(സൗദി അറേബ്യയിലെ റിയാദില്‍നിന്നും പ്രസിദ്ധീകരിക്കുന്ന കേളി ത്രൈമാസികയുടെ വാര്‍ഷികപ്പതിപ്പ് സംഘടിപ്പിച്ച ഗള്‍ഫ് സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗള്‍ഫില്‍നിന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്ന കരുണാകരന്, സിതാര.എസ്, ബെന്യാമിന്, സഹീറാ തങ്ങള്‍, പി.ജെ.ജെ ആന്റണി, സുറാബ് എനിവരുമുണ്ടായിരുന്നു ചര്‍ച്ചയില്‍. പഠിക്കുന്ന കാലത്തേ ഉത്തരമെഴുതാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞിട്ടില്ല. മുഴുവന്‍ ചോദ്യങ്ങളും ബെന്യാമിന്റെ ബ്ലോഗില്‍ ഉണ്ട്. ലിങ്ക് ദേ ഇവിടെ http://manalezhutthu.blogspot.com/2008/06/1_12.html.)
ചോദ്യം: ഗള്‍ഫ് ജീവിതത്തെ കുടിയേറ്റമായാണോ പ്രവാസമായാണോ താങ്കള്‍ വിലയിരുത്തുന്നത്? വിശദീകരിക്കുമല്ലോ. പ്രവാസമെങ്കില്‍ (അത് താങ്കളുടെ കാഴ്ചപ്പാടില്‍) കുടിയേറ്റമെങ്കില്‍ (അത് താങ്കളുടെ കാഴ്ചപ്പാടില്‍) നിര്‍വചിക്കുമല്ലോ.
ഉത്തരം : അഞ്ചെട്ടുകൊല്ലം മുന്‍പാണ്, ഒരു ക്രിസ്തുമസ് ആഘോഷത്തിന് അജ് മാനിലെ ലേബര്‍ക്യാമ്പിലുള്ള ഫിലിപ്പിനോകള്‍ ക്യാമ്പിനു പിന്നിലെ ചതുപ്പുകളില്‍ താവളമടിച്ച നായ്ക്കളുടെ കൂട്ടത്തിലുള്ള നവജാതരെ കൊന്ന് ഭക്ഷണമാക്കുകയുണ്ടായി. പിറ്റേന്നു മുതല്‍ അവിടെയുണ്ടായിരുന്ന മലയാളി താമസക്കാര്‍ ഫിലിപ്പിനോകളുമായുള്ള സഹവാസം നിര്‍ത്തി. എന്നോട് ചങ്ങാത്തമുണ്ടായിരുന്ന ഫിലിപ്പൈന്‍സുകാരനായ പെയിന്റിംഗ് ഫോര്മാന് റോബര്‍ട്ടിനോട് ഒരിക്കല്‍ വര്‍ത്തമാനത്തിനിടയ്ക്ക് ഇത് സൂചിപ്പിച്ചപ്പോള്‍ അവന് എനിയ്ക്ക് അവന്റെ നാടിന്റെ ചില ചിത്രങ്ങള്‍ കാണിച്ചു തന്നു. അഗ്നിപര്‍വതം പൊട്ടി ലാവയൊഴുകിയുറച്ച് വിത്തിടാനാവാത്ത വയലുകള്‍. തന്റെ നാട് അനുഭവിച്ചിട്ടുള്ള ഭക്ഷ്യക്ഷാമത്തിന്റെ ചിത്രം അയാളന്ന് വരച്ചു തന്നത് ഓര്‍മ്മയുണ്ട്. വിശപ്പിന്റെ കഥകള്‍ക്ക് എന്നും ഒരേ ഭാവുകത്വമായിരിക്കും. പട്ടിണിക്കാലത്ത് ജീവന് നിലനിര്‍ത്താന്‍ കയ്യില്‍ കിട്ടിയതിനെ കൊന്നു തിന്നുമ്പോള്‍ അനുഭവിക്കാന്‍ തുടങ്ങിയ ചില രുചികള്‍ ഓര്‍മ്മപ്പെടുത്തുന്നതാവണം ആഘോഷങ്ങളിലെ സദ്യവട്ടങ്ങളെന്ന് തോന്നിയിട്ടുണ്ട്.
ഇടയ്ക്കിടെ സജീവമായി തന്റെ ലാവകൊണ്ട് വയലുകളെ മൂടുന്ന ഒരഗ്നി പര്‍വതം പോലും കേരളത്തിലില്ല. പണ്ടെന്നോ വീശിപ്പോയ കൊടുങ്കാറ്റുകള്‍, വെള്ളപ്പൊക്കം എന്നിവ ഒഴിച്ചാല്‍ താരതമ്യേന കൃത്യമായി മഴയും വെയിലും കിട്ടുന്ന ഭൂമി. വിഭവോപയോഗങ്ങളില്‍ ഭരണാധികാരികള്‍ കാണിക്കേണ്ട കാര്യസ്ഥതയുടെ ഇല്ലായ്മകൊണ്ടും ദീര്‍ഘവീക്ഷണത്തോടെയോ ഉല്‍പാദനപരമായോ അല്ലാത്ത ദ്രവ്യവിനിമയങ്ങള്‍കൊണ്ടും നട്ടെല്ലുതകര്‍ന്നു പോയ നാട്ടില്‍നിന്ന് കുറേക്കൂടി മെച്ചപ്പെട്ട ജീവിതം തേടി ലോഞ്ചുകളില്‍ അപകടകരമായി യാത്ര ചെയ്ത് ഖോര്ഫക്കാന് തീരത്ത് നീന്തിക്കയറിയവനാണ് ആദ്യകാല ഗള്‍ഫ് മലയാളി. ഒരു വീട്, കൂടപ്പിറപ്പുകളുടെ വിവാഹം തുടങ്ങിയ സ്വപ്നങ്ങളുമായി വന്നവര്‍. സിലോണിലും മലയായിലുമൊക്കെ ഭാഗ്യം തേടിപ്പോയവന്റെ പിന് തുടര്‍ച്ചക്കാരന്‍. എന്തിന്, തമിഴ്നാട്ടിലും കര്‍ണാടകയിലും വിശാഖപട്ടണത്തും ബോംബേയിലുമൊക്കെ ഹോട്ടലുകളില്‍ ഗ്ലാസ്സു കഴുകിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഭാരം പേറിയും മില്ലുകളില്‍ തൊഴില്‍ ചെയ്തും കഴിയുന്ന അതേ മലയാളി തന്നെയാണ് അവന്.
കഴുതപ്പുറത്ത് തോല്ക്കുടങ്ങളില് നിറച്ച് കൊണ്ടുവരുന്ന കുടിവെള്ളം, തകരമോ പ്ലൈവുഡോ ഉപയോഗിച്ചുണ്ടാക്കിയ താമസപ്പുരകള്‍, അതിതീവ്രമായ കാലാവസ്ഥകള്‍... നാല്പതു കൊല്ലം മുന്‍പത്തെ ഗള്‍ഫ് വാസത്തിന്റെ ഈ ചിത്രം കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പോരടിച്ച് കൃഷിയിറക്കിയ കിഴക്കന്‍ മലകളിലെ കുടിയേറ്റമലയാളിയുടെ വിവര്‍ത്തനമാണ്. അതുകൊണ്ട് മലയാളിയുടെ ഗള്‍ഫ് വാസത്തെ കുറിക്കാന്‍ സാമ്പത്തിക അഭയാര്‍ത്ഥിത്വം എന്ന വാക്ക് ഉപയോഗിക്കുകയാവും ഉചിതമെന്നു തോന്നുന്നു.
ചോദ്യം: എഴുത്തില്‍ ഗള്‍ഫ് ജീവിതം, ഇവിടെനിന്നുള്ള രൂപകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടോ? ടി.വി. കൊച്ചുബാവ ഗള്‍ഫ് തന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്ന് പറയുകയുണ്ടായി. ഈ നൂറ്റാണ്ടിലും ഗള്‍ഫ് ജീവിതം തുടരുന്ന ഒരു എഴുത്തുകാരന്/എഴുത്തുകാരി എന്ന നിലയില്‍ വര്‍ഷത്തില്‍ 335 ദിവസവും ജീവിക്കുന്ന ഭൂപ്രദേശം, അവിടെനിന്നുള്ള മോട്ടീഫുകള്‍ എന്നിവ താങ്കളുടെ എഴുത്തിനെ, നിരീക്ഷണങ്ങളെ, ചിന്തയെ സ്വാധീനിക്കുന്നില്ലേ? സ്വാധീനിക്കുന്നുവെങ്കില്‍ അത് ഏതു രീതികളിലാണ്?
ഉത്തരം : എഴുതാനുള്ള ശ്രമങ്ങളിലേയ്ക്കു വരികയാണെങ്കില്‍.....എന്നെങ്കിലും എന്തെങ്കിലും എഴുതാനാവുകയാണെങ്കില്‍, ഒരു പൂരക്കാലത്ത് എവിടെനിന്നോ വന്ന് ഞങ്ങള്‍ക്കൊപ്പം ഓടിക്കളിച്ച്, പൂരപ്പറയ്ക്ക് വന്ന ആനപ്പാപ്പാന്റെ സഹായിയായി നടന്ന്, പാട്ടമ്പലത്തില്‍ കിടന്നുറങ്ങി, പൂരം കഴിഞ്ഞ് രണ്ടാം നാള് അമ്പലക്കുളത്തില്‍ മുങ്ങിമരിച്ച അപസ്മാരക്കാരന്‍ ബാബുവിനെക്കുറിച്ചാകണം അത് എന്നു വിചാരിക്കാറുണ്ട്. അക്വേറിയങ്ങളില്‍ കുമിളയിട്ടു തുഴഞ്ഞു നില്ക്കുന്ന കറുത്ത മീനുകള്‍ അവനെ ഓര്‍മ്മിപ്പിക്കും. ചില്ലുകൂട്ടിലെ തീയില്‍ വേവുന്ന തിരിയുന്ന കോഴി പ്രണയം മുട്ടി സ്വയം കത്തിച്ചു മരിച്ച മിനിയെന്ന കൂട്ടുകാരിയെ ഓര്‍മ്മിപ്പിച്ചിരുന്നു കുറേക്കാലം.അനുഭവങ്ങള്‍ ഓര്‍മ്മകളുമായി സങ്കലനപ്പെട്ടാണ് എഴുത്തായി മാറുന്നത്. സ്വപ്നസഞ്ചാരം പോലെ ഒന്ന്. തന്റെ സ്വത്വം വളര്‍ന്നു വികസിക്കേണ്ടിയിരുന്ന ഇടത്തുനിന്ന് യൗവ്വനാരംഭത്തിലേ ഓടിപ്പോരേണ്ടിവന്ന ഒരാളെന്ന നിലയില്‍, ആ ഇടത്തിന്റെ മിടിപ്പുകള്‍ സദാ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സ്പര്‍ശം, കാഴ്ച, രുചി, ഗന്ധം, ശബ്ദം എന്നിവയെ സദാ തന്റെ ഗ്രാമജീവിതത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്, ഓഫീസിലേയ്ക്കുള്ള യാത്രയില്‍ റോഡരികില്‍ പൈപ്പ് ലൈനിനുവേണ്ടി കുഴിയെടുക്കുന്ന മുഹമ്മദ് എല്‍ ഹാദി എന്ന സുഡാനിയെ കണ്ടാല്‍ നാട്ടില്‍ വേലി കെട്ടാന്‍ വരാറുള്ള പട്ടാളക്കാരനായിരുന്ന കുഞ്ഞുബൈദാപ്ലയെ ഓര്‍മ്മ വന്നാല്‍ എന്നോട് ഏറ്റവും അടുത്തു നില്ക്കുന്ന അനുഭവമെന്ന നിലയ്ക്ക് എഴുതിപ്പോവുക കുഞ്ഞുബൈദാപ്ലയെ ആയിരിക്കും. അതൊരു നിര്‍ബന്ധമല്ല... അങ്ങനെ സംഭവിച്ചു പോകുന്നു എന്നു മാത്രം.
ചോദ്യം : ഗള്‍ഫിലേയ്ക്ക് വന്ന ആദ്യ തലമുറകളില്‍നിന്ന് എഴുത്തുകാര്‍ ഉണ്ടായില്ലെന്നുതന്നെ പറയാം.അവരുടെ അനുഭവങ്ങള്‍ അതി തീക്ഷ്ണമായിരുന്നെന്ന് അവരുടെ സംഭാഷണങ്ങളില്‍നിന്നുതന്നെ മനസ്സിലാക്കാമല്ലേ. ഖോര്‍ഫുക്കാനില്‍ വന്നിറങ്ങി തകര വീടുകളില്‍ കഴിഞ്ഞ ആ തലമുറ സത്യത്തില്‍ നമ്മുടെ സാഹിത്യത്തിലോ സാമൂഹ്യ ജീവിതത്തിലോ അടയാളപ്പെടുകപോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍നിന്ന് മലയാളത്തിലെ മുഖ്യധാരയില്‍ ഇടം കിട്ടിയ എഴുത്തുകാരുണ്ട്. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക-ലാവണ്യപ്രശ്നങ്ങള്‍ എന്തായിരിക്കും?
ഉത്തരം :
പണി ചെയ്തവ പൊന്നാല് ദുബായിന് തെരുവുകള്‍
പനിനീരൊഴുകുന്നു കുവൈറ്റിന് മരുഭൂവില്‍...
- വൈലോപ്പിള്ളി (ഗള്‍ഫ് സ്റ്റേറ്റുകളോട്, 1974)
ഇന്നിപ്പോള്‍ കുത്തകകള്‍ ചെയ്യുന്നതിന്റെ വേറൊരു രൂപമാണിത്. നമ്മള് സിലോണില്‍ പോയി അവരുടെ സ്വത്ത് കൊള്ളയടിച്ചു കൊണ്ടുവന്നു. സിലോണിലുള്ളവര്‍ക്ക് തൊഴിലില്ലാതാക്കി. പിന്നെ ഗള്‍ഫിലേക്ക് പോയി കോടിക്കണക്കിനു ഡോളര്‍ നമ്മള് അവിടെനിന്ന് കൊണ്ടുവന്നു.
- എം. മുകുന്ദന് (ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ് 2003)
ആസാം പണിക്കാരെക്കുറിച്ചെഴുതിയ വൈലോപ്പിള്ളിയ്ക്ക് അറബിക്കഥകള്‍ വായിച്ചു കിട്ടിയ വിജ്ഞാനമായിരിക്കണം ഗള്‍ഫിനെക്കുറിച്ചിങ്ങനെ എഴുതാനുള്ള കാരണം. എം. മുകുന്ദന് പറഞ്ഞ, ഗള്‍ഫുമലയാളികള്‍ കോരിക്കൊണ്ടുവന്ന ആ കോടിക്കണക്കിനു ഡോളര്‍ എന്നിട്ടെവിടെ? അങ്ങനെ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍തന്നെ ആ സമ്പത്തൊക്കെയും ഗുണപരമായ വിധത്തില്‍ നാടിന്റെ പുരോഗതിയ്ക്കുപയോഗിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു ഭരണാധികാരിയെ ചൂണ്ടിക്കാണിക്കാനാകുമോ?
ഒരു പത്തു പതിനഞ്ചു കൊല്ലം മുന്‍പ്, വെള്ളിയാഴ്ച മധ്യാഹ്നങ്ങളില്‍ ലേബര്‍ ക്യാമ്പുകളുടെ അടുത്തുള്ള മരത്തണലുകളില് ഇരുന്ന് ടേപ് റെക്കോര്‍ഡറുകളില്‍ സന്ദേശം പകര്‍ത്തിയിരുന്ന വീരയ്യയും രാമലുവും ചെല്ലപ്പണ്ണനുമൊക്കെ സ്ഥിരം കാഴ്ചയായിരുന്നു. ആ കാസറ്റുകള്‍ ഇപ്പോഴും പണിതീരാവീടുകളിലെ തേയ്ക്കാത്ത ചുമരലമാരകളില്‍ ഇരിപ്പുണ്ടാവും. അതൊന്നു കണ്ടെടുത്ത് പകര്‍ത്തിയെഴുതാമോ? അക്ഷരത്തെറ്റില്ലാതെ കത്തെഴുതാന്‍ പോലും കഴിയാത്ത ഭൂരിപക്ഷത്തിന്റെ ജീവിക്കണം ജീവിപ്പിക്കണം എന്ന് മിടിച്ചുകൊണ്ടേയിരിക്കുന്ന ആ വര്‍ത്തമാനങ്ങളേക്കാള്‍ വലിയ സാഹിത്യമുണ്ടോ? കേരളത്തിലെ സാംസ്കാരിക-സാഹിത്യജീവിതവുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധമെന്താണ്? ഇപ്പോഴും ആണ്ടിലൊരിക്കല്‍ ശബരിമലയ്ക്ക് പോകുന്നതുപോലെ കെട്ടുനിറച്ച് ഗള്‍ഫിലെ മലയാളി സംഘടനകളുടെ മുന്പില് നെയ് ത്തേങ്ങയുടയ്ക്കാന്‍ കൃത്യമായെത്തുന്ന സാംസ്കാരിക-സാഹിത്യ പ്രവര്‍ത്തകരുണ്ട്. എത്രപേര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്? അവരില്‍ എത്ര പേര് തിരിച്ചു ചെന്ന് തങ്ങള്‍ കണ്ട ജീവിതം രേഖപ്പെടുത്തിയിട്ടുണ്ട്? മലയാളത്തിലെ പാര്‍ശ്വവത്കൃതസമൂഹത്തിന്റെ ആത്മകഥകളുടെ കേട്ടെഴുത്തുകള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ക്ക് വയസ്സറിയിക്കാനുള്ള പ്രായമൊന്നുമായിട്ടില്ലല്ലോ, വരുമായിരിക്കും... വലിയ കെട്ടിടങ്ങളുണ്ടാക്കാനുള്ള കുഴികളില്‍ കാലിടറിവീണവനെക്കുറിച്ച് കൂടെ പണിതവര്‍ പറഞ്ഞു കൊടുക്കുന്ന കാലം.
ചോദ്യം : വലിയ മലയാളി സമൂഹത്തിന് നടുക്ക് അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത് എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ? കൊറിയയിലും മറ്റും വളരെക്കുറച്ച് മലയാളികള്‍ക്കിടയില്‍ കഴിയുന്ന മലയാളി എഴുത്തുകാരുടെ പ്രശ്നമല്ല ഗള്‍ഫില്‍ കഴിയുന്ന എഴുത്തുകാര്‍ നേരിടുന്നതെന്ന് തോന്നുന്നു. ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ (എഴുത്തില്‍) പ്രശ്നങ്ങള്‍ എന്താണ്? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ?
(പല ഉത്തരങ്ങളിലായി ചിതറിക്കിടപ്പുണ്ട്.)
ചോദ്യം : ദല്‍ഹി പോലൊരു കഥ മുകുന്ദന് എഴുതുന്നത് ദല്‍ഹിയില്‍ ജീവിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൈലറ്റ് എന്ന കവിത എഴുതിയത് അമേരിക്കന്‍ യാത്ര മൂലമാണെന്ന് ചെറിയാന് കെ ചെറിയാനും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഗള്‍ഫിനെ ഈ നിലയില്‍ രേഖപ്പെടുത്തിയ രചനകള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? പല ഗള്‍ഫ് നാടുകളിലും അറബ് സമൂഹങ്ങള്‍ അവരുടെ ഉള്ളില്‍ത്തന്നെ കഴിയുന്നുവെന്ന് മലയാളികള്‍ പറയാറുണ്ട്. മലയാളികളും അവരുടെ തന്നെ സ്വത്വത്തിനകത്ത് കഴിയുകയല്ലേ?
ഉത്തരം : ദല്‍ഹി പോലൊരു കഥ എന്നു പറയേണ്ടി വരുന്നല്ലോ! അങ്ങനെ എത്ര കഥകളും നോവലുകളും കവിതകളുമുണ്ട് മലയാളത്തില്‍? ആനന്ദിനെ ചൂണ്ടിക്കാണിക്കാം... വേറെ?
വിദേശത്തു വന്നിട്ട് പതിനഞ്ചുകൊല്ലമായെങ്കിലും ചങ്ങാതിമാരുമായി കൂട്ടുകൂടി നടന്ന് പാതിരാത്രികളില്‍ വീട്ടിലേയ്ക്കു കയറി വരുന്ന നേരത്തൊന്നും ഇതുവരെ ആരും ലേബര്‍ കാര്‍ഡ് കാണിക്കൂ എന്നു പറഞ്ഞ് പിടിച്ചു നിര്‍ത്തിയിട്ടില്ല. എന്നാലും... പുറത്ത് കറങ്ങി നടക്കുമ്പോഴൊക്കെ ബോധപൂര്‍വമല്ലെങ്കിലും ഇടയ്ക്കിടെ ജാഗരൂകനാവും. അറിയാതെ കൈ കീശയിലേയ്ക്കു പോകും, താന്‍ വിസാചട്ടങ്ങളനുസരിച്ച് താമസിക്കുന്നവനാണെന്നതിന്റെ മുദ്ര കൈയ്യില്‍തന്നെ ഇല്ലേ എന്ന് നോക്കാന്‍. അത് എഴുത്തിലുമുണ്ടാകും, കാരണം ഇത് എന്റെ രാജ്യമല്ല.
ചോദ്യം : ചോദ്യം പഴയതാണ്. ആവര്‍ത്തിക്കുകയാണ്. പ്രവാസസാഹിത്യമാണോ ഡയസ്പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ അതോ കേരളത്തെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയാണോ ഗള്‍ഫിലുള്ളവര്‍ എഴുതുന്നത്?
ഉത്തരം : പ്രവാസ സാഹിത്യം എന്നൊന്ന് ഗള്‍ഫ് മലയാളി എഴുതിയിട്ടുണ്ടെന്നോ, എഴുതാനാവുമെന്നോ തോന്നുന്നില്ല. ജീവിച്ചിരിക്കുന്ന ഇടത്തിലെ ബിംബങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ എഴുത്തില്‍ കടന്നു വരുമെങ്കിലും ബോധപൂര്‍വ്വം അതിനുള്ള ശ്രമമുണ്ടാകണമെന്ന് കരുതുന്നില്ല. വിഷ്വല്‍ മീഡിയയൊക്കെ ഗള്‍ഫിന്റെ മുക്കും മൂലയും ഒപ്പിയെടുത്തു കാണിക്കുന്നുണ്ടല്ലോ ഇപ്പോള്‍. അങ്ങനെ ഒപ്പിയെടുത്താലും പതിയാത്ത ചിലതുണ്ട്, അവയുടെ നീളം വീതി, രൂപം, ഭാവം, നിറം, ഗന്ധം എന്നിവ ഏത് നാട്ടിലും ഏത് കാലത്തും ഒരുപോലെയാണ്. അതിനെ എഴുതുക എന്നതിനാണ് കവിത എഴുതാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ശ്രമം.
ചിത്രങ്ങള്‍ : നിഷാദ് കൈപ്പള്ളി
14 comments:
ഒരു ശ്രമം :)
"വലിയ കെട്ടിടങ്ങളുണ്ടാക്കാനുള്ള കുഴികളില്‍ കാലിടറിവീണവനെക്കുറിച്ച് കൂടെ പണിതവര്‍ പറഞ്ഞു കൊടുക്കുന്ന കാലം."
കരുനിന്നവരെ മറവിയില്‍ മൂടിക്കളയുന്ന മനസ്സുളിലേയ്ക്ക് ആ ശബ്ദം എത്തുന്ന കാലം.. എന്നുകൂടി..
ആയതിനാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു !
വിഷ്വല്‍ മീഡിയയൊക്കെ ഗള്‍ഫിന്റെ മുക്കും മൂലയും ഒപ്പിയെടുത്തു കാണിക്കുന്നുണ്ടല്ലോ ഇപ്പോള്‍. അങ്ങനെ ഒപ്പിയെടുത്താലും പതിയാത്ത ചിലതുണ്ട്, അവയുടെ നീളം വീതി, രൂപം, ഭാവം, നിറം, ഗന്ധം എന്നിവ ഏത് നാട്ടിലും ഏത് കാലത്തും ഒരുപോലെയാണ്. അതിനെ എഴുതുക എന്നതിനാണ് കവിത എഴുതാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ശ്രമം.
----
ഇതാ ഇതാണ് അനിലന്‍!
(ഇത് മാത്രമല്ല.... എന്ന് കൂട്ടിച്ചേര്‍ക്കുന്നു!)
അനിലേട്ടാ
=================================
ഇപ്പോഴും ആണ്ടിലൊരിക്കല്‍ ശബരിമലയ്ക്ക് പോകുന്നതുപോലെ കെട്ടുനിറച്ച് ഗള്‍ഫിലെ മലയാളി സംഘടനകളുടെ മുന്പില് നെയ് ത്തേങ്ങയുടയ്ക്കാന്‍ കൃത്യമായെത്തുന്ന സാംസ്കാരിക-സാഹിത്യ പ്രവര്‍ത്തകരുണ്ട്. എത്രപേര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്?
================================
പത്ത് തേങ്ങകള്‍ ഉടക്കുന്നു. പൊട്ടിയ തേങ്ങകള്‍ പെറുക്കി കൂട്ടി , ഒരു ദരിദ്ര പയ്യന് അടുത്ത ഹോട്ടലില്‍ കൊടുത്ത് ഉച്ചയൂണ് കഴിക്കുന്നു.
:)
അനുഭവങ്ങള്‍ ഓര്‍മ്മകളുമായി സങ്കലനപ്പെട്ടാണ് എഴുത്തായി മാറുന്നത്. സ്വപ്നസഞ്ചാരം പോലെ ഒന്ന്.
നന്ദി :)
വിജയിച്ച ശ്രമം.
-സുല്‍
പ്രവാസ സാഹിത്യം എന്നൊരു കുടുക്കയുണ്ടാക്കിയാൽ കുറച്ചുപേരെ അതിനകത്ത് നിക്ഷേപിക്കാമെന്ന വ്യാമോഹം മലയാളത്തിന്റെ എഴുത്തപ്പൂപ്പന്മാരുടേതാണ്.അതിപ്പൊൾ പുതുതായി ഇറങ്ങുന്ന സബ് എഡിറ്റർമാർക്കും സാഹിത്യനിരൂപണക്കുഞ്ഞുങ്ങൾക്കും പകർന്ന് കിട്ടിയിട്ടുണ്ട്.അതിന്റെ തന്നെ മറ്റൊരു ഉപകരണമായിട്ടാണ് ബ്ലോഗ് സാഹിത്യം എന്ന കുടുക്കയും അവർ രൂപപ്പെടുത്തിയിട്ടുള്ളത്.മലയാളി എഴുതുന്നത് പ്രവാസത്തിലായാലും അല്ലെങ്കിലും ജീവിതത്തെയാണ്,ജീവിക്കുന്ന കാലവും സ്ഥലവും അതിൽ കടന്നുവരിക സ്വാഭാവികമാണ്,അല്ലെങ്കിൽ അനിവാര്യമാണ്.(തിരുവനന്തപുരത്തുള്ളവന് മലപ്പുറത്തെ ജീവിതം പ്രവാസമാണ് എന്ന് എനിക്ക് തോന്നലുണ്ട്) ഭാഷയിൽ ഉണ്ടാക്കുന്ന നവീകരണങ്ങളെ അല്ലെങ്കിൽ പരിഷ്കാരങ്ങളെ മുൻനിർത്തിയാണ് എഴുത്തുകാരെ അല്ലെങ്കിൽ എഴുത്തുകാലത്തെ വേർതിരിക്കേണ്ടത്,മറ്റൊരു തരത്തിലുള്ള തരംതിരിക്കൽ ഒരു കെണിയാണ്.അത്തരം ഒരു കെണിയിൽ വീണുപോകാതിരിക്കാനുള്ള ജാഗ്രതയ്ക്ക് അഭിനന്ദനങ്ങൾ.
(ആ ഒട്ടകത്തിന്റെ ചിത്രം ഒരുപാട് സംസാരിക്കുന്നു)
നന്നായിരിക്കുന്നു അനിലന്‍. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തത്!!
നല്ല വീക്ഷണം
തീര്‍ത്തും വ്യക്തിപരമായ ഒന്ന് ഞാന്‍ പറയട്ടെ. വല്ലതും വായിക്കാനായിറ്റുണ്ടെങ്കില് അത് പ്രവാസിയല്ലാതായിരുന്ന കാലത്താണ്. പ്രാവാസം പുസ്തക വായന ഇല്ലാതാക്കി. വായിച്ചുപോയ വരികള്‍ ഹ്ര്ദയത്തെ തൊടുന്നതിപ്പോഴാണ്. അത് മാനസ്സികമായി പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിക്കാറൂണ്ട്. പേനയൊന്നുമില്ലാതെ കേരളത്തില്‍ നിന്നെത്തുന്ന ചിലര്‍ മണലിലെഴുതിപ്പോവുകയാണ് അനിലേട്ടാ. ഉള്ളിലെ നെരിപ്പോടുകൊണ്ട്.
സംഗതി വളരെ സിമ്പിള്‍...
തലക്കെട്ടില്‍ തന്നെ (ഒരിത്തിരി വിത്യാസപ്പെടുത്തിയാല്) എല്ലാമുണ്ട്.
"കേരളത്തില്‍നിന്നും കൊണ്ടുവന്ന ചേന"
ഗള്‍ഫില്‍ നട്ടാലും തമിഴ് നാട്ടില്‍ നട്ടാലും യു കെയില്‍ നട്ടാലും രണ്ടിടത്തേയും മണവും ഗുണവും ആ ചേനയ്ക്കുണ്ടാവൂലോ.. ല്ലേ...
:)
Best Wishes...!!!
Post a Comment