Wednesday, July 2, 2008

മീനുകളുടെ ഭാഷ

വിവിധാകാരങ്ങളില്‍ ഭംഗിയുള്ള ചില്ലുകുപ്പികള്‍ ഇന്നത്തേതുപോലെ ലഭ്യമായിരുന്നില്ല അക്കാലത്ത്‌. ജനാര്‍ദ്ദനന്‍ വൈദ്യരുടെ പീടികയില്‍നിന്ന് അമ്മയ്ക്ക്‌ വേണ്ടി വാങ്ങി വരാറുള്ള മരുന്നുകളുടെ കുപ്പി കാണാന്‍ അത്ര നന്നല്ല, പോരാത്തതിന്‌ അതിന്റെ കഴുത്ത്‌ ഇടുങ്ങിയതുമാണ്‌. പിന്നെയുള്ളത്‌ അച്ഛന്‍ കൊണ്ടുവരുന്ന ചാരായക്കുപ്പിയാണ്‌, അതാണെങ്കില്‍ ചാരായഷാപ്പില്‍ കൊടുത്താല്‍ കാശുകിട്ടുമെന്നതുകൊണ്ട്‌ കളിക്കാന്‍ കിട്ടുകയുമില്ല. കിട്ടിയാലും തീരെ ആകര്‍ഷകമല്ല അതിന്റേയും രൂപം. ഒരിക്കല്‍ എവിടെനിന്നാണെന്നോര്‍മ്മയില്ല ഹോര്‍ലിക്സിന്റെ ഒരു ഒഴിഞ്ഞ കുപ്പി കിട്ടി. അതായിരുന്നു കുറേനാളേയ്ക്ക്‌ എന്റെ അക്വേറിയം.

പാടത്തുനിന്ന് പിടിച്ച രണ്ടുമൂന്നു പരല്‍ക്കുഞ്ഞുങ്ങള്‍. (അവയ്ക്ക്‌ സ്വര്‍ണമീനുകളേക്കാള്‍ ഭംഗിയുണ്ട്‌,ചൊടിയും!) അടിയില്‍ പൂഴിമണല്‍, ചെറിയ ചെറിയ വെള്ളാരങ്കല്ലുകള്‍ മൂന്നു നാലു മണി നെല്ല്, രണ്ടുമൂന്നു ദിവസം കൊണ്ട്‌ നെല്‍മണികള്‍ മുളച്ച്‌ ആണ്ടുവളരും. സൂര്യനെക്കാണാനുള്ള കൊതിയോടെയുള്ള അവയുടെ വളര്‍ച്ച, അമ്പലക്കുളത്തിന്റെ നടുവില്‍ മുങ്ങി മണലില്‍ കാല്‍ തൊട്ട്‌ ശ്വാസം കിട്ടാതെ മുകളിലേയ്ക്ക്‌ കുതിക്കുമ്പോള്‍ അനുഭവിച്ചിട്ടുണ്ട്‌. രണ്ടു ദിവസം കഴിഞ്ഞാല്‍ പരലുകള്‍ ചത്തുപൊന്തും. പാടത്തുനിന്ന് വീണ്ടും പരല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ അലങ്കാരമത്സ്യങ്ങളുടെ വേഷം കെട്ടേണ്ടിവരും. ഇടയ്ക്കിടെ വെള്ളം മാറ്റണമെന്നും തീറ്റ്‌ ഇട്ടുകൊടുക്കണമെന്നും അറിയില്ലായിരുന്നു. പാടത്തെ വെള്ളം ആരും ഇടയ്ക്കിടെ മാറ്റുന്നില്ലല്ലോ!

നീന്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുന്നിലെ ചില്ലില്‍ ജലനര്‍ത്തകര്‍ ഇടയ്ക്കിടെ മൂക്കുമുട്ടിച്ചു കൊണ്ടിരിക്കും. ഞങ്ങളെ പുറത്തു വിടൂ, പാടത്ത്‌ പായലുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒളിച്ചു കളിച്ചോട്ടെ. വരമ്പുകളില്‍ ഏകാഗ്രതയോടെ കൊക്കുകളും മരക്കൊമ്പുകളില്‍ പൊന്മകളും ഞങ്ങളെ കാത്തിരിക്കുന്നു. എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. വെള്ളിപോലെ തിളങ്ങുന്ന ചെതുമ്പലുകളും നീന്തലിലെ ഉടല്‍ വഴക്കവും നോക്കി രസിക്കുന്ന അക്കാലത്ത്‌ നിശ്ശബ്ദരുടെ ഭാഷ വശമായിട്ടില്ലായിരുന്നു. ജീവിക്കുന്ന ഇടത്തില്‍നിന്ന് പറിച്ചു മാറ്റപ്പെടുമ്പോഴുണ്ടാകുന്ന കൊടും വേദന അറിയില്ലായിരുന്നു. അപരിചിതമായ ഇടത്ത്‌ വളരുമ്പോഴുണ്ടാവുന്ന, 'ഇത്‌ എന്റേതല്ല' എന്ന ബോധം കൈവന്നിട്ടില്ലായിരുന്നു.

ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കിയ ബള്‍ബില്‍ വെള്ളം നിറച്ചാല്‍ വളരെച്ചെറിയ മീനിനെ അതില്‍ പാര്‍പ്പിക്കാം എന്ന് മനസ്സിലായി. ഒരു ചരടില്‍ കോര്‍ത്താല്‍ കൂടെ കൊണ്ടുനടക്കുകയുമാവാം. ബള്‍ബിന്‌ സത്യത്തില്‍ ചില്ലിന്റെ പുറന്തോടും അലൂമിനിയത്തിന്റെ മൊത്തിയും അതില്‍ നൂലിട്ടുകെട്ടാവുന്ന ദ്വാരവും മാത്രമേ ആവശ്യമുള്ളൂ. ഉള്ളിലെ വടിപോലുള്ള ഭാഗവും അതുറപ്പിച്ച കറുത്ത നിറത്തിലുള്ള വസ്തുവും അമ്മാമ്മ മുറുക്കാനിടിക്കുന്ന ഇരുമ്പു കഷണം കൊണ്ട്‌ എത്ര ബുദ്ധിമുട്ടിയാണ്‌ എടുത്തു കളയാറ്‌! അങ്ങനെ വൃത്തിയാക്കിയ ബള്‍ബില്‍ വെള്ളം നിറച്ച്‌ ജനാലയില്‍ കെട്ടിത്തൂക്കി കണ്ണാടിവെളിച്ചമടിച്ചായിരുന്നു മുറിയിലെ ചുമരുകളില്‍ അക്കാലത്തെ സിനിമാ പ്രദര്‍ശനം. പലതരം ഇലകള്‍, ഫിലിം കഷണങ്ങളിലെ ജയഭാരതിയും നസീറുമൊക്കെ കുമ്മായച്ചുമരില്‍ പ്രത്യക്ഷപ്പെടുന്ന നിശബ്ദസിനിമകള്‍.

അവധിക്കാലമായിരുന്നു. മാമന്റെ വീട്ടിലേയ്ക്ക്‌ പാര്‍ക്കുവാന്‍ പോയാല്‍ ഒരാഴ്ച കഴിഞ്ഞാണ്‌ തിരിച്ചെത്തുക.തെക്കേപ്പറമ്പില്‍ താഴ്‌ന്നു നില്‍ക്കുന്ന കശുമാവിന്‍ ചില്ലയില്‍ ഒരു കുഞ്ഞു പരല്‍മീനെയിട്ട ബള്‍ബ്‌ ഒരിക്കല്‍ കെട്ടി ഞാത്തിയിട്ടിരുന്നു. വെയിലില്‍ മിന്നുന്ന സ്ഫടികത്തിനുള്ളില്‍ അതങ്ങനെ നീന്തിക്കൊണ്ടിരുന്നു. മാമന്റോടെ പോകുവാനുള്ള ഉത്സാഹത്തില്‍ മീന്‍ കുഞ്ഞിനെ മറന്നു പോയി. ഒരാഴ്ച കഴിഞ്ഞ്‌ തിരിച്ചു വന്ന് മുറ്റത്തങ്ങനെ ചുറ്റി നടക്കുമ്പോഴാണ്‌ ഒരു മിന്നല്‍ പോലെ കശുമാവിന്‍ ചില്ലയിലെ ബള്‍ബ്‌ ഓര്‍മ്മ വന്നത്‌. ഓടിച്ചെന്നു നോക്കുമ്പോള്‍ ബള്‍ബ്‌ ഇളകുന്ന ഇലച്ചില്ലയില്‍ തൂങ്ങിക്കിടപ്പുണ്ട്‌. അതിലെ കലക്കമുള്ള വെള്ളത്തില്‍, ഏകാന്തതയില്‍ നീന്തിക്കൊണ്ടിരിക്കുന്നു പരല്‍ക്കുഞ്ഞ്‌.

സ്ഫടികത്തടവറയില്‍ ഒറ്റയ്ക്കങ്ങനെ നീന്തുമ്പോള്‍ അതെന്താവും വിചാരിച്ചിരുന്നിരിക്കുക? എന്നെക്കണ്ടപ്പോള്‍ സംഭ്രമക്കണ്ണുകളാല്‍ നോക്കി അത്‌ എന്തായിരുന്നു പറയുവാന്‍ ശ്രമിച്ചത്‌?

ഇപ്പോഴായിരുന്നെങ്കില്‍, ചില്ലുകൂട്ടിലെ മീന്‍ കുഞ്ഞ്‌ കുളവാഴകള്‍ പൂത്ത ഗ്രാമജലധമനികളെ എന്നപോലെ നാടിനെ, അതിന്റെ ഇടവഴികളെ, വെയിലില്‍ മിന്നുന്ന മണലിനെ ആഗ്രഹിക്കുന്ന എനിയ്ക്ക്‌ അതിന്റെ ഭാഷ ഒരു വാക്കുപോലും വിടാതെ മനസ്സിലാകുമായിരുന്നു.

ചിത്രങ്ങള്‍ : തുളസി

23 comments:

അനിലൻ said...

മീനുകളുടെ ഭാഷ

Anonymous said...

are you sure about that?


berto xxx

aneeshans said...

അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി കോണിപ്പടിയില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ആള്‍. ഓര്‍മ്മകളിലേക്ക് തന്റെ തന്നെ ജീവിതം വാങ്ങാന്‍ പോയ ഒരാള്‍. തൊട്ടപ്പുറത്ത് ഒരാള്‍ക്ക് കൂടി സ്ഥലമിട്ട് നീങ്ങി ഇരുന്ന ആള്‍.
ആ ഒഴിച്ചിട്ട സ്ഥലത്ത് അയാള്‍ക്കൊപ്പമിരിക്കാന്‍ ആരാണ് വന്നിരിക്കുക.
- കരുണാകരന്‍

( രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തിന്റെ അവതാരികയില്‍ നിന്ന്)

സുല്‍ |Sul said...

“ചില്ലുകൂട്ടിലെ മീന്‍ കുഞ്ഞ്‌ കുളവാഴകള്‍ പൂത്ത ഗ്രാമജലധമനികളെ എന്നപോലെ നാടിനെ, അതിന്റെ ഇടവഴികളെ, വെയിലില്‍ മിന്നുന്ന മണലിനെ ആഗ്രഹിക്കുന്ന എനിയ്ക്ക്‌ അതിന്റെ ഭാഷ ഒരു വാക്കുപോലും വിടാതെ മനസ്സിലാകുമായിരുന്നു.“ എനിക്കും മനസ്സിലാകുന്നു ആ ഭാഷ. മീനുകളുടെ ഭാഷ.
-സുല്‍

Anonymous said...

ഒരു നൊടിയിടയ്ക്ക് ആ പരല്‍മീന്‍ ഞാനാണെന്നോര്‍ത്ത് പോയി.സ്ഥലകാല വിഭ്രമങ്ങളുടെ ഒരു നിമിഷം.

[ nardnahc hsemus ] said...

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവന്റെ പിടച്ചില്‍, അംഗോപാഗംഗങ്ങള്‍ വിടര്‍ത്തി സ്വന്തം ഗ്രാമത്തിന്റെ സ്നേഹപ്രവാഹത്തിലൂടെ കഴുത്തോളം മുങ്ങി, നീന്തിത്തുടിയ്ക്കാന്‍ വെമ്പുന്നവന്റെ നെടുവീര്‍പ്പുകള്‍ വരികളിലുടനീളം അനുഭവപ്പെടുന്നു.

Sanal Kumar Sasidharan said...

അനിലാ..സത്യം പറ നിങ്ങൾ എന്റെ ജീവിതമായിരുന്നു ജീവിച്ചിരുന്നത് .അതോ എല്ലാരും ഒരു ജീവിതം തന്നെയാണോ ജീവിക്കുന്നത്.വെറുതേ തോന്നുന്നതാണോ നമുക്ക് എന്റെ ജീവിതം എന്റെ ജീവിതം എന്ന് ?

ഞാന്‍ ഇരിങ്ങല്‍ said...

ഗ്രാമത്തിന്‍ റെ മണവും തുടിപ്പും ഉണ്ട്. ഭാഷയും നന്ന്.
മീനുകളുടെ ഭാഷയും വേദനയും മനസ്സിലാകുന്നു. ഗൃഹാതുരയുടെ മൂര്‍ത്ത സങ്കല്പങ്ങള്‍ തന്നെ.
സാമൂഹ്യ പരതയിലേക്ക് ഊന്നല്‍ കൊടുത്തുവെങ്കില്‍ കൂടുതല്‍ തവണ വായിക്കുവാന്‍ പ്രേരിപ്പിക്കും
പക്ഷെ എല്ലാ അനുഭവങ്ങളും സമൂഹത്തിലേക്ക് കടത്തുവാന്‍ കഴിയില്ലല്ലോ. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാ മണ്ണുകൊണ്ടും വീടുണ്ടാക്കാന്‍ പറ്റാത്തതു പോലെ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

നജൂസ്‌ said...

ഒന്നും പറയാനില്ല അനിലാ... അല്ലങ്കിലെന്ത്‌ ഞാന്‍ എന്നോട്‌ തന്നെ പറയും. സനല്‍ ചോദിക്കുന്നു......
മൂട്‌ തുരന്ന ബള്‍ബുകള്‍ക്കകത്ത്‌ ഉജാല വെള്ളിത്തിലെന്റെ ഓര്‍മ്മകള്‍...

തറവാടി said...

ഉള്ളുലുള്ളതറിയാന്‍ വേണ്ടി വെളുത്തകുപ്പികള്‍ക്ക് നല്ല ഡിമാന്‍‌റ്റായിരുന്നു , കളിക്കാന്‍ കിട്ടുന്നത് കടും നിറത്തിലുള്ളതും മീനിട്ടാല്‍ കാണുകയുമില്ല.

വെളിച്ചെണ്ണ നിറച്ച , ചരട് കെട്ടിയ കുപ്പിയില്‍ നിന്നും അതു മറ്റൊരുകുപ്പിയിലേക്ക് ആരും കാണതെ മാറ്റുന്നതിനിടയില്‍ പുറത്തുപോയ വെളിച്ചെണ്ണയില്‍ ചവിട്ടിവീണതിനടി കിട്ടിയെങ്കിലും വെളുത്തകുപ്പി ഉമ്മ തിരിച്ചുവാങ്ങിയില്ല.

കുപ്പിക്കുള്ളില്‍ എണ്ണമയം ഉള്ളതിനാല്‍ ആണെന്ന് തോന്നുന്നു അധിക നേരം മീനുകള്‍ക്ക് ജീവിക്കാനാകുമായിരുന്നില്ല.

കിണറില്‍ നിന്നും 'ഒറു' ഒഴുകി വരുന്ന തെളിഞ്ഞവെള്ളത്തിന്‍‌റ്റെ ഒഴുക്കിനെതിരെ ശക്തിയായി വെള്ളം തെറിപ്പിക്കുമ്പൊള്‍ ചുരുങ്ങിയത് മൂന്ന് മീനെങ്കിലും കിട്ടുന്നതിനാല്‍ കുഴപ്പമില്ലായിരുന്നു.

ബള്‍ബിന്‍‌റ്റെ കാപ് തിരിച്ച് ഊരിയെടുക്കുമ്പൊള്‍ പൊട്ടിയ ചില്ല് കയറിയത് കയ്യിന്‍‌റ്റെ നടുവില്‍.

അനിലാ നന്ദി , എനിക്കെന്‍‌റ്റെ ഓര്‍മ്മകളെ തന്നതിന്

( മീനുകളുടെ ഭാഷ അറിയില്ല :) )

Kaithamullu said...

സുവര്‍ണബള്‍‍ബുകളില്‍ വെള്ളം നിറച്ച് കെട്ടിത്തൂക്കിയിട്ട് അതില്‍ പരല്‍മീനുകളെപ്പോലെ വളര്‍ത്തപ്പെടുന്ന ബാല്യം അനുഭവിക്കുന്ന ഇന്നത്തെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ക്കാന്‍, അവരുടെ ഭാഷയറിയാന്‍ ആര്‍?

Anonymous said...

ഇരിങ്ങല്‍,

എന്തിനേയും, ഏതിനേയും സാമൂഹ്യപരമായും, രാഷ്ട്രീയ പരവുമായെ കാണൂ എന്ന കടും പിടുത്തം എന്തിന് ? നിങ്ങളുടെ മാര്‍ക്കിടല്‍ പലപ്പോഴും വായനയെ അലോസരപ്പെടുത്തുന്നുണ്ട്.എല്ലാ മണ്ണു കൊണ്ടും വീടുണ്ടാക്കാന്‍ പറ്റില്ലെന്ന് അനിലന്‍ പറയുമ്പോള്‍ അതു മനസിലാക്കാനുള്ള പക്വതയെങ്കിലും താങ്കള്‍ കാണിക്കണം. സ്വയം അപഹാസ്യനാവനുള്ള തീരുമാനം എടുത്തയാളുടെ തീരുമാനം മാറ്റാനാവില്ലെന്നറിയാം. പറഞ്ഞു അത്രയേ ഉള്ളൂ. നന്ദി

അനിലാ ഓഫിനു മാപ്പ്. ആരും ഈ കമന്റിന്റെ പിന്നാലെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

കണ്ണൂസ്‌ said...

വളരേണ്ടായിരുന്നു!

സജി said...

താങ്കളുടെ അഭിപ്രായം , അത് ഒരു സുപ്രീം കോടതി വിധി പോലെ ആയല്ലോ അനോനി..

അപ്പിലു കൊടുക്കാന്‍ ഇനി മേല്‍ക്കോടതയില്ല!

എങ്കിലുംലും മാനിക്കുന്നു..അതിന്റെ പിന്നാലെ പോകുന്നില്ല..

കമന്റുകള്‍ വായിച്ചാല്‍ തന്നെ അറിയാം...എല്ലാവരും.. എന്തൊക്കെയോ ഓര്‍ത്തുപോയി എന്ന്...
അത്, ഞാനും അങ്ങിനെ തന്നെ ...

നന്ദി അനിലന്‍.

ശ്രീലാല്‍ said...

ഒന്നറിയുമോ,അഗ്രഗേറ്ററില്‍ ഈ പോസ്റ്റിന്റെ തലക്കെട്ട് കണ്ടപ്പോള്‍ത്തന്നെ തുളസി കേറിമറിഞ്ഞിരുന്നു എന്റെ മനസ്സില്‍.

വല്യമ്മായി said...

ഫോട്ടോ കണ്ടപ്പോഴേ മനസ്സിലായി തളിക്കുളമല്ലെന്ന്,തളിക്കുളത്തെ തറവാട്ടു കുളത്തിനു ചുറ്റും കൈതയായിരുന്നു :)

പാര്‍ത്ഥന്‍ said...

അമ്പലക്കുളത്തിന്റെ നടുവില്‍ മുങ്ങി മണലില്‍ കാല്‍ തൊട്ട്‌ ശ്വാസം കിട്ടാതെ മുകളിലേയ്ക്ക്‌ കുതിക്കുമ്പോള്‍ അനുഭവിച്ചിട്ടുണ്ട്‌.

മുകളിലേയ്ക്കുള്ള കുതിപ്പില്‍ ഇന്നും അനുഭവിക്കുന്നു.

ഉത്സവങ്ങള്‍ക്കും കല്യാണങ്ങള്‍ക്കും തോരണമിടുന്ന നിറമുള്ള കടലാസുകള്‍ കൊണ്ടുവന്ന്‌ പലനിറത്തിലുമുള്ള വെള്ളം ബള്‍ബില്‍ നിറച്ച്‌ തൂക്കിയിടുന്ന ആ കാലത്തിലേയ്ക്ക്‌ ഒന്നു തിരിഞ്ഞുനോക്കാന്‍ ഈ പോസ്റ്റ്‌ ഉപകരിച്ചു.

siva // ശിവ said...

ഇതു തന്നെയാ നാം എല്ലാവരുടെയും കുഴപ്പം...എല്ലാം ഒന്ന് മനസ്സിലാക്കി വരുമ്പോഴേയ്ക്കും ഏറെ വൈകിയിരിക്കും.

നല്ല ചിന്ത ഇങ്ങനെ പങ്കുവയ്ച്ചതിന് നന്ദി!

സസ്നേഹം,

ശിവ

riyaz ahamed said...

പരല്‍ മീനിന്റെ വഴികള്‍

ജ്യോനവന്‍ said...

എനിക്കു വിശക്കുന്നു.
ഈ എഴുത്ത് ഉള്ളിലെവിടെയോ മുട്ടുന്നു.

OAB/ഒഎബി said...

മണ്‍ ചുമരിന്റെ തുളക്കപ്പുറം (പിശാചിന്‍ കടന്ന് പോവാനുള്ള വഴി എന്ന് അന്നത്തെ വിശ്വാസം) വെള്ളം നിറച്ച ബള്‍ബ് കെട്ടി തൂക്കി, പ്രൈസ് വലിയില്‍ നിന്നും കിട്ടുന്ന ഫിലിം ഒട്ടിച്ച് വെയിലത്ത് വച്ച കണ്ണാടി പ്രകാശമടിച്ച് സിനിമാ പ്രദറ്ശനമെന്ന് പറഞ്ഞ് അയല്‍ പക്കത്തെ കുട്ടികള്‍ക്ക് പെന്‍സില്‍ പൊട്ടുകള്‍ക്ക് പകരം ടിക്കറ്റ് കൊടുത്ത് ഞാന്‍ ഒരു ചോക്ക് പെട്ടി നിറയെ പെന്‍സില്‍ പൊട്ടുകള്‍ സമ്പാദിച്ചിരുന്നു.
അതൊന്ന് ഓറ്ക്കാന്‍ അവസരം തന്നതിന്‍ നന്ദി.

അനിലൻ said...

എല്ലാവര്‍ക്കും നന്ദി
സന്തോഷം

Pramod.KM said...

ഓര്‍മ്മകളുമായി സംവദിക്കാന്‍ ഇതില്‍പ്പരം ഏത് ഭാഷക്കാണ് കഴിയുക.