ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍തന്നെ ആ സമ്പത്തൊക്കെയും ഗുണപരമായ വിധത്തില്‍ നാടിന്റെ പുരോഗതിയ്ക്കുപയോഗിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു ഭരണാധികാരിയെ ചൂണ്ടിക്കാണിക്കാനാകുമോ?
ഒരു പത്തു പതിനഞ്ചു കൊല്ലം മുന്‍പ്‌, വെള്ളിയാഴ്ച മധ്യാഹ്നങ്ങളില്‍ ലേബര്‍ ക്യാമ്പുകളുടെ അടുത്തുള്ള മരത്തണലുകളില്‍ ഇരുന്ന് ടേപ്‌ റെക്കോര്‍ഡറുകളില്‍ സന്ദേശം പകര്‍ത്തിയിരുന്ന വീരയ്യയും രാമലുവും ചെല്ലപ്പണ്ണനുമൊക്കെ സ്ഥിരം കാഴ്ചയായിരുന്നു. ആ കാസറ്റുകള്‍ ഇപ്പോഴും പണിതീരാവീടുകളിലെ തേയ്ക്കാത്ത ചുമരലമാരകളില്‍ ഇരിപ്പുണ്ടാവും. അതൊന്നു കണ്ടെടുത്ത്‌ പകര്‍ത്തിയെഴുതാമോ? അക്ഷരത്തെറ്റില്ലാതെ കത്തെഴുതാന്‍ പോലും കഴിയാത്ത ഭൂരിപക്ഷത്തിന്റെ ജീവിക്കണം ജീവിപ്പിക്കണം എന്ന് മിടിച്ചുകൊണ്ടേയിരിക്കുന്ന ആ വര്‍ത്തമാനങ്ങളേക്കാള്‍ വലിയ സാഹിത്യമുണ്ടോ? കേരളത്തിലെ സാംസ്കാരിക-സാഹിത്യജീവിതവുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധമെന്താണ്‌? ഇപ്പോഴും ആണ്ടിലൊരിക്കല്‍ ശബരിമലയ്ക്ക്‌ പോകുന്നതുപോലെ കെട്ടുനിറച്ച്‌ ഗള്‍ഫിലെ മലയാളി സംഘടനകളുടെ മുന്‍പില്‍ നെയ്‌ ത്തേങ്ങയുടയ്ക്കാന്‍ കൃത്യമായെത്തുന്ന സാംസ്കാരിക-സാഹിത്യ പ്രവര്‍ത്തകരുണ്ട്‌. എത്രപേര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌? അവരില്‍ എത്ര പേര്‍ തിരിച്ചു ചെന്ന് തങ്ങള്‍ കണ്ട ജീവിതം രേഖപ്പെടുത്തിയിട്ടുണ്ട്‌? മലയാളത്തിലെ പാര്‍ശ്വവത്കൃതസമൂഹത്തിന്റെ ആത്മകഥകളുടെ കേട്ടെഴുത്തുകള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ക്ക്‌ വയസ്സറിയിക്കാനുള്ള പ്രായമൊന്നുമായിട്ടില്ലല്ലോ, വരുമായിരിക്കും... വലിയ കെട്ടിടങ്ങളുണ്ടാക്കാനുള്ള കുഴികളില്‍ കാലിടറിവീണവനെക്കുറിച്ച്‌ കൂടെ പണിതവര്‍ പറഞ്ഞു കൊടുക്കുന്ന കാലം.
ചോദ്യം : വലിയ മലയാളി സമൂഹത്തിന്‌ നടുക്ക്‌ അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത്‌ എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ? കൊറിയയിലും മറ്റും വളരെക്കുറച്ച്‌ മലയാളികള്‍ക്കിടയില്‍ കഴിയുന്ന മലയാളി എഴുത്തുകാരുടെ പ്രശ്നമല്ല ഗള്‍ഫില്‍ കഴിയുന്ന എഴുത്തുകാര്‍ നേരിടുന്നതെന്ന് തോന്നുന്നു. ഗള്‍‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ (എഴുത്തില്‍) പ്രശ്നങ്ങള്‍ എന്താണ്‌? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ?
(പല ഉത്തരങ്ങളിലായി ചിതറിക്കിടപ്പുണ്ട്‌.)
ചോദ്യം : ദല്‍ഹി പോലൊരു കഥ മുകുന്ദന്‍ എഴുതുന്നത്‌ ദല്‍ഹിയില്‍ ജീവിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. പൈലറ്റ്‌ എന്ന കവിത എഴുതിയത്‌ അമേരിക്കന്‍ യാത്ര മൂലമാണെന്ന് ചെറിയാന്‍ കെ ചെറിയാനും രേഖപ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ ഗള്‍ഫിനെ ഈ നിലയില്‍ രേഖപ്പെടുത്തിയ രചനകള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌? പല ഗള്‍ഫ്‌ നാടുകളിലും അറബ്‌ സമൂഹങ്ങള്‍ അവരുടെ ഉള്ളില്‍ത്തന്നെ കഴിയുന്നുവെന്ന് മലയാളികള്‍ പറയാറുണ്ട്‌. മലയാളികളും അവരുടെ തന്നെ സ്വത്വത്തിനകത്ത്‌ കഴിയുകയല്ലേ?
ഉത്തരം : ദല്‍ഹി പോലൊരു കഥ എന്നു പറയേണ്ടി വരുന്നല്ലോ! അങ്ങനെ എത്ര കഥകളും നോവലുകളും കവിതകളുമുണ്ട്‌ മലയാളത്തില്‍? ആനന്ദിനെ ചൂണ്ടിക്കാണിക്കാം... വേറെ?
വിദേശത്തു വന്നിട്ട്‌ പതിനഞ്ചുകൊല്ലമായെങ്കിലും ചങ്ങാതിമാരുമായി കൂട്ടുകൂടി നടന്ന് പാതിരാത്രികളില്‍ വീട്ടിലേയ്ക്കു കയറി വരുന്ന നേരത്തൊന്നും ഇതുവരെ ആരും ലേബര്‍ കാര്‍ഡ്‌ കാണിക്കൂ എന്നു പറഞ്ഞ്‌ പിടിച്ചു നിര്‍ത്തിയിട്ടില്ല. എന്നാലും... പുറത്ത്‌ കറങ്ങി നടക്കുമ്പോഴൊക്കെ ബോധപൂര്‍വമല്ലെങ്കിലും ഇടയ്ക്കിടെ ജാഗരൂകനാവും. അറിയാതെ കൈ കീശയിലേയ്ക്കു പോകും, താന്‍ വിസാചട്ടങ്ങളനുസരിച്ച്‌ താമസിക്കുന്നവനാണെന്നതിന്റെ മുദ്ര കൈയ്യില്‍തന്നെ ഇല്ലേ എന്ന് നോക്കാന്‍. അത്‌ എഴുത്തിലുമുണ്ടാകും, കാരണം ഇത്‌ എന്റെ രാജ്യമല്ല.
ചോദ്യം : ചോദ്യം പഴയതാണ്‌. ആവര്‍ത്തിക്കുകയാണ്‌. പ്രവാസസാഹിത്യമാണോ ഡയസ്പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ അതോ കേരളത്തെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയാണോ ഗള്‍ഫിലുള്ളവര്‍ എഴുതുന്നത്‌?
ഉത്തരം : പ്രവാസ സാഹിത്യം എന്നൊന്ന് ഗള്‍ഫ്‌ മലയാളി എഴുതിയിട്ടുണ്ടെന്നോ, എഴുതാനാവുമെന്നോ തോന്നുന്നില്ല. ജീവിച്ചിരിക്കുന്ന ഇടത്തിലെ ബിംബങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ എഴുത്തില്‍ കടന്നു വരുമെങ്കിലും ബോധപൂര്‍വ്വം അതിനുള്ള ശ്രമമുണ്ടാകണമെന്ന് കരുതുന്നില്ല. വിഷ്വല്‍ മീഡിയയൊക്കെ ഗള്‍ഫിന്റെ മുക്കും മൂലയും ഒപ്പിയെടുത്തു കാണിക്കുന്നുണ്ടല്ലോ ഇപ്പോള്‍. അങ്ങനെ ഒപ്പിയെടുത്താലും പതിയാത്ത ചിലതുണ്ട്‌, അവയുടെ നീളം വീതി, രൂപം, ഭാവം, നിറം, ഗന്ധം എന്നിവ ഏത്‌ നാട്ടിലും ഏത്‌ കാലത്തും ഒരുപോലെയാണ്‌. അതിനെ എഴുതുക എന്നതിനാണ്‌ കവിത എഴുതാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ശ്രമം.


ചിത്രങ്ങള്‍ : നിഷാദ് കൈപ്പള്ളി


Tuesday, July 22, 2008

ഒഴുകുകയാണെന്ന് പുഴ കരുതും

പഴയ ചില കടലാസുകള്‍ തിരയുമ്പോള്‍ ഒരു ഓണാശംസാക്കാര്‍ഡ്‌ ഫയലില്‍ ഉറങ്ങുന്നതു കണ്ടു. പച്ചക്കാര്‍ഡില്‍ തെങ്ങോല, വിളറിയ ചന്ദ്രന്‍, കറുപ്പുകേറാന്‍ തുടങ്ങിയ ആകാശം പക്ഷികള്‍... സന്തോഷവും സമൃദ്ധിയുമുള്ള ഓണം ആശംസിച്ചുകൊണ്ട്‌ ചെല്ലപ്പണ്ണന്റെ വിലാസത്തില്‍ നാട്ടിലെ ഒരു ബാങ്കിന്റെ പുനലൂര്‍ ശാഖയില്‍നിന്ന് ബാങ്കുമാനേജരുടെ ഒപ്പോടെ അയച്ചത്‌. എങ്ങനെയാണാവോ അതെന്റെ ഫയലിനുള്ളില്‍ കടന്നു കൂടിയത്‌. ഒരു പക്ഷേ ഇങ്ങനെയൊക്കെയാവും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന ചില സ്നേഹങ്ങള്‍ ഞാനിവിടെ ഉണ്ടായിരുന്നു എന്ന് സ്വയം പുറത്തുവരുന്നത്‌.
അജ്മാനില്‍ ഒരു ലേബര്‍ ക്യാമ്പിലെ മുറിയില്‍ മൂന്ന് ഇരുനിലക്കട്ടിലുകളിലൊന്നില്‍ താഴെ ചെല്ലപ്പണ്ണനും മുകളില്‍ ഞാനുമായി കുറേ നാള്‍ താമസിച്ചിട്ടുണ്ട്‌. കള്ളുകുടിച്ചു കഴിഞ്ഞാല്‍ പുരാവൃത്തങ്ങള്‍ പറയലായിരുന്നു പുനലൂര്‍ക്കാരന്‍ ചെല്ലപ്പണ്ണന്റെ വിനോദം. യക്ഷിയും പിശാചുക്കളും ആഭിചാരവും കാമവും പകയുമൊക്കെ നിറഞ്ഞ കഥകള്‍. കഥകളുടെ സമാപ്തിയില്‍ ചെല്ലപ്പണ്ണന്‍ യക്ഷിയെ പിടിച്ചു കെട്ടി വീട്ടില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. ആഴക്കിണറില്‍നിന്ന് വെള്ളം കോരി തന്നെ കുളിപ്പിക്കാനും ചോറു വച്ചു തരാനും ആജ്ഞാപിച്ചു. മന്ത്രം ജപിച്ചു പിശാചിനെ കുപ്പിയിലാക്കി അമ്പലക്കിണറില്‍ കൊണ്ടിട്ടു. തന്നില്‍ ഭ്രമിച്ച സ്ത്രീകളെ മരങ്ങളുടെ മറവിലോ ആളൊഴിഞ്ഞ ഇടങ്ങളിലോ കൊണ്ടുപോയി ഭോഗിച്ചു. തന്നെ എതിരിടാന്‍ വന്നവരെ മഹാമന്ത്രങ്ങളുപയോഗിച്ച്‌ നശിപ്പിച്ചു.
കഥ പറയുമ്പോള്‍ ചെല്ലപ്പണ്ണന്‍ ദേഹാദ്ധ്വാനം ചെയ്തിട്ടെന്നപോലെ വിയര്‍ക്കുകയും കിതയ്ക്കുകയും ചെയ്തു. ഇടയ്ക്കിടെ കഥ നിര്‍ത്തി മുപ്പതാം നമ്പര്‍ ബീഡി വലിച്ചു. മന്ത്രങ്ങള്‍ ജപിച്ച്‌ ഉറങ്ങാന്‍ കിടന്നു. എല്ലാ രാത്രികളിലും ഇടയ്ക്കിടെ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് കട്ടിലില്‍ എണീറ്റിരിക്കും. പറഞ്ഞു തീര്‍ന്ന കഥകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വപ്നത്തില്‍ തിരിച്ചു വന്നിട്ടുണ്ടാവും. അവര്‍ സ്വപ്നത്തില്‍ ചെല്ലപ്പണ്ണനൊപ്പം കിടന്നിട്ടുണ്ടാവും. രണ്ട്‌ തട്ടുള്ള കട്ടില്‍ പാതിരാത്രികളിലെ സ്വയംഭോഗത്തിന്റെ അലകളില്‍ ഉലയാറുണ്ടായിരുന്നു.
ഒരു പതിനഞ്ചു കൊല്ലം മുന്‍പാണ്‌. അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഇത്രയ്ക്ക്‌ വികസിച്ചിട്ടില്ല. ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്ന താഴ്‌ന്ന ഇടങ്ങള്‍. പാഴ്‌വസ്തുക്കള്‍ കൊണ്ടുനിറച്ച ചതുപ്പുകള്‍. ഉയര്‍ന്ന മണ്‍തിട്ടുകളില്‍ ചെറിയ മരങ്ങളും എരുക്കിന്‍ ചെടികളും നിലത്തു പടര്‍ന്ന ഒരുതരം പുല്ലുമാണ്‌ ആകെയുള്ള പച്ചപ്പ്‌. ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക്‌
ഏറെ പ്രിയമാണ്‌ ആ മരച്ചുവടുകളോട്‌. പേരറിയാത്ത ആ മരങ്ങളുടെ തണലുകള്‍ അവരെ സ്വന്തം ദേശത്തെ ഏറെപ്പരിചയമുള്ള ഏതെങ്കിലും ഇടങ്ങളുമായി കൂട്ടിയിണക്കുന്നു. വേനല്‍ രാത്രികളിലെ വേവ്‌ സഹിക്കാനാകാതെ വീട്ടില്‍നിന്നുമിറങ്ങി ചങ്ങാതിമാരൊത്ത്‌ ഉറക്കം വരുവോളം കഥകള്‍ പറഞ്ഞിരിക്കാറുള്ള സ്ഥലം, ഇഷ്ടമുള്ള ആരെയെങ്കിലും കാത്ത്‌ നാഴികകളോളം മുഷിയാതെ ഇരുന്ന് കിനാവിന്റെ ചുറ്റുഗോവണികള്‍ കയറിപ്പോയ വൈകുന്നേരങ്ങള്‍... അങ്ങനെ പലതും.
ഒഴിവുദിനങ്ങളില്‍ അവര്‍ ആ മരങ്ങള്‍ക്കു ചുവട്ടിലിരുന്ന് ടേപ്‌ റെക്കോര്‍ഡറുകളില്‍ തന്റെ പ്രണയവും സ്വപ്നങ്ങളും കുടുംബനടത്തിപ്പിനെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും രേഖപ്പെടുത്തി. കാസറ്റും ഈന്തപ്പനയുടേയോ കെട്ടിടങ്ങളുടേയോ പാര്‍ക്കിലെ പൂക്കളുടേയോ പശ്ചാത്തലത്തില്‍ പുതുതായെടുത്ത ഫോട്ടോയും തപാലിലയച്ചു. പരിഭവവും വിരഹവും വേദനകളും സന്തോഷവും നിറഞ്ഞ്‌ തിരിച്ചുവരുന്ന കാസറ്റുകള്‍ കൊടുംവെയിലില്‍ ഉച്ചമയങ്ങുന്ന മരങ്ങളില്‍ ചാരിയിരുന്നു കേട്ടു. ക്യാമ്പിലെ ഭൂരിഭാഗം തെലുങ്കരും എഴുത്തുകളേക്കാള്‍ ആശ്രയിച്ചിരുന്നത്‌ കാസറ്റുകള്‍ ആയിരുന്നു.
ചെല്ലപ്പണ്ണന്‍ സോഫാ പണിക്കാരനായിരുന്നു. അസാമാന്യമായ വേഗതയിലും വൃത്തിയിലും സോഫയുണ്ടാക്കും. അറബിക്കും മുറിയിംഗ്ലീഷും മാത്രമറിയുന്ന സിറിയന്‍ ഫോര്‍മാനോട്‌ മലയാളത്തിലാണ്‌ സംസാരിക്കുക. ഒരു ബുദ്ധിമുട്ടുമില്ലാതെ ചെല്ലപ്പണ്ണന്റെ മലയാളം ഫോര്‍മാനു മനസ്സിലാകുമായിരുന്നു. ഒരു ചെറുചിരിയോടെ അയാള്‍ ചെല്ലപ്പണ്ണന്റെ വര്‍ത്തമാനം കേട്ടു നില്‍ക്കും. എത്ര ക്ഷീണിച്ചാലും ഓവര്‍ടൈം ചെയ്തിട്ടേ മുറിയിലെത്തൂ. എത്ര മദ്യപിച്ചാലും ഒരു ദിവസം പോലും പണി മുടക്കുകയില്ല. ജോലി കഴിഞ്ഞു മുറിയിലെത്തിയാല്‍ കുളികഴിഞ്ഞ്‌ പൂജകള്‍ തുടങ്ങുകയായി. ബദാമും മുന്തിരിയും വാഴപ്പഴവും ചിലദിവസങ്ങളില്‍ പായസവും പ്രസാദമായുണ്ടാവും. മുറിയിലാകെ ചന്ദനത്തിരിയും നെയ്യും മണക്കും.
ഒരു ദിവസം ജോലി കഴിഞ്ഞു വന്നതിനു ശേഷം ചെല്ലപ്പണ്ണന്‍ എന്നെ വിളിച്ചു. വല്ലാതെ വിവശനായിരുന്നു അയാള്‍.
എനിയ്ക്ക്‌ നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണം. എന്റെ കൂടെ വരാമോ?
നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടു കിലോമീറ്ററോളം നടക്കണം. ബംഗാളി മസ്ജിദിന്റെ അടുത്ത്‌ യൂക്കാലിമരച്ചുവട്ടില്‍ രണ്ട്‌ ടെലഫോണ്‍ ബൂത്തുകളുണ്ട്‌ ഒന്ന് നാണയമിട്ടു വിളിക്കുന്നതും മറ്റൊന്ന് കാര്‍ഡിട്ടു വിളിക്കുന്നതും. നടക്കുന്നതിനിടയില്‍ ഒരെഴുത്തെടുത്ത്‌ എനിയ്ക്ക്‌ വായിക്കാന്‍ തന്നു. എഴുതുമ്പോള്‍ കൈ വിറയ്ക്കുന്നതുകൊണ്ട്‌ ചെല്ലപ്പണ്ണന്റെ വീട്ടിലേയ്ക്കുള്ള കത്തുകള്‍ എഴുതുന്നത്‌ എന്റെ ജോലിയായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ വീട്ടുകാരേയും ഏറ്റവും അടുത്ത ബന്ധുക്കളേയും ചങ്ങാതിമാരേയും മന്ത്രവാദികളേയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും എനിയ്ക്ക്‌ പരിചയമായിരുന്നു.
അയല്‍ക്കാരനും ആത്മസുഹൃത്തുമായ ഒരാള്‍ ചെല്ലപ്പണ്ണനു കൊടുത്ത ഒരു മുന്നറി
യിപ്പായിരുന്നു ആ എഴുത്ത്‌. ചെല്ലപ്പണ്ണന്റെ ഭാര്യ രുഗ്മിണിയും അനിയന്‍ സുകുമാരനുമായുള്ള ബന്ധത്തിന്റെ കഥകള്‍ നാട്ടില്‍ പ്രചാരത്തിലാവുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ്‌.
കഴിഞ്ഞ മാസം ചെക്കപ്പ്‌ ചെയ്തപ്പൊ പ്രഷറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അവളുമായി വര്‍ത്തമാനം പറഞ്ഞ്‌ പ്രഷറെങ്ങാനും കൂടി വഴിയില്‍ കിടന്നാല്‍.. അതാ നിന്നെ കൂട്ടിയത്‌. അവളെ ഞാന്‍ കുറ്റം പറയില്ല. ഒറ്റയ്ക്ക്‌ അവള്‍ എന്തൊക്കെ ചെയ്യും? പാവം. എനിയ്ക്ക്‌ രുഗ്മിണിയുടെ ശബ്ദമൊന്ന് കേള്‍ക്കണം. മോളുടേയും.
ഇടറിയ ശബ്ദത്തില്‍ ചെല്ലപ്പണ്ണന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ ഒന്നിലധികം മുനകളുള്ള ഒരാണി എന്റെ ഉള്ളിലൂടെ പാഞ്ഞു കയറി. ഫോണ്‍ ചെയ്തതിനു ശേഷം തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടെന്ന ഓര്‍മ്മപോലും നഷ്ടപ്പെട്ടായിരുന്നു അയാള്‍ നടന്നത്‌.
ആ എഴുത്തു വായിച്ചതിനു ശേഷം ചെല്ലപ്പണ്ണന്‌ പെട്ടെന്ന് വാര്‍ദ്ധക്യം ബാധിച്ചു. മദ്യപാനത്തിനു ശേഷമുള്ള കഥ പറച്ചില്‍ നിന്നു. പണി സ്ഥലത്തും നിശ്ശബ്ദന്‍. മുറിയിലെത്തിയാല്‍ വേഗം ഭക്ഷണം കഴിച്ച്‌ കട്ടിലില്‍ കയറിക്കിടക്കും. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളുള്ള കട്ടിലിന്റെ കരച്ചില്‍ എന്റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.പുനലൂരില്‍ റബ്ബര്‍ തോട്ടവും വാഴക്കൃഷിയുമുണ്ട്‌ അയാള്‍ക്ക്‌. ഇരുപതു കൊല്ലം ഗള്‍ഫില്‍ അദ്ധ്വാനിച്ചുണ്ടാക്കിയത്‌. സുകുമാരനാണ്‌ എല്ലാറ്റിന്റേയും മേല്‍നോട്ടം.
ഞാന്‍ നാട്ടിലേയ്ക്കു പോകുന്നു.
ഒരു ദിവസം ചെല്ലപ്പണ്ണന്‍ പറഞ്ഞു.
കമ്പനിയില്‍ കൊടുക്കാന്‍ നീ എനിയ്ക്ക്‌ ഒരു എഴുത്തെഴുതിത്താ.
അതുതന്നെയാണ്‌ നല്ലതെന്ന് എനിയ്ക്കും തോന്നി.
ഇരുപതു കൊല്ലത്തെ വിദേശവാസത്തിനു ശേഷം ഒരാള്‍ തിരിച്ചു പോവുകയാണ്‌. ഗള്‍ഫ്‌ ജീവിതത്തില്‍ എന്താണ്‌ ചെല്ലപ്പണ്ണന്റെ നേട്ടം? ഗള്‍ഫിലെത്തുമ്പോള്‍ അദ്ദേഹത്തിന്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌. നാല്‍പതാം വയസ്സില്‍ വിവാഹം കഴിച്ചു. ഇരുപതു കൊല്ലത്തിനിടയില്‍ എട്ടു പ്രാവശ്യം നാട്ടില്‍ പോയി. ഒരു മകള്‍ ജനിച്ചു. മൊത്തം പതിനാറു മാസം നാട്ടില്‍ സ്വന്തക്കാരും ബന്ധുക്കളുമൊത്തുള്ള ജീവിതം. ബാക്കി ഇരുന്നൂറ്റി ഇരുപത്തിനാലു മാസം ഗള്‍ഫില്‍, ലേബര്‍ ക്യാമ്പില്‍ കുബ്ബൂസും കോഴിയും തിന്ന് കാസര്‍ക്കോട്ടുകാരന്‍ ശിവന്‍ സപ്ലൈ ചെയ്യുന്ന മണ്ണെണ്ണയോട്‌ ചേര്‍ന്ന മണമുള്ള വ്യാജമദ്യം കുടിച്ച്‌, ഉറക്കം വരാത്ത പാതിരകളില്‍ സ്വയംഭോഗം ചെയ്ത്‌ ജീവിച്ചു.
പുതുവെള്ളത്തില്‍ പുഴയില്‍നിന്ന് പാടങ്ങളിലേയ്ക്ക്‌ കയറുന്ന ഏറ്റുമീന്‍ പിടിക്കാന്‍ ഈര്‍ക്കിലുപയോഗിച്ചുണ്ടാക്കുന്ന കുരുത്തി എന്ന ഒരു തരം നാട്ടുപകരണമുണ്ട്‌. കടന്നുപോകാനുള്ള ഇടം വിസ്താരമേറിയതും ചെന്നെത്തുന്ന ഇടം ഒരു തിരിച്ചു നീന്തലിനു സാധ്യമാക്കാത്തതുമായ ഘടനയുള്ള ഒന്ന്. അതില്‍ പെട്ടതുപോലെയാണ്‌ പലര്‍ക്കും ഗള്‍ഫ്‌ ജീവിതം. പെട്ടുപോകും.
വൈകിയാണെങ്കിലും കുരുത്തിയില്‍നിന്നും വഴുതി ചെല്ലപ്പണ്ണന്‍ തിരിച്ചു നീന്തി.
നാട്ടില്‍ ചെന്ന് ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ എനിയ്ക്ക്‌ ഒരു കത്തു കിട്ടി. അവധിക്കു നാട്ടില്‍ ചെല്ലുന്നതും ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ചു ചെല്ലുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഖേദത്തോടെയുള്ള എഴുത്ത്‌. പിന്നെയും കത്തുകള്‍ വന്നു. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ആ കത്തുകളില്‍ കബളിപ്പിക്കപ്പെട്ട ഏകാന്തനായ മൃഗമുണ്ടായിരുന്നു. അത്‌ മുറുമുറുത്തു. ആകാശത്തേയ്ക്കു നോക്കി ഓലിയിട്ടു. പാറകളില്‍ നഖമുരച്ച്‌ മൂര്‍ച്ച വരുത്തി. കണ്ണുനീരൊലിപ്പിച്ച്‌ അലഞ്ഞലഞ്ഞ്‌ അപരിചിതമായ വനഭൂമികളുടെ ഏകാന്തമാ
യ ചെരിവുകളില്‍ അണച്ചു കിടന്നു.
നാട്ടിലെത്തി അഞ്ചാമത്തെ മാസം, കുരുത്തിയില്‍നിന്നു തിരിച്ചു നീന്തിയ മീന്‍ പുതുവെള്ളം പിടിക്കാതെ മരിച്ചു.
ഇടയ്ക്കിടെ ലേബര്‍ ക്യാമ്പില്‍ വരാറുള്ള ചെല്ലപ്പണ്ണന്റെ നാട്ടുകാരനൊരാള്‍ പറഞ്ഞാണ്‌ വിവരം അറിഞ്ഞത്‌. തോട്ടത്തില്‍ റബ്ബര്‍ഷീറ്റുകള്‍ സൂക്ഷിക്കാനുണ്ടാക്കിയ മുറിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു മൂന്നു വര്‍ഷത്തോളം ഓണത്തിനും വിഷുവിനും പുതുവര്‍ഷത്തിനും നാട്ടിലെ ഒരു ബാങ്കില്‍നിന്ന് ചെല്ലപ്പണ്ണന്റെ പേരില്‍ തെങ്ങോലയും ചന്ദ്രനും പറക്കുന്ന പക്ഷികളുമൊക്കെയായി, ഗ്രാമപ്രകൃതിയില്‍നിന്ന് വേറിട്ടു താമസിക്കുന്നവനെ പറ്റിക്കാനുള്ള ബിംബസമൃദ്ധി പതിച്ച ആശംസാക്കാര്‍ഡുകള്‍ വരുമായിരുന്നു. ആ ബാങ്കിലെ അക്കൗണ്ട്‌ അദ്ദേഹം ക്ലോസ്‌ ചെയ്തിട്ടുണ്ടായിരുന്നില്ല. ആ അക്കൗണ്ടില്‍ നിന്നായിരുന്നു സഹായമഭ്യര്‍ത്ഥിച്ച്‌ എഴുതിയവര്‍ക്കെല്ലാം പണമയച്ചു കൊടുത്തിരുന്നത്‌. ആഭിചാരക്രിയകള്‍ നടത്തി തന്റെ ഭാര്യയെ തിരികെക്കിട്ടാന്‍ നാട്ടിലെ ഒരു ദുര്‍മന്ത്രവാദിയ്ക്ക്‌ ദക്ഷിണ കൊടുത്തിരുന്നത്‌. പുനലൂരിലെ അദ്ദേഹത്തിന്റെ വീട്ടുവിലാസം അറിയാമായിരുന്നിട്ടും ആ അക്കൗണ്ടിനെക്കുറിച്ച്‌ അവരെ ഒന്നറിയിക്കാന്‍ എനിയ്ക്കെന്തോ തോന്നിയില്ല.
*******
ചിത്രങ്ങള്‍ തപ്പിയെടുത്തു തന്നത് : സുമേഷ്


Tuesday, July 15, 2008

ജലസമാധി

തെങ്ങിന്‍ ചോട്ടില്‍ വാവല്‍ ചപ്പിയിട്ട കശുവണ്ടിയും പുന്നക്കുരുവുമാണ്‌ ചില്ലുപൊടിപോലെ മഞ്ഞ്‌ വീണുകൊണ്ടിരിക്കുന്ന മകരമാസത്തിലെ പ്രഭാതങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവരിക. തെരഞ്ഞു നടക്കും പറമ്പായ പറമ്പൊക്കെ, പേരറിയാത്ത നാട്ടുചെടികളൊക്കെയുമായി പരിചയവും ചങ്ങാത്തവുമുണ്ടാവുന്നത്‌ അങ്ങനെയാണ്‌. എട്ടുദിക്കുകളിലെവിടെനിന്നെങ്കിലും വീക്കുചെണ്ടയുടെ ഡും ഡും കേള്‍ക്കാം, അരമണിയുടെ ഒച്ച, ആനച്ചങ്ങലയുടെ കിലുക്കം കുത്തുവിളക്കില്‍ കത്തുന്ന വെളിച്ചെണ്ണയുടെ മണം ഒക്കെ ഇടവഴികളെ ഉണര്‍ത്തും.
അമ്പലങ്ങളില്‍നിന്ന് പൂരപ്പറ പോകുന്നതാണ്‌.
അങ്ങനെ ഒരു മകരത്തിലാണ്‌ അവന്‍ അമ്പലനടയില്‍ വെളിപ്പെട്ടത്‌.
ഇവന്‍ പാലക്കാട്ടുകാരനാ. തണുക്കുന്ന മകരപ്രഭാതത്തില്‍ ചെണ്ട മുറുക്കുമ്പോള്‍ പാട്ടമ്പലത്തിലിരുന്ന് നാരായണേട്ടന്‍ പറഞ്ഞു. ഇത്രയ്ക്ക്‌ മുറുക്കിച്ചുവന്ന ചുണ്ടുകള്‍ നാരായണേട്ടനല്ലാതെ ഞാന്‍ വേറെ കണ്ടിട്ടില്ല. അല്‍പം കൂടുതല്‍ വലിപ്പമുള്ള തലയും നീല നിറത്തിലുള്ള ഷര്‍ട്ടും വലിയൊരു ട്രൗസറുമിട്ട്‌ വട്ടം പിടിച്ച കണ്ണുകള്‍കൊണ്ട്‌ ബാബു എല്ലാവരേയും നോക്കിച്ചിരിച്ചു. വെയിലുപോലുള്ള ചിരി.
അക്കാലത്തൊന്നും പാലക്കാടുനിന്ന് കുട്ടികള്‍ വീടുപണികള്‍ക്കായി ഇറക്കുമതി ചെയ്യപ്പെട്ടു തുടങ്ങിയിരുന്നില്ല, അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക്‌ അവന്റെ ഭാഷയില്‍നിന്നും പാലക്കാട്ടുകാരനാണെന്ന് മനസ്സിലായിരുന്നില്ല. വര്‍ത്തമാനം പറയുന്നതില്‍നിന്ന് ഒരാള്‍ ഏതു നാട്ടുകാരനാണെന്ന് മനസ്സിലാകുമെന്ന് അന്ന് എനിയ്ക്കറിയില്ലായിരുന്നു. എനിയ്ക്ക് അറിയാവുന്ന ദൂരദേശം വിട്ടുമാറാത്ത തലവേദനയ്ക്ക്‌ ചികിത്സിക്കുവാന്‍ ഇടയ്ക്കിടെ പോകേണ്ടിവന്ന തൃശൂര്‍ ആയിരുന്നു. ആ തൃശൂരിനും അപ്പുറത്ത്‌ എവിടെയോ നിന്ന് ഒരേ സമയം കുട്ടിയും മുതിര്‍ന്നവനുമായ ഒരാള്‍ വീടുപേക്ഷിച്ചു വരിക തികച്ചും അപരിചിതമായ സാഹചര്യങ്ങളില്‍ ജീവിക്കുക എന്നത്‌ ഓര്‍ക്കാനേ കഴിയില്ലായിരുന്നു. ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും പൂരങ്ങളും കുത്ത്‌ റാത്തീബുമൊക്കെ നടക്കുകയും ചെയ്യുന്ന ഒരേ ഒരിടം തളിക്കുളമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം.
ബാബു പൂരപ്പറയ്ക്കു വന്ന ആനയുടെ പാപ്പാന്മാരുടെ കൂടെക്കൂടി. കുത്തുവിളക്കു പിടിക്കുക, പറവെയ്ക്കുന്നിടത്തുനിന്ന് ശേഖരിക്കുന്ന നെല്ലും നാളികേരവും ചുമക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ശ്രീനിയേട്ടന്റെ വലം കൈയ്യുമായി. പാട്ടമ്പലത്തില്‍ ചെണ്ടകൊട്ടുകാരുടെ കൂടെ ഉറങ്ങി. അടുത്ത വീടുകളില്‍നിന്ന് ഭക്ഷണം കഴിച്ചു. ഞങ്ങളുടെ കൂടെ കളിക്കാനും കൂടി.വീടെവിടെയാണെന്നും വീട്ടിലാരൊക്കെ ഉണ്ടെന്നും ഉള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയായിരുന്നു.
വീടുവിട്ടു പോകുന്നതിനെക്കുറിച്ച്‌ അന്നെനിയ്ക്കത്ര ധാരണയില്ല. അമ്മായിയുടെ അയല്‍ വീട്ടിലെ എന്നെക്കാള്‍ രണ്ടു വയസ്സിന്‌ ഇളയവനായ മധു ഒരിക്കല്‍ വീടു വിട്ടു പോവുകയും രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചു വരികയും പിന്നെയും പോവുകയും ചെയ്തു. അന്നവന്‌ ഒരു പതിമൂന്നു വയസ്സൊക്കെ കാണും. ഇതുവരെ തിരിച്ചു വന്നിട്ടില്ല. എന്താണ്‌ പോകുവാനുള്ള കാരണമെന്ന് ആര്‍ക്കും അറിയില്ല.
നല്ലോണം അദ്ധ്വാനിക്കുന്ന ദേഹമായതുകൊണ്ട്‌ ഓടിയും ചാടിയുമുള്ള കളികളിലെല്ലാം അവന്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി. കളികളിലുള്ള അവന്റെ ആധിപത്യം അവസാനിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞവര്‍ എന്തോ കാരണമുണ്ടാക്കി അവനെ കൂട്ടമായി ആക്രമിച്ചപ്പോഴാണ്‌ വിറച്ചു വിറച്ച്‌ താഴെവീണ്‌ കൃഷ്ണമണികള്‍ മറഞ്ഞ്‌ നുരയും പതയുമൊലിപ്പിച്ച്‌ ആദ്യമായി അവന്‍ അപസ്മാരപ്പെട്ടത്‌. അപസ്മാരം ഞങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. അവനുമൊത്തുള്ള കളികളില്‍നിന്ന് പിന്നെ പലരും അകന്നു നിന്നു. ബാബു മുഴുവന്‍ സമയവും ആനയ്ക്കും പാപ്പാന്മാര്‍ക്കുമൊപ്പമായി.
അപസ്മാരരോഗിയായതുകൊണ്ട്‌ വീട്ടില്‍ ആര്‍ക്കും തന്നെ കണ്ടുകൂടെന്നും അച്ഛന്റേയും അമ്മയുടേയും സ്നേഹരാഹിത്യമാണ്‌ തന്നെ വീടുവിട്ടു പോരാന്‍ പ്രേരിപ്പിച്ചതെന്നും ഒരിക്കല്‍ അവന്‍ നാരായണേട്ടനോട്‌ പറഞ്ഞു. നാരായണേട്ടന്‍ അവന്‌ പലപ്പോഴും ചായയും പലഹാരങ്ങളുമൊക്കെ വാങ്ങിക്കൊടുത്തു. ഞങ്ങള്‍ക്കു തൊടാന്‍ അവകാശമില്ലാത്ത നാരായണേട്ടന്റെ ചെണ്ടയില്‍ വെറുതേ മുട്ടുവാനുള്ള അനുവാദം ബാബുവിനു കിട്ടിയത്‌ ഞങ്ങളില്‍ അസൂയയുണ്ടാക്കി. അപസ്മാരക്കാരനായ സമപ്രായക്കാരനോട്‌ കാണിക്കേണ്ട സഹതാപമോ സ്നേഹമോ അന്ന് ഞങ്ങള്‍ അവനോട്‌ കാണിച്ചിരുന്നോ എന്ന് സംശയമാണ്‌.
പൂരം നാള്‍ പുലര്‍ന്നു. വലിയ ചന്ദനക്കുറിയും ചെവിയില്‍ പൂവും നാരായണേട്ടന്‍ വാങ്ങിക്കൊടുത്ത വെള്ളമുണ്ടുമൊക്കെയായി അമ്പലത്തിലും, കൊട്ടുകാര്‍ക്കും കാവടിയാട്ടക്കാര്‍ക്കും വിശ്രമിക്കാനുണ്ടാക്കിയ ഓലഷെഡിലുമായി ബാബു തിരക്കിലാണ്‌. പകലെഴുന്നള്ളിപ്പിന്റെ നേരത്ത്‌ മേളക്കാര്‍ക്ക്‌ വെള്ളം കൊടുക്കുവാനും രാത്രി പന്തങ്ങളില്‍ എണ്ണയൊഴിച്ചു കൊടുക്കാനും മാത്രമല്ല, ഒരാളെ എന്തിനെങ്കിലും ആവശ്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നിടത്തെല്ലാം അവന്‍ വെളിപ്പെട്ടു.
പൂരപ്പിറ്റേന്ന് ബാബുവിനെ കാണാതായി.
രാവിലെ ആനകള്‍ ശ്രീകോവിലിനെ നമസ്കരിച്ച്‌ തിരിച്ചു പോകുന്നതുവരെ അവനെ കണ്ടവരുണ്ട്‌. തലേരാത്രിയുടെ ഉറക്കമിളപ്പിന്റെയും ആഘോഷത്തിമിര്‍പ്പിന്റേയും ക്ഷീണത്തിലായിരുന്നതുകൊണ്ട്‌ ആരുമതു ശ്രദ്ധിച്ചുമില്ല. നടയടച്ചു. ഇനി ഒരാഴ്ച കഴിഞ്ഞാണ്‌ തുറക്കുക. ഭൂതഗണങ്ങളുടെ വിളയാട്ടമായിരിക്കും പൂരപ്പിറ്റേന്നു മുതല്‍ ഒരാഴ്ചയെന്നും അസമയങ്ങളില്‍ അമ്പലപ്പറമ്പിലൂടെ നടക്കരുതെന്നും വല്യച്ഛന്റെ സര്‍ക്കുലറുണ്ട്‌.
മധുരനാരങ്ങയുടേയും ആനപ്പിണ്ടത്തിന്റേയും മണമുള്ള അമ്പലപ്പറമ്പില്‍, വളക്കച്ചവടക്കാര്‍ സ്റ്റാളുകള്‍ ഇട്ടിരുന്ന ഇടങ്ങളില്‍ പൂരം കഴിഞ്ഞാല്‍ തെരച്ചിലിനായി കുട്ടിപ്പട്ടാളമിറങ്ങും.. വളപ്പൊട്ടുകള്‍, കേടുവന്നതുമൂലം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ ഒക്കെ അന്വേഷിച്ച്‌. അതിനിടയില്‍ പാട്ടമ്പലത്തിലും കാവിനു പിന്നിലും ഒന്നു നോക്കി. ബാബുവില്ല. ആനക്കാരുടെ കൂടെ പോയിക്കാണുമെന്ന് ആരോ പറഞ്ഞു. പോയിക്കാണും. പൂരം കഴിഞ്ഞല്ലോ ഇനിയിപ്പൊ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ തനിക്കിവിടെ തുടരാനാവില്ല എന്നു വിചാരിച്ചു കാണും. ഏതെങ്കിലും ആനയുടെ പാപ്പാന്‍ കൂടെ കൂടിക്കൊള്ളാന്‍ പറഞ്ഞു കാണും.
പൂരം കഴിഞ്ഞ്‌ രണ്ടാം നാള്‍ അമ്പലത്തിലെ ഇപ്പോഴത്തെ വെളിച്ചപ്പാട്‌ വസന്തന്റെ അലറിക്കരച്ചില്‍ കേട്ടാണ്‌ എല്ലാവരും അമ്പലക്കുളത്തിനരികിലേയ്ക്ക്‌ ഓടിയെത്തിയത്‌. കുളിക്കാനിറങ്ങിയ വസന്തന്‍ വെള്ളത്തിനടിയിലൂടെ ഊളിയിട്ടു ചെന്ന് പൊങ്ങിയിടത്ത്‌ എന്തോ തടഞ്ഞു. നോക്കുമ്പോള്‍, കുളത്തിലേയ്ക്കു വളര്‍ന്ന ചേക്കപ്പുല്ലുകള്‍ക്കിടയില്‍ വരയന്‍ ചണ്ടിയില്‍ കുടുങ്ങിക്കിടക്കുന്നു. കുളത്തിലിറങ്ങിയപ്പോള്‍ അപസ്മാരം ഇളകിക്കാണും.
ആരുമറിയാതെ വന്നു, ആരോടും പറയാതെ തിരിച്ചു പോയി. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മദ്ധ്യവയസ്കനാകുമായിരുന്ന അവന്‌ വീട്ടില്‍ ഒരു അനിയനോ അനിയത്തിയോ ചേട്ടനോ ഉണ്ടാകുമായിരിക്കും. എന്നെങ്കിലും തിരിച്ചു വരുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടാവും.
വീടുവിട്ടു പോകുന്നവരെ തികച്ചും അപരിചിതമായ ദേശങ്ങളില്‍ ആരൊക്കെ, എന്തൊക്കെ കാത്തിരിക്കുന്നു!

ചിത്രങ്ങള്‍ : തുളസി

Tuesday, July 8, 2008

നാടകശാല

ഇക്കുറി നാട്ടില്‍ ചെന്നപ്പോള്‍ അശോകേട്ടനെ കണ്ടില്ല. തിരക്കുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച്‌ അമ്പലപ്പറമ്പിലൂടെ നടന്നുപോകാറുള്ള മെലിഞ്ഞു നീണ്ട ആ നിഴല്‍ ഓര്‍മ്മയിലും വന്നില്ല. കഴിഞ്ഞ തവണ സിനിമാ തിയേറ്ററിന്റെ മുന്നില്‍ സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ നില്‍ക്കുമ്പോള്‍ പെട്ടെന്ന് മുന്നില്‍ എത്തി. ഇത്ര വൈകി നീ ഇവിടെ എന്തു ചെയ്യുന്നു. വീട്ടില്‍ പൊയ്ക്കൂടെ? എന്നു ചോദിച്ചു. ഓഹോ ഇയാള്‌ മനുഷ്യരോട്‌ മിണ്ടുമോ? എന്ന് അവിടെ കൂടിനിന്നിരുന്നവര്‍ അത്ഭുതപ്പെടുന്നതു കണ്ടില്ലെന്ന് ഭാവിച്ചു.
* * * * *
വെയിലിനു ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ചൂടും വെളിച്ചവും മഴയ്ക്കും മഞ്ഞിനും കൂടുതല്‍ തണുപ്പും പൂക്കള്‍ക്ക്‌ കൂടുതല്‍ നിറവുമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പുലര്‍കാലത്ത്‌ ശേഖരേട്ടന്റെ ചായപ്പീടിക രാഷ്ട്രീയചര്‍ച്ചകളുടെ വേദിയായിരുന്ന കാലം. അച്ഛന്റെ സുഹൃത്തായിരുന്ന കൊമ്പന്‍ മീശക്കാരന്‍ ഐ.എന്‍.എ അച്ചാച്ചന്‍ ഒരിക്കല്‍ രാഷ്ട്രീയചര്‍ച്ചയ്ക്കിടെ ആരോ സുഭാഷ്‌ ചന്ദ്രബോസിനെക്കുറിച്ച്‌ എന്തോ മോശമായിപ്പറഞ്ഞതു കേട്ട്‌ ചായകുടിക്കാന്‍ വന്നവരിലുണ്ടായിരുന്ന ആരുടേയോ കൈയ്യിലെ വാക്കത്തി വാങ്ങി തന്റെ കൈത്തണ്ട പൂണ്ട്‌ വീര്യം കാണിച്ചിട്ടുള്ളത്‌ ആ ചായക്കടയില്‍ വച്ചായിരുന്നു. ചായയടിക്കുമ്പോള്‍ ശേഖരേട്ടന്‍ ആ പഴയകാലത്തെക്കുറിച്ച്‌ പറയും. ഞങ്ങളൊക്കെ കേട്ടിരിക്കും. അന്ന് അശോകേട്ടന്‍ ഇങ്ങനെ മെലിഞ്ഞ്‌ വളഞ്ഞിട്ടില്ല. തീക്ഷ്ണമായ കണ്ണുകളും കട്ടിമീശയും മെലിഞ്ഞതെങ്കിലും ആരോഗ്യമുള്ള ശരീരവും തോരാത്ത വര്‍ത്തമാനവുമായി ഒരാള്‍. വായനശാലയിലുണ്ടാവും. അമ്പലപ്പറമ്പിലുണ്ടാവും. തളിക്കുളം സെന്ററിലുണ്ടാവും. നാടകത്തെക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
* * * * *
ധനുമാസം കഴിഞ്ഞിട്ടേയുള്ളൂ. പൂഴിമണ്ണ്‍ രാത്രിമഞ്ഞില്‍ നനഞ്ഞിട്ടുണ്ടായിരുന്നു. അരയാലിലകളില്‍ കാറ്റ്‌ കുഞ്ഞു കിലുക്കകള്‍ കെട്ടിയിട്ടുണ്ടായിരുന്നു. ഏഴിലം പാലയില്‍ അക്കൊല്ലത്തെ ആദ്യത്തെ പൂക്കള്‍ വിരിഞ്ഞിരുന്നു.മണലില്‍ മലര്‍ന്ന് കിടന്ന് കാജാബീഡി വലിച്ചുകൊണ്ട്‌ അശോകേട്ടന്‍ ചൊല്ലി.
അകലെ പര്‍വതാഗ്രത്തില്‍
ഉന്മത്തനായൊരന്ധനെപ്പോലെ
ശിവനിരിക്കുന്നു. . .
പെയ്തുകൊണ്ടിരുന്ന മഞ്ഞ്‌ കവിതയെ തെല്ലും നനയ്ക്കുന്നുണ്ടായിരുന്നില്ല. ആല്‍മരത്തില്‍ ചാരിയിരുന്ന് ഞങ്ങള്‍ എഴുതിയെടുത്തുകൊണ്ടിരുന്നു. പടിക്കല്‍ വന്നുനിന്ന് അമ്മ ഇടയ്ക്കിടെ സമയം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. തലയ്ക്കു സുഖമില്ലാത്ത ഒരാളുടെ കൂടെ രാത്രികളില്‍ ഇരുന്ന് സാഹിത്യം പറയുന്നത്‌ അമ്മയ്ക്ക്‌ അത്ര ഇഷ്ടമായിരുന്നില്ല."മോന്‍ കഥാപുസ്തകങ്ങള്‍ അധികം വായിക്കുകയൊന്നും വേണ്ട... അമ്മായീരോടത്തെ ബാലഷ്ണേട്ടനെ കണ്ടില്ലേ... എത്ര നല്ല സ്വഭാവായിരുന്നു, എന്തൊരു പണിക്കാരനായിരുന്നു. വാതിലൊക്കെ കൊത്തുപണി ചെയ്യുന്നത്‌ കണ്ടാ നോക്കി നിക്കും. നല്ല കയ്യും കണക്കും. കള്ള്‌ കുടിക്കില്യ, കാശ്കണ്ടമാനം കളയില്ല. കഥയെഴ്‌തി കഥയെഴ്‌തി തട്ട് മ്പൊറത്തുനിന്ന് എറങ്ങാണ്ടായി. പിന്നെ നാട്‌ വിട്ട്‌ പോയില്ലേ... ഇന്നലെ വന്നപ്പോഴും അമ്മായിയ്ക്ക്‌ അതു തന്നെയായിരുന്നു പറഞ്ഞ്‌ കരയാന്‌ണ്ടായിരുന്നത്‌."

അക്കാലത്ത്‌ അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു.

അശോകേട്ടന്‍ രണ്ട് നാടകങ്ങളെഴുതി‍. ദുര്‍വ്വാസാവ്‌, കല്‍ക്കി. തളിക്കുളം നാടകശാലയുടെ പേരില്‍ അവ തട്ടില്‍ കയറി. എപ്പോഴും തമാശ പറയുന്ന ഹുസൈനിക്ക,യൗവനം തീരും മുന്‍പേ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചുപോയ ശ്രീനിയേട്ടന്‍, സക്കറിയ, എല്ലാവരും നടന്മാരാണെന്ന് തെളിയിച്ചു ആ നാടകങ്ങള്‍. ഞാന്‍ ആദ്യമായി ഒരു നാടകനടിയെ അടുത്ത്‌ കാണുന്നത്‌ നാടക റിഹേഴ്സല്‍ നടക്കുന്നത്‌ കാണാന്‍ പോയപ്പോഴായിരുന്നു.

* * * * *
പിന്നെയെപ്പോഴാണാവോ അശോകേട്ടന്റെ താളം തെറ്റിയത്‌. പ്രണയത്തകര്‍ച്ചയോ വീട്ടിലെന്തെങ്കിലും പ്രശ്നങ്ങളോ ആരും പറഞ്ഞു കേട്ടിട്ടില്ല. കഞ്ചാവ്‌ വലിക്കുമെന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നു. മുന്‍പേ ചെറുതായി ഉണ്ടായിരുന്ന മനോരോഗം അധികമായി. ഒരവസരത്തില്‍ ആക്രമണോത്സുകത പോലുമുണ്ടായിരുന്നു. ചികില്‍സയുടെ ഒരു ഘട്ടം കഴിഞ്ഞ്‌ പുറത്തുവന്നത്‌ വേറൊരാളായിട്ടായിരുന്നു. വര്‍ത്തമാനം അവനവനോടു മാത്രമായി. വല്ലപ്പോഴും ഏറ്റവും അടുത്തവരോടു മാത്രം മിണ്ടും. കണ്ടിട്ടു മിണ്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചു പോകുമ്പോഴായിരിക്കും പിന്നില്‍നിന്ന് വിളിക്കുക. കൊടും വെയിലിലായാലും നിന്ന് വര്‍ത്തമാനം പറയും. എന്താ അശോകേട്ടാ വിശേഷം എന്നു ചോദിച്ചു ചെന്നാല്‍ കേള്‍ക്കാത്തതുപോലെ പോയെന്നും വരും. ചിലപ്പോള്‍ അത്യാവശ്യമായി ഒരിടത്ത്‌ ചെല്ലാനുണ്ടെന്ന് പറഞ്ഞ്‌ തിരക്കിട്ടു പോകും. ആ യാത്ര മിക്കവാറും വീട്ടില്‍ നിന്നു തുടങ്ങി അമ്പലപ്പറമ്പിലൂടെ കിഴക്കോട്ട്‌ നടന്ന് റോഡിലെത്തി തെക്കോട്ട്‌ നടന്ന് സെന്ററിലൂടെ ബീച്ചുറോഡില്‍ കയറി വടക്കോട്ട്‌ നടന്ന് സ്വന്തം മുറ്റത്തുതന്നെ അവസാനിക്കും. നീ ഇവിടിരിയ്ക്ക്‌ നമുക്ക്‌ വര്‍ത്തമാനം പറയാം എന്നു പറഞ്ഞ്‌ ആല്‍ത്തറയില്‍ പിടിച്ചിരുത്തി മൗനമായിരിക്കും. മിണ്ടാതെ എണീറ്റു നടക്കും. ആരൊക്കെയോ എന്നെ നിരീക്ഷിക്കുന്നുണ്ട്‌ എന്ന് ഇടയ്ക്കിടെ പറയും. മനോരോഗത്തിന്റെ പേരില്‍ മറ്റുള്ളവര്‍ അകറ്റിനിര്‍ത്തുക കൂടി ചെയ്തതോടെ ഉള്ളിലേയ്ക്ക്‌ വലിയല്‍ പൂര്‍ണമായി.
സമൂഹശരീരത്തിന്‌ ഇത്രയേറെ പരിക്കുകള്‍ ഏല്‍ക്കുന്നതിനും മുന്‍പ്‌. വായനശാലകള്‍ ഗ്രാമങ്ങളുടെ ഞരമ്പുകളില്‍നിന്ന് ശസ്ത്രക്രിയയിലൂടെ എടുത്തുകളയപ്പെടുന്നതിനും മുന്‍പ്‌, ക്വൊട്ടേഷനും പീഡനവുമൊക്കെ കൗമാരകാലം മുതലേയുള്ള സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളായിത്തീരുന്നതിനും മുന്‍പ്‌ രണ്ട്‌ നാടകങ്ങള്‍ എഴുതുകയും ഒരു നാട്ടുമ്പുറത്തെ കുറച്ചു യുവാക്കളുടെ ഇച്ഛാശക്തിയുപയോഗിച്ച്‌ ആ നാടകങ്ങള്‍ അരങ്ങിലെത്തിക്കുകയും ചെയ്ത ഒരാളാണ്‌ താന്‍ എന്ന് അശോകേട്ടന്‍ പോലും മറന്നു പോയത്‌ എങ്ങനെയാണാവോ.
തളിക്കുളത്തെ വായനശാലയിലെ പുസ്തകങ്ങള്‍ അശോകേട്ടനെ എന്നപോലെ പലരേയും ഓര്‍മ്മിക്കുന്നുണ്ടാവും. തുന്നലഴിഞ്ഞു തുടങ്ങിയ നോട്ടുപുസ്തകങ്ങളില്‍ എഴുതിയ രണ്ടായിരത്തില്‍പ്പരം കവിതകളും ഗാനങ്ങളും ഇപ്പോള്‍ എവിടെയാണാവൊ!


ചിത്രങ്ങള്‍ : തുളസി
എന്തിനിങ്ങനെ എഴുതുന്നു ഒറ്റ ക്ലിക്ക് പോരേ ഇതൊക്കെ പറയാന്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് തുളസിയുടെ ചിത്രങ്ങള്‍.
* * * * *

Wednesday, July 2, 2008

മീനുകളുടെ ഭാഷ

വിവിധാകാരങ്ങളില്‍ ഭംഗിയുള്ള ചില്ലുകുപ്പികള്‍ ഇന്നത്തേതുപോലെ ലഭ്യമായിരുന്നില്ല അക്കാലത്ത്‌. ജനാര്‍ദ്ദനന്‍ വൈദ്യരുടെ പീടികയില്‍നിന്ന് അമ്മയ്ക്ക്‌ വേണ്ടി വാങ്ങി വരാറുള്ള മരുന്നുകളുടെ കുപ്പി കാണാന്‍ അത്ര നന്നല്ല, പോരാത്തതിന്‌ അതിന്റെ കഴുത്ത്‌ ഇടുങ്ങിയതുമാണ്‌. പിന്നെയുള്ളത്‌ അച്ഛന്‍ കൊണ്ടുവരുന്ന ചാരായക്കുപ്പിയാണ്‌, അതാണെങ്കില്‍ ചാരായഷാപ്പില്‍ കൊടുത്താല്‍ കാശുകിട്ടുമെന്നതുകൊണ്ട്‌ കളിക്കാന്‍ കിട്ടുകയുമില്ല. കിട്ടിയാലും തീരെ ആകര്‍ഷകമല്ല അതിന്റേയും രൂപം. ഒരിക്കല്‍ എവിടെനിന്നാണെന്നോര്‍മ്മയില്ല ഹോര്‍ലിക്സിന്റെ ഒരു ഒഴിഞ്ഞ കുപ്പി കിട്ടി. അതായിരുന്നു കുറേനാളേയ്ക്ക്‌ എന്റെ അക്വേറിയം.

പാടത്തുനിന്ന് പിടിച്ച രണ്ടുമൂന്നു പരല്‍ക്കുഞ്ഞുങ്ങള്‍. (അവയ്ക്ക്‌ സ്വര്‍ണമീനുകളേക്കാള്‍ ഭംഗിയുണ്ട്‌,ചൊടിയും!) അടിയില്‍ പൂഴിമണല്‍, ചെറിയ ചെറിയ വെള്ളാരങ്കല്ലുകള്‍ മൂന്നു നാലു മണി നെല്ല്, രണ്ടുമൂന്നു ദിവസം കൊണ്ട്‌ നെല്‍മണികള്‍ മുളച്ച്‌ ആണ്ടുവളരും. സൂര്യനെക്കാണാനുള്ള കൊതിയോടെയുള്ള അവയുടെ വളര്‍ച്ച, അമ്പലക്കുളത്തിന്റെ നടുവില്‍ മുങ്ങി മണലില്‍ കാല്‍ തൊട്ട്‌ ശ്വാസം കിട്ടാതെ മുകളിലേയ്ക്ക്‌ കുതിക്കുമ്പോള്‍ അനുഭവിച്ചിട്ടുണ്ട്‌. രണ്ടു ദിവസം കഴിഞ്ഞാല്‍ പരലുകള്‍ ചത്തുപൊന്തും. പാടത്തുനിന്ന് വീണ്ടും പരല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ അലങ്കാരമത്സ്യങ്ങളുടെ വേഷം കെട്ടേണ്ടിവരും. ഇടയ്ക്കിടെ വെള്ളം മാറ്റണമെന്നും തീറ്റ്‌ ഇട്ടുകൊടുക്കണമെന്നും അറിയില്ലായിരുന്നു. പാടത്തെ വെള്ളം ആരും ഇടയ്ക്കിടെ മാറ്റുന്നില്ലല്ലോ!

നീന്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുന്നിലെ ചില്ലില്‍ ജലനര്‍ത്തകര്‍ ഇടയ്ക്കിടെ മൂക്കുമുട്ടിച്ചു കൊണ്ടിരിക്കും. ഞങ്ങളെ പുറത്തു വിടൂ, പാടത്ത്‌ പായലുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒളിച്ചു കളിച്ചോട്ടെ. വരമ്പുകളില്‍ ഏകാഗ്രതയോടെ കൊക്കുകളും മരക്കൊമ്പുകളില്‍ പൊന്മകളും ഞങ്ങളെ കാത്തിരിക്കുന്നു. എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. വെള്ളിപോലെ തിളങ്ങുന്ന ചെതുമ്പലുകളും നീന്തലിലെ ഉടല്‍ വഴക്കവും നോക്കി രസിക്കുന്ന അക്കാലത്ത്‌ നിശ്ശബ്ദരുടെ ഭാഷ വശമായിട്ടില്ലായിരുന്നു. ജീവിക്കുന്ന ഇടത്തില്‍നിന്ന് പറിച്ചു മാറ്റപ്പെടുമ്പോഴുണ്ടാകുന്ന കൊടും വേദന അറിയില്ലായിരുന്നു. അപരിചിതമായ ഇടത്ത്‌ വളരുമ്പോഴുണ്ടാവുന്ന, 'ഇത്‌ എന്റേതല്ല' എന്ന ബോധം കൈവന്നിട്ടില്ലായിരുന്നു.

ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കിയ ബള്‍ബില്‍ വെള്ളം നിറച്ചാല്‍ വളരെച്ചെറിയ മീനിനെ അതില്‍ പാര്‍പ്പിക്കാം എന്ന് മനസ്സിലായി. ഒരു ചരടില്‍ കോര്‍ത്താല്‍ കൂടെ കൊണ്ടുനടക്കുകയുമാവാം. ബള്‍ബിന്‌ സത്യത്തില്‍ ചില്ലിന്റെ പുറന്തോടും അലൂമിനിയത്തിന്റെ മൊത്തിയും അതില്‍ നൂലിട്ടുകെട്ടാവുന്ന ദ്വാരവും മാത്രമേ ആവശ്യമുള്ളൂ. ഉള്ളിലെ വടിപോലുള്ള ഭാഗവും അതുറപ്പിച്ച കറുത്ത നിറത്തിലുള്ള വസ്തുവും അമ്മാമ്മ മുറുക്കാനിടിക്കുന്ന ഇരുമ്പു കഷണം കൊണ്ട്‌ എത്ര ബുദ്ധിമുട്ടിയാണ്‌ എടുത്തു കളയാറ്‌! അങ്ങനെ വൃത്തിയാക്കിയ ബള്‍ബില്‍ വെള്ളം നിറച്ച്‌ ജനാലയില്‍ കെട്ടിത്തൂക്കി കണ്ണാടിവെളിച്ചമടിച്ചായിരുന്നു മുറിയിലെ ചുമരുകളില്‍ അക്കാലത്തെ സിനിമാ പ്രദര്‍ശനം. പലതരം ഇലകള്‍, ഫിലിം കഷണങ്ങളിലെ ജയഭാരതിയും നസീറുമൊക്കെ കുമ്മായച്ചുമരില്‍ പ്രത്യക്ഷപ്പെടുന്ന നിശബ്ദസിനിമകള്‍.

അവധിക്കാലമായിരുന്നു. മാമന്റെ വീട്ടിലേയ്ക്ക്‌ പാര്‍ക്കുവാന്‍ പോയാല്‍ ഒരാഴ്ച കഴിഞ്ഞാണ്‌ തിരിച്ചെത്തുക.തെക്കേപ്പറമ്പില്‍ താഴ്‌ന്നു നില്‍ക്കുന്ന കശുമാവിന്‍ ചില്ലയില്‍ ഒരു കുഞ്ഞു പരല്‍മീനെയിട്ട ബള്‍ബ്‌ ഒരിക്കല്‍ കെട്ടി ഞാത്തിയിട്ടിരുന്നു. വെയിലില്‍ മിന്നുന്ന സ്ഫടികത്തിനുള്ളില്‍ അതങ്ങനെ നീന്തിക്കൊണ്ടിരുന്നു. മാമന്റോടെ പോകുവാനുള്ള ഉത്സാഹത്തില്‍ മീന്‍ കുഞ്ഞിനെ മറന്നു പോയി. ഒരാഴ്ച കഴിഞ്ഞ്‌ തിരിച്ചു വന്ന് മുറ്റത്തങ്ങനെ ചുറ്റി നടക്കുമ്പോഴാണ്‌ ഒരു മിന്നല്‍ പോലെ കശുമാവിന്‍ ചില്ലയിലെ ബള്‍ബ്‌ ഓര്‍മ്മ വന്നത്‌. ഓടിച്ചെന്നു നോക്കുമ്പോള്‍ ബള്‍ബ്‌ ഇളകുന്ന ഇലച്ചില്ലയില്‍ തൂങ്ങിക്കിടപ്പുണ്ട്‌. അതിലെ കലക്കമുള്ള വെള്ളത്തില്‍, ഏകാന്തതയില്‍ നീന്തിക്കൊണ്ടിരിക്കുന്നു പരല്‍ക്കുഞ്ഞ്‌.

സ്ഫടികത്തടവറയില്‍ ഒറ്റയ്ക്കങ്ങനെ നീന്തുമ്പോള്‍ അതെന്താവും വിചാരിച്ചിരുന്നിരിക്കുക? എന്നെക്കണ്ടപ്പോള്‍ സംഭ്രമക്കണ്ണുകളാല്‍ നോക്കി അത്‌ എന്തായിരുന്നു പറയുവാന്‍ ശ്രമിച്ചത്‌?

ഇപ്പോഴായിരുന്നെങ്കില്‍, ചില്ലുകൂട്ടിലെ മീന്‍ കുഞ്ഞ്‌ കുളവാഴകള്‍ പൂത്ത ഗ്രാമജലധമനികളെ എന്നപോലെ നാടിനെ, അതിന്റെ ഇടവഴികളെ, വെയിലില്‍ മിന്നുന്ന മണലിനെ ആഗ്രഹിക്കുന്ന എനിയ്ക്ക്‌ അതിന്റെ ഭാഷ ഒരു വാക്കുപോലും വിടാതെ മനസ്സിലാകുമായിരുന്നു.

ചിത്രങ്ങള്‍ : തുളസി

Saturday, June 28, 2008

സംസ്കൃതത്തില്‍ മത്സ്യവും അറബിയില്‍ തുറമുഖവും( മീനാ അലക്സാണ്ടര്‍ - ഇംഗ്ലീഷ്‌ എഴുത്തുകാരിയായ അര്‍ദ്ധ മലയാളി. തന്നെക്കുറിച്ചും തന്റെ എഴുത്തിനേക്കുറിച്ചും പലയിടത്തായി അവര്‍ സൂചിപ്പിച്ചവ മുറിച്ചെടുത്ത്‌ ഭാഷ മാറ്റിയതാണ്‌ ഈ കുറിപ്പ്‌. )


ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചില വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഞാന്‍ ജനിച്ചത്‌. ഇന്ത്യയിലും വടക്കന്‍ ആഫ്രിക്കയിലും വെച്ച്‌ ഇംഗ്ലീഷ്‌ പഠിച്ചു. ഇന്ത്യയില്‍ വെച്ചു ഞാന്‍ ശീലിച്ച ഇംഗ്ലീഷില്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഹിന്ദിയും മലയാളവും ഉണ്ടായിരുന്നു.സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച തമിഴും മറാത്തിയും ഉണ്ടായിരുന്നു. പക്ഷെ ഖാര്‍ത്തൂമില്‍ വെച്ച്‌ ഒരു സ്കോട്ടിഷ്‌ അധ്യാപകനില്‍ നിന്നും പഠിച്ച ഇംഗ്ലീഷ്‌ കര്‍ശനമായിരുന്നു.കോളോണിയന്‍ കാര്‍ക്കശ്യത്തിന്റെ സ്വഭാവമുണ്ടായിരുന്നു അതിന്‌. എങ്ങും പരന്ന അറബിഭാഷയില്‍ നിന്നും ഫ്രഞ്ചില്‍ നിന്നും എന്റെ മാതൃഭാഷയായ മലയാളത്തില്‍ നിന്നും സ്വതന്ത്രവുമായിരുന്നു.
അലഹാബാദിലാണ്‌ ഞാന്‍ ജനിച്ചത്‌.അമ്മ മലയാളിയാണ്‌. മേരി എലിസബത്ത്‌ അലക്സാണ്ടര്‍ എന്നാണെന്റെ യഥാര്‍ഥ പേര്‌. മീന എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്‌. പതിനഞ്ചാം വയസ്സില്‍ ഞാന്‍ എന്റെ ഔദ്ദ്യോഗിക നാമം മീന എന്നാക്കി. പേരു മാറ്റിയതിലൂടെ ഞാന്‍ എന്നെത്തന്നെ മാറ്റുകയായിരുന്നു. എന്നെ ചുറ്റിയിരുന്ന കോളോണിയല്‍ വസ്ത്രം അങ്ങനെ ഞാന്‍ ഊരിയെരിഞ്ഞു.

മീന എന്നത്‌ സംസ്കൃതത്തില്‍ മല്‍സ്യവും ഉറുദുവില്‍ ആഭരണവും അറബിയില്‍ തുറമുഖവുമാണ്‌
എഴുതുന്ന ചില നേരങ്ങളില്‍ എന്റെ ബോധം ഒരു ഒഴിഞ്ഞ ഇടമാണെന്ന് എനിക്ക്‌ തോന്നാറുണ്ട്‌.പൊട്ടും പൊടിയുമായി പലതും അവിടെ വന്നു വീഴുന്നു. കലങ്ങിയ അരുവിയുടെ ഒരു തെല്ല്, മരത്തിന്റെ കടും പച്ചയാര്‍ന്ന ഇലകള്‍, വരണ്ട വഴിയരികിലെ ഉരുളന്‍ കല്ലുകള്‍,സൂര്യവെളിച്ചത്തില്‍ പ്രകാശിക്കുന്ന വെളുത്ത ചുമര്‍, പ്രാവിന്‍ ചിറകുകള്‍, നരച്ച മേല്‍ക്കൂര... അങ്ങനെ പലതും.

വിവിധങ്ങളായ ബിംബങ്ങള്‍ ഓര്‍മകളില്‍ നിന്നും പുറപ്പെടുന്നു. ഓര്‍മകളില്‍ മാത്രമല്ലാതെ ഈ ബിംബങ്ങള്‍ നിലനില്‍ക്കണമെന്ന ഒരു അടങ്ങാത്ത ത്വരയുണ്ടാവുന്നു. അങ്ങനെ അവയ്ക്കു നിലനില്‍ക്കാനുള്ള ഇടമായി കവിത മാറുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇരുണ്ട വിശാലതയിലൂടെ സുഡാനിലേക്കും തിരിച്ചും സഞ്ചരിക്കുമ്പോള്‍ ഇടം നഷ്ടപ്പെട്ട ഒരാളുടെ അവസ്ഥ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. മണല്‍ നിറഞ്ഞ മുറ്റവും ചുവന്ന മേല്‍ക്കൂരയുമുള്ള ഒരു വീട്‌ അപ്രത്യക്ഷമാവുന്നു എവിടെയാണത്‌? എനിക്കറിയില്ല. നഷ്ടപ്പെടലുകള്‍, അകന്നുനില്‍ക്കലുകള്‍ ഉണ്ടാക്കിയ കുട്ടിക്കാലത്തെ ഈ സംഭ്രമവിഹ്വലതകള്‍ എന്നില്‍ എന്നും ഉണ്ടായിരുന്നു. അത്‌ ഒരു ഇന്ദ്രജാലം പോലെ എന്നെ എഴുത്തിലേക്കു നയിച്ചു.

എഴുത്ത്‌ എനിക്കു പലപ്പോഴും ഞാന്‍ പിന്നിട്ട ഇടങ്ങളിലേക്കുള്ള മടക്കമാണ്‌.ഞാന്‍ എന്റെ അമ്മയില്‍ നിന്നും വന്നു.എന്റെ അമ്മൂമ്മയില്‍ നിന്നും വന്നു, എന്നുവന്നാല്‍ യാഥാസ്ഥിതികമായ ചുറ്റുപാടുകള്‍ വരിഞ്ഞുമുറുക്കിയ സ്ത്രീ പരമ്പരയുടെ പിന്തുര്‍ച്ചയല്ല.കുഞ്ഞുങ്ങളെ പ്രസവിക്കലും മുലയൂട്ടി വളര്‍ത്തലുമാണ്‌ സ്ത്രീയുടെ പരമമായ കര്‍മ്മം എന്ന ഉപദേശത്തിന്റെ എതിര്‍വഴിയായിരുന്നു ജീവിതത്തില്‍. വിവാഹിതയും അമ്മയുമായതോടൊപ്പം തന്നെ ഉദ്യോഗവും എഴുത്തും കൊണ്ടുനടന്നു. അങ്ങനെ സമൂഹം കര്‍ശനമായി നിലനിര്‍ത്തുവാന്‍ ശ്രമിച്ച സ്ര്തീ നിര്‍വചനങ്ങളോട്‌ കലഹിച്ചു.

പലപ്പോഴായുള്ള ദേശാടനങ്ങളിലൂടെ തകര്‍ന്നുപോയ ഒരു സ്ത്രീയാണു ഞാന്‍.
പല പ്രാവശ്യം വേരുകള്‍ പിഴുതെടുക്കപെട്ട ചെടി.
കേരളത്തിലും അലഹാബാദിലും സുഡാനിലും ന്യൂയോര്‍ക്കിലുമാണ്‌ ജീവിതം. ഇതാണ്‌ എന്റെ നാട്‌ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയായ്ക.മലയാളിയായ അമ്മയും,ഉത്തരേന്ത്യക്കാരനായ അച്ഛനും, ഇംഗ്ലീഷിലുള്ള എഴുത്തും ഉണ്ടാക്കിയ സ്വത്വപ്രതിസന്ധി വളരെ കടുത്തതാണ്‌.
എവിടെ നിന്നാണ്‌ ഞാന്‍ വരുന്നത്‌?എന്തിനാണ്‌ എഴുതുന്നത്‌? ആരാണ്‌ ഞാന്‍?അമേരിക്കയില്‍ ഇരുന്നെഴുതുന്ന ഒരു കവയത്രി, പക്ഷെ അമേരിക്കന്‍ കവയത്രിയാണൊ? അതൊ എഷ്യന്‍ അമേരിക്കന്‍ എഴുത്തുകാരിയോ? ഇംഗ്ലീഷില്‍ എഴുതുന്ന തെക്കെ ഇന്ത്യാക്കാരിപ്പെണ്ണ്‍? അതോ ഒരു മൂന്നാം ലോകരാജ്യത്തിന്റെ കവയത്രിയോ?
ഇപ്പോള്‍ ഞാന്‍ എവിടെയാണ്‌? എങ്ങോട്ടാണു പോകേണ്ടത്‌?

കേരളത്തില്‍ വരള്‍ച്ചക്കാലത്ത്‌ ഭൂഗര്‍ഭ ജലസ്ഥാനം അടയാളപ്പെടുത്തുവാന്‍ എത്തുന്ന ദിവ്യന്മാരെ ഓര്‍മ്മവരുന്നു. ജലമുള്ള സ്ഥലമെത്തുമ്പോള്‍ അവരുടെ കൈയ്യിലെ അഗ്രം കൂര്‍ത്ത വടി വിറയ്ക്കുവാന്‍ തുടങ്ങും. അതുപോലേ ഞാനും എന്റെ സ്ഥാനം കണ്ടെത്തുമോ?

ഒരു ഭാഷ മറക്കപ്പെടുമ്പോള്‍ അത്‌ എങ്ങോട്ടാണു പോകുന്നത്‌? സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന്‌ബോംബെയില്‍ എത്തുന്ന നിമിഷം അറബിക്‌ നിറഞ്ഞു നിന്നിരുന്ന എന്റെ തലച്ചോര്‍ പൂര്‍ണ്ണമായും ഒഴിയും.പകരം ഹിന്ദി സ്ഥാനം പിടിയ്ക്കും പക്ഷേ മലയാളവും ഫ്രഞ്ചും ഇങ്ങനെ തലയില്‍നിന്നും ഒരിയ്ക്കലും ഒഴിഞ്ഞു പോയിട്ടില്ല. ഇത്‌ എഴുത്തില്‍ എപ്പോഴും സംഭവിക്കുണ്ട്‌.

യുദ്ധഭൂമിയുടെ അരികുകളിലായിരുന്നു എന്റെ കുട്ടിക്കാലം. ആഭ്യന്തരയുദ്ധം മുറുകിയ സുഡാനിലേക്കും തിരിച്ചുമുള്ള സമുദ്രയാത്രകള്‍. യാത്രയ്ക്കിടയ്ക്ക്‌ ഞങ്ങള്‍ യെമനില്‍ ഇറങ്ങാറുണ്ട്‌.അവിടെ തുറസ്സുകളില്‍ ബ്രിട്ടീഷ്‌ പട്ടാളമുണ്ടായിരുന്നു. തകര്‍ന്ന ചുമരുകള്‍ക്കിടയിലിരുന്ന് പോരാടുന്ന യെമനി യൊദ്ധാക്കളും. ഇപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുഫാസിസ്റ്റുകള്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍.....എല്ലാം എന്നെ വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്‌. എന്റെ ഗദ്യത്തിലും പദ്യത്തിലുമെല്ലാം അത്‌ അനുഭവിക്കാനാകും.

കുട്ടിക്കാലത്ത്‌ ഒരു ഇടവുമായി എന്നെ ബന്ധിപ്പിച്ചിരുന്നത്‌ എങ്ങനെയാണ്‌? കണ്ണുകളടച്ചു നില്‍ക്കുമ്പോള്‍, പഴങ്ങള്‍ നിറഞ്ഞ ഒരു വൃക്ഷത്തിന്റെ തഴ്‌ന്ന കൊമ്പില്‍ നാലുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ കാണാം. കടും പച്ചയിലകളുടെ പുതപ്പിനുള്ളിലാണവള്‍. മരക്കൊമ്പില്‍ കാലുകള്‍ പൂട്ടിയിട്ട്‌ തലകീഴായി തൂങ്ങിക്കിടന്ന് അവള്‍ കണ്ണുകള്‍ വിടര്‍ത്തി ചുറ്റും കാണുന്നു.തന്റെ പരുത്തിപ്പാവാട മുഖത്തേക്ക്‌ ഊര്‍ന്നുവീഴാതിരിക്കുവാന്‍ അത്‌ അവള്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കിവെച്ചിട്ടുണ്ട്‌. സൂര്യവെളിച്ചം അവളുടെ മുഖം തിളക്കമുള്ളതാക്കുന്നു. ആകാശവും കടും പച്ചയിലകളും ഭൂമിയും അവള്‍ തല കീഴായി കാണുകയാണ്‌. ഇലകള്‍ കൊണ്ടോ പാവാട കൊണ്ടോ അവളുടെ മുഖം മൂടുവാന്‍ ഒരു കാറ്റുപോലുമില്ല. അങ്ങനെ തൂങ്ങിക്കിടന്ന് അവള്‍ പതുക്കെ ആടിക്കൊണ്ടിരുന്നു. താഴെ യാത്രാവഴികള്‍ തലങ്ങും വിലങ്ങും മുറിച്ച ഭൂമിയിലേക്ക്‌ വരുവാന്‍ അവള്‍ തയ്യാറാവുന്നില്ല.

പെണ്‍കുട്ടിയുടെ ഉടല്‍ ഒരു ഉരുളന്‍ കല്ലുപോലെ അല്ലെങ്കില്‍ ചെടിയുടെ വേരുപോലെ പ്രകൃതിയുടെ ഭാഗമാണ്‌.പച്ചമരത്തില്‍ ഉറഞ്ഞ ചോര.

Sunday, June 22, 2008

മറഞ്ഞുപോയവര്‍ വിരുന്നുപാര്‍ക്കാന്‍ വരുന്ന ഇടം

സ്വപ്നമായിരുന്നോ എന്ന് അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട് ജീവിതത്തില്‍. അനുഭവങ്ങളേക്കാള്‍ തീവ്രവേദന സമ്മാനിച്ചിട്ടുള്ള സ്വപ്നങ്ങളുമുണ്ടായിട്ടുണ്ട്. സ്വപ്നങ്ങള്‍ നീന്തിക്കുളിക്കാനിറങ്ങുന്ന പുഴയിലേയ്ക്കുള്ള കല്‍പ്പടവുകളാണ് ഓരോ ഉറക്കവും. പകുതി വായിച്ച് അടച്ചുവച്ച പുസ്തകം വീണ്ടും തുറക്കുന്നതുപോലെ തുടര്‍ച്ചയുള്ള രാത്രികളില്‍ സ്ഥിരം സന്ദര്‍ശകരുണ്ടാവും. നീലസാരിയുടുത്ത് കൈയ്യിലൊരു പുസ്തകവുമായി മിനി, കൈയ്യിലോ കാലിലോ മുറിവിന്റെ തുന്നിക്കെട്ടുമായി ബാബു, തിരുനെല്ലൂരിന്റെ കവിതയുമായി വാസു... മരിച്ചുപോയ പ്രിയപ്പെട്ടവരുമായി വര്‍ത്തമാനം പറയാനുള്ള സമയം.
കാപ്പിനിറത്തില്‍ വെള്ള ഈര്‍ക്കില്‍ വരയുള്ള ഷര്‍ട്ടിട്ടു വരുന്ന അച്ഛന്‍. ചാരായത്തിന്റെ വിയര്‍പ്പില്‍ നെറ്റിയിലേയും നെഞ്ചത്തേയും ചന്ദനം അലിഞ്ഞിട്ടുണ്ടാവും. ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത സ്നേഹത്തോടെ ചിരിക്കും. അമ്പലത്തിലെ ചുറ്റുവിളക്ക് കഴിഞ്ഞു വീട്ടില്‍ വന്ന് ചങ്ങാതിയുമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു ഹൃദയസ്തംഭനം മൂലം അച്ഛന്‍ മരിച്ചത്. ആയിടെയൊന്നും ഞാന്‍ അച്ഛനെ കണ്ടിരുന്നില്ല. മരണസമയത്തും അടുത്തുണ്ടായിരുന്നില്ല. കൌമാരപ്രായം വിട്ടിട്ടില്ലാത്ത മക്കള്‍ വഴിതെറ്റിപ്പോകാന്‍ തുടങ്ങുകയാണെന്ന് ഭയക്കാന്‍ തുടങ്ങുമ്പോള്‍, എല്ലാ പിതാക്കന്മാര്‍ക്കും നാട്ടുനടപ്പുള്ള പരിഭ്രമം കൊണ്ടുള്ള മുന്‍കരുതല്‍ മാത്രമാണ് അച്ഛന്റെ സ്നേഹരാഹിത്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നുമില്ല. പലതും പറയാന്‍ ബാക്കിവച്ചിരുന്നിരിക്കണം, തരുവാനും. അതാവണം സങ്കടം ഉരുള്‍പൊട്ടുന്ന ദിനങ്ങളില്‍, എനിയ്ക്കേറെ ഇഷ്ടമുള്ള ഷര്‍ട്ടുമിട്ട് അടുത്തു വരുന്നത്. ചാരായം കുമ്മുന്ന ചുണ്ടുകള്‍ കൊണ്ട് കവിളില്‍ ഉമ്മ വയ്ക്കുന്നത്.
അപ്പോഴൊന്നും ഒരിക്കലും കുറ്റപ്പെടുത്തി സംസാരിക്കില്ല. കറുത്ത ചട്ടയുള്ള കണ്ണടയ്ക്കു മുകളിലൂടെയുള്ള കൂര്‍ത്ത നോട്ടവുമുണ്ടാവാറില്ല. മതി സംസാരിച്ചത് എന്ന മുന്നറിയിപ്പായി മൂര്‍ച്ചയോടെ മുരടനക്കാറുമില്ല. പരുക്കന്‍ പ്രതലങ്ങള്‍ മൃദുവാകാന്‍ തുടങ്ങിയ കാലത്തായിരുന്നു പൊടുന്നനേ ജീവിതം കഴിഞ്ഞ് അച്ഛന്‍ തിരിച്ചു പോയത്. അതായിരിക്കാം, ഞാനതൊന്നുമല്ലായിരുന്നു എന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ രാത്രികളില്‍ നിരന്തരം സ്നേഹത്തിന്റെ മണവുമായി വരുന്നത്.
അവധിയ്ക്ക് നാട്ടില്‍ ചെല്ലുമ്പോള്‍, പുസ്തകവും ചോക്കും ചൂരലും മുഖത്ത് പ്രധാനാദ്ധ്യാപികയുടെ നാട്യവുമായി ട്യൂഷന്‍സെന്ററിന്റെ മുമ്പിലെ അരമതിലില്‍ ഇരിപ്പുണ്ടാവും മിനി.
“എന്താടാ എനിയ്ക്ക് കൊണ്ടുവന്നിട്ടുള്ളത്?” എന്ന് ചോദിക്കും.
മരിച്ചുപോയി എന്നു കരുതി കൂട്ടുകാരിയ്ക്ക് ഒന്നും കൊണ്ടുവന്നില്ലല്ലോ എന്നു വിഷമിക്കുമ്പോള്‍ ചിരിച്ച് അവള്‍ പറയും.
“ഞാന്‍ തീര്‍ന്നുപോയെന്നു വിചാരിച്ചോ നീ? വെറുതേ നിന്നെ പേടിപ്പിക്കാന്‍ ഇവരൊക്കെ വെറുതേ പറഞ്ഞതല്ലേ. ഒരു പ്രണയം തകര്‍ന്നതിന് ആത്മഹത്യ ചെയ്യാന്‍ മാത്രം സില്ലിയാണോ ഞാന്‍? നിനക്ക് ഞാന്‍ വാക്കു തന്നിട്ടില്ലേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ആത്മഹത്യ ചെയ്യില്ലെന്ന്! പോയി നിന്റെ കൂട്ടുകാരനെ വിളിച്ചു കൊണ്ടുവാ, ഞങ്ങടെ കല്യാണം നടത്തിത്താ”
വിശ്വസിക്കാനാവാതെ ഞാന്‍ അവളുടെ മുഖത്തു നോക്കി നില്‍ക്കും. അവള്‍ ഉറക്കെ ചിരിക്കും. നിരയൊത്ത പല്ലുകളില്‍ നിറം മങ്ങിയ ഒന്നിനെ തിരിച്ചറിഞ്ഞ് അതവള്‍ തന്നെയെന്ന് ഉറപ്പു വരുത്തും. കുറ്റവും കുറവും കണ്ടുപിടിക്കലാണ് അടുത്ത പരിപാടി. പഴയ രാധാസ് സോപ്പിന്റെ മണമൊക്കെ പോയി ചെക്കന്‍ ഇപ്പൊ വല്യ പെര്‍ഫ്യൂം കുമാരനായി. ആരെ കാണിക്കാനാ ഈ വേഷം കെട്ടലൊക്കെ? ആരെക്കുറിച്ചെഴുതിയതാ ആ കവിത? ഗള്‍ഫിലും ഇവിടത്തെപ്പോലെ ബസ് സര്‍വീസുണ്ടോ? സ്ത്രീകള്‍ മുന്‍സീറ്റിലാണോ ഇരിക്കുക? അറബിനാടാണ്. വെറുതേ കുരുത്തക്കേടൊന്നും ഒപ്പിക്കല്ലേ കുരുത്തങ്കെട്ടോനേ....
പേര്‍ഷ്യക്കാരാ സ്വര്‍ണവാച്ചൊക്കെ കെട്ടി നടക്കാന്‍ നാണമില്ലേ നിനക്ക് എന്ന് ഒരു സ്വപ്നത്തില്‍ അവള്‍ ചോദിച്ചതിനുശേഷം കുറേക്കാലത്തേയ്ക്ക് വാച്ചുപേക്ഷിച്ചു.
എത്രയോ കുറി ആവര്‍ത്തിക്കപ്പെട്ട സ്വപ്നം. ഇനിയും കാണുമായിരിക്കും.
മുട്ടൊപ്പം പൂഴ്ന്നുപോകുന്ന മണലുണ്ടായിരുന്നു അമ്പലപ്പറമ്പില്‍. ഓടിത്തൊട്ടു കളിക്കുമ്പോഴാണ് കാലുകളില്‍ മണല്‍ പിടി മുറുക്കുക. പെട്ടെന്നു കുഴഞ്ഞു പോകും. പല രാത്രികളിലും ദു:സ്വപ്നങ്ങള്‍ എന്നെ ഓടിച്ചിട്ടു പിടിച്ചിട്ടുള്ളത് പഞ്ചസാരയുടെ നിറവും കുട്ടിക്കാലത്തിന്റെ മധുരവുമുള്ള ആ കളിസ്ഥലത്തുവച്ചാണ്. മഴ വാരിയെടുത്തു കൊണ്ടുപോയ മണലിനു കീഴില്‍ ഉറച്ച അടിമണ്ണ് തെളിഞ്ഞിട്ട് കാലമേറെയായി.
ഒരേ തിരക്കഥകൊണ്ടാണ് ദു:സ്വപ്നങ്ങളെല്ലാം ചിത്രീകരിക്കുക പതിവ്. കഥാപാത്രങ്ങള്‍ മാത്രം മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഉറക്കെ തെറിപറഞ്ഞുകൊണ്ട് ഓടി വരുന്ന മദ്യപിച്ച ഒരു നായ്ക്കൂട്ടമാകും. അല്ലെങ്കില്‍ ബ്രേക്കുപൊട്ടി ഹോണടിച്ചു വരുന്ന കൊമ്പനാന. അതുമല്ലെങ്കില്‍ ഡ്രൈവറില്ലാതെ ചിന്നം വിളിച്ച് പാഞ്ഞുവരുന്ന ചുവന്ന ചായമടിച്ച, ദുര്‍മുഖമുള്ള വാഹനം. പൂഴിമണലിലൂടെ ഓടിയോടി കാലുകള്‍ കുഴയും. ഉണരുമ്പോള്‍ വിയര്‍ത്തു കുളിച്ചിട്ടുണ്ടാവും.
നിര്‍ത്താതെയുള്ള ഓട്ടങ്ങള്‍. സ്നേഹത്തിന്റെ അറ്റങ്ങള്‍ കൂട്ടിക്കെട്ടാനുള്ള വിഫലശ്രമങ്ങള്‍. അവ‍ സ്വപ്നങ്ങളിലേയ്ക്ക് സംക്രമിക്കുന്നതുകൊണ്ടാവാം, ഓടിത്തളരുന്ന ഒരു ദുസ്വപ്നം പോലുമില്ലാതെ ഉറക്കത്തിന്റെ വെള്ളിത്തിര കെടില്ല എന്ന നിലയിലേയ്ക്ക് ജീവിതത്തെ എത്തിച്ചത്!

Monday, June 9, 2008

വിത്സന് ഉണ്ണി പിറന്നു

പെണ്‍കുഞ്ഞ്

ഇന്ന് (ജൂണ്‍ 9) വൈകീട്ട് ആറുമണി എട്ട് മിനിറ്റ്

ആരാരോ ആരിരാരോ