Monday, March 16, 2009

ഭയം സഞ്ചരിക്കുന്ന ഇടങ്ങള്‍

പൊട്ടത്തരം കാണിക്കാതിരിക്കൂ, ഇപ്പൊ നീ അവിടെപോവുകയാണെങ്കില്‍ ഒന്നുകില്‍ നിന്നെ പോലീസു പിടിക്കും. അല്ലെങ്കില്‍ എന്തെങ്കിലും അപകടമുണ്ടാവും.
ശിഹാബ്‌ ശാസിച്ചു.
വണ്ടിയുള്ളതല്ലേ വേണമെങ്കില്‍ ഒന്ന് പോയി നോക്കാമായിരുന്നു.
കൈതമുള്ള്‌ പറഞ്ഞു.
ഞാനെന്റെ കൈ വിരലുകള്‍ മണത്തുനോക്കി. വിരലുകളിലിപ്പോഴും പശുവിന്‍ നെയ്യിന്റെ മണമുണ്ട്‌. ഞാനെന്റെ വിരലുകള്‍ അവര്‍ക്കു നേരെ നീട്ടി പറഞ്ഞു.
മണത്തുനോക്കൂ... ചപ്പാത്തിയില്‍ പുരട്ടിയ നെയ്യിന്റെ മണം ഇപ്പോഴും എന്റെ കൈകളിലുണ്ട്‌. ഞാന്‍ സ്വപ്നം കണ്ടതല്ല.
നീ സ്വപ്നം കണ്ടതാണെന്നല്ല പറഞ്ഞത്‌. എന്റെ മനസ്സ്‌ പറയുന്നു ഇപ്പോള്‍ ഇനിയത്‌ നേരാണോ അല്ലേ എന്നൊക്കെ പോയി നോക്കുന്നത്‌ ശരിയല്ല എന്ന്. ഇനി പോയാല്‍ എന്തെങ്കിലും അപകടമുണ്ടാവും. എനിയ്ക്കുറപ്പാണ്‌.
വ്യാഴാഴ്ച രാത്രി. ബര്‍ദുബായില്‍ കൈതമുള്ള്‌ ശശിയേട്ടന്റെ വീട്ടില്‍ ശിഹാബുമൊത്ത്‌ പോയതാണ്‌. വേപ്പിലയും പച്ചമുളകുമിട്ട്‌ കാച്ചിയ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത കോഴി, മുളകിട്ട ചാള, തൊട്ടുതലോടിയിരിക്കാന്‍ തോന്നുന്നത്ര വടിവൊത്ത കുപ്പിയില്‍ വോഡ്‌ക...പതിവു കലാപരിപാടികള്‍ക്കിടയില്‍, ഏകദേശം പതിനൊന്നുമണിയായപ്പോള്‍ ഒരു ചങ്ങാതി അത്യാവശ്യമായി കാണണമെന്ന് പറഞ്ഞ്‌ വിളിച്ചു. പോയിട്ട്‌ വേഗം വരാമെന്നു കരുതിയാണ്‌ ഇറങ്ങിയത്‌. അവനെ കണ്ടു തിരിച്ചു പോരുമ്പോള്‍ വൈകി. നല്ല തണുപ്പുണ്ട്‌.
റോഡിനപ്പുറത്തെ നിശാക്ലബ്ബിനുള്ളിലെ പാട്ടും ബഹളവും റോഡ്‌ മുറിച്ചു നടന്നു വന്ന് ക്ഷണിച്ചു. വരൂ... ഒന്ന് തണുപ്പു മാറ്റി പോകൂ എന്നു പറഞ്ഞു.
സിഗരറ്റുപുകയുടെ മൂടല്‍മഞ്ഞു പെയ്യുന്ന, സുന്ദരികളും സുന്ദരന്മാരും തകര്‍ക്കുന്ന നിശാക്ലബ്ബിലിരുന്ന് നേരം പോയതറിഞ്ഞില്ല. പുറത്തിറങ്ങുമ്പോള്‍ മൂന്നുമണിയാകാറായിരുന്നു. ശശിയേട്ടന്റെ വീട്ടിലേയ്ക്ക്‌ തിരിച്ചു പോകാം എന്നു വിചാരിച്ചു നടന്നു.
ഇരുട്ടു നിറഞ്ഞ ഒരിടവഴിയിലൂടെ നടക്കുമ്പോള്‍ വഴിയരികില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു കാറിന്റെ ബോണറ്റില്‍ ചാരി ആരോ നില്‍ക്കുന്നു. പെട്ടെന്ന് ഭയന്നു പോയി. കണ്ണു പഴകിയപ്പോള്‍ മനസ്സിലായി. ഒരമ്മൂമ്മയാണ്‌. എഴുപതിനു മുകളില്‍ പ്രായമുണ്ടാകും. അഞ്ചടിയിലധികം ഉയരമില്ല. വല്ലാതെ ചടച്ച രൂപം. കറുപ്പില്‍ വെള്ള പുള്ളികളുള്ള മുഷിഞ്ഞ ഒരു തുണികൊണ്ട്‌ ശിരസ്സ്‌ മറച്ചിട്ടുണ്ട്‌. കൈയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍.
ഈ നേരത്ത്‌ ഇവരെവിടെപ്പോകുന്നു! ആകാംക്ഷ അടക്കാനായില്ല.
എന്തുപറ്റി? സുഖമില്ലേ? എങ്ങോട്ടാണ്‌ പോകേണ്ടതെന്ന് ഹിന്ദിയില്‍ ചോദിച്ചു.
നടന്നു ക്ഷീണിച്ചു, അമ്പലത്തില്‍ പോവുകയാണെന്ന് കുഞ്ഞേ എന്ന് മറുപടി പറഞ്ഞു.
ടാക്സിയില്‍ കയറ്റി പറഞ്ഞയക്കാമെന്നു പറഞ്ഞപ്പോള്‍ വിസമ്മതത്തോടെ അവര്‍ തലയാട്ടി. എന്നും നടന്നാണ്‌ പോകാറുള്ളതെന്നു പറഞ്ഞു. ഒറ്റയ്ക്ക്‌ പറഞ്ഞയക്കാന്‍ മനസ്സു വന്നില്ല. എന്നാല്‍ ഞാനും കൂടെ നടക്കാമെന്നു പറഞ്ഞു.
ഉത്തരേന്ത്യക്കാരിയാണ്‌ അമ്മൂമ്മ. പത്തുകൊല്ലമായി മകന്റെ കുടുംബത്തിന്റെ കൂടെ ബര്‍ദുബായില്‍ താമസിക്കുന്നു. മകന്‍ സ്വന്തമായി സ്പെയര്‍ പാര്‍ട്‌സ്‌ കട നടത്തുകയായിരുന്നു. കുറേനാളായി തളര്‍വാതം വന്ന് കിടപ്പിലാണ്‌ മകന്‍ എന്നു നടത്തത്തിനിടയില്‍ അവര്‍ പറഞ്ഞു.
നേരം പുലര്‍ന്നിട്ടല്ലേ അമ്പലം തുറക്കൂ ഇത്ര നേരത്തെ എന്തിനാണ്‌ പോകുന്നത്‌ എന്നു ചോദിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ അവര്‍ പറഞ്ഞു.
ഞാനെന്നും നേരത്തേ പോകും. ഞാന്‍ ചെന്നിട്ടേ അമ്പലം തുറക്കാറുള്ളൂ.
'കളര്‍ ഓഫ്‌ പാരഡൈസ്‌' എന്ന ഇറാനി സിനിമയിലെ അമ്മൂമ്മയുടെ ഛായയുണ്ടവര്‍ക്കെന്ന് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലെത്തിയപ്പോള്‍ തോന്നി.
നടന്നു നടന്ന് എനിയ്ക്ക്‌ കിതപ്പ്‌ തോന്നിത്തുടങ്ങിയിരുന്നു. എന്തായാലും നടന്നതല്ലേ ഇനിയിപ്പൊ അമ്പലം വരെ പോകാം എന്നു തീരുമാനിച്ചു. കാറിനരികില്‍ തളര്‍ന്നു നിന്നിരുന്ന അമ്മൂമ്മയല്ല എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ വേഗത്തിലായിരുന്നു അവര്‍ റോഡുകള്‍ മുറിച്ചു കടന്നിരുന്നത്‌. പലപ്പോഴും എനിയ്ക്ക്‌ വേണ്ടി അവര്‍ കാത്തു നില്‍ക്കുകയും ചെയ്തു. ഞാനവര്‍ക്കാണോ അവരെനിക്കാണോ കൂട്ടു പോകുന്നതെന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലായിരുന്നു അവര്‍ നടന്നത്‌. പോകുന്നവഴി ചില കെട്ടിടങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ അവയൊക്കെ എനിക്ക്‌ പരിചയപ്പെടുത്തുകയും ചെയ്തു.
അമ്പലത്തിലേയ്ക്കുള്ള വഴിയില്‍ കുറച്ചു നീങ്ങി ഒരു പാര്‍ക്ക്‌ ബെഞ്ചുണ്ടായിരുന്നു. അതിനടുത്ത്‌ കെട്ടി ഉയര്‍ത്തിയ ഒരിടത്ത്‌ ചെടികള്‍ നില്‍പ്പുണ്ട്‌. അതിനപ്പുറം ചെറിയ ഇടനാഴികളും പഴയ കെട്ടിടങ്ങളുമുള്ള അമ്പലവും പരിസരവും ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്നു. അവര്‍ കൈയ്യിലെ പ്ലാസ്റ്റിക്‌ സഞ്ചി തുറന്നു. ഒരു കടലാസു പൊതിയെടുത്തു. നാലഞ്ച്‌ ചപ്പാത്തിയായിരുന്നു പൊതിയില്‍. അവര്‍ ഒരു ചപ്പാത്തിയെടുത്ത്‌ ചെറിയ കഷണങ്ങളാക്കി താഴെ വിതറാന്‍ തുടങ്ങി. ബാക്കി ചപ്പാത്തി എന്റെ കൈയ്യില്‍ തന്ന് എന്നോടും അതുതന്നെ ചെയ്യാന്‍ ആവശ്യപ്പെട്ടു. രാവിലെ പറന്നെത്തുന്ന കിളികള്‍ തിന്നാനുള്ളതാണെന്ന് എന്റെ മുഖത്തെ ചോദ്യം കണ്ട്‌ അവര്‍ പറഞ്ഞു. പിന്നെ സഞ്ചിയില്‍നിന്ന് എന്തോ ധാന്യമെടുത്ത്‌ വിതറി. എന്നിട്ട്‌ പാര്‍ക്കു ബെഞ്ചില്‍ ഇരുന്നു.
ഞാനൊരു കഷണം ചപ്പാത്തി കടിച്ചു നോക്കി. പണ്ട്‌ അജ്‌മാനിലുണ്ടായിരുന്ന കാലത്ത്‌ ഗുജറാത്തി കാന്തിലാല്‍ ഉണ്ടാക്കാറുള്ളതുപോലെ നെയ്‌ പുരട്ടിയ ചപ്പാത്തി. നല്ല രുചി. ഞാനും ചപ്പാത്തി പൊട്ടിച്ച്‌ വിതറി.
റോഡിലൂടെ ഒരു നീല വെളിച്ചം പെട്ടെന്ന് മിന്നി മാഞ്ഞു. റോന്തു ചുറ്റുന്ന പോലീസ്‌ ജീപ്പ്പിന്റെ മുകളിലെ നീലവെളിച്ചം. എന്തുകൊണ്ടാണാവോ, പെട്ടെന്ന് എന്റെയുള്ളില്‍ ഒരാന്തലുണ്ടായി. ഞാന്‍ ഒറ്റയ്ക്കാണെന്ന തോന്നലില്‍ ഉള്ളിലേയ്ക്കൊരു തണുപ്പു കയറി.
തിരിഞ്ഞു നോക്കുമ്പോള്‍ പാര്‍ക്കുബെഞ്ചില്‍ അവരില്ല.
എവിടെപ്പോയി?
ഇത്ര വയസ്സായ ഒരാള്‍ക്ക്‌ അത്ര വേഗമൊന്നും അങ്ങനെ നടന്നു പോകാന്‍ കഴിയില്ല. ഞാന്‍ ചുറ്റും നോക്കി.
അമ്പലത്തിനെ ചുറ്റിയുള്ള പൂജാസാമഗ്രികളും ഭജനുകളും വില്‍ക്കുന്ന കടകള്‍ക്കിടയിലൂടെയുള്ള ഇടനാഴികളിലൊന്നിലൂടെ കുറച്ചു നടന്നു നോക്കി. നല്ല ഇരുട്ടാണ്‌. നിശ്ശബ്ദതയും. ഭയം തോന്നി പിന്മാറുമ്പോള്‍ മൊബൈല്‍ അടിച്ചു.
കൈതമുള്ളാണ്‌ അപ്പുറത്ത്‌.
എവിടെയാ നീ തെണ്ടിനടക്കുന്നത്‌? എന്ന ചോദ്യത്തിന്‌ ഞാന്‍ പറഞ്ഞ മറുപടിയില്‍ ഉറഞ്ഞുകിടന്ന തണുപ്പ്‌ തട്ടിയാവണം ശശിയേട്ടന്‍ പറഞ്ഞു.
ഇനി അവിടെ നില്‍ക്കണ്ട. വേഗം ഒരു ടാക്സി പിടിച്ച്‌ ഇങ്ങോട്ട്‌ വാ. അവന്‌ അലഞ്ഞുതിരിയാന്‍ കണ്ട നേരം.
ഇത്ര പെട്ടെന്ന് അവരെവിടെപ്പോയി മറഞ്ഞു?
ഒരു വാക്കുപോലും പറയാതെ പോയതെന്തേ!
ഫാന്റസിയായിരുന്നോ? ആയിരുന്നെങ്കില്‍ അവര്‍ കാണിച്ചു തന്ന എനിക്കു പരിചയമില്ലാത്ത കെട്ടിടങ്ങള്‍, മുസ്ലീം സ്ത്രീകള്‍ക്ക്‌ നിസ്കരിക്കാനുള്ള സ്ഥലവും മറ്റും അവിടെയുണ്ടെന്നത്‌ ശരിയാണെന്ന് കൈതമുള്ള്‌ ഉറപ്പിച്ചുതന്നതോ!
രാവിലെ പോയി നോക്കാമായിരുന്നു. കിളികള്‍ പ്രാതല്‍ കഴിഞ്ഞ്‌ ധാന്യമണികളോ ചപ്പാത്തിക്കഷണങ്ങളോ ബാക്കി വച്ചിട്ടുണ്ടെങ്കില്‍ കാണാമായിരുന്നു. പോയില്ല. ഉള്ളില്‍ ഉറഞ്ഞ ഭയത്തിന്റെ തണുപ്പുരുകാന്‍ രണ്ടുമൂന്നു ദിവസമെടുത്തു.

35 comments:

അനിലൻ said...

ഫാന്റസിയല്ല!

വിനയന്‍ said...

സ്വപ്നനങ്ങള്‍ക്കു മുമ്പേ മനസ്സു നടക്കുന്നു.
“സ്വപ്നാ‍ടനക്കാരാ”
റിയലി അമേസിംഗ് സ്റ്റോറി

സുല്‍ |Sul said...

അനിലാ
എന്നാലും...

-സുല്‍

G.MANU said...

ഹോ..
നടന്നുതന്നെയാണോ മാഷേ,....

ലേഖാവിജയ് said...

സ്വപ്നമല്ലേ?മികച്ച ഭാഷ കയ്യിലുണ്ടെങ്കില്‍ ഏതു

സ്വപ്നത്തെയാണ് എഴുതി യാഥാര്‍ഥ്യമാക്കാന്‍

കഴിയാത്തത് :)

അനിലൻ said...

പറഞ്ഞു പറഞ്ഞിനി ഇത് സ്വപ്നമാണെന്ന് വരുമോ!ഈ ബ്ലോഗും ഞാനും ഒക്കെ സ്വപ്നമാവുമോ???

ആഗ്നേയ said...

ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്.കാണും മുന്‍പേ പേരുചൊല്ലി വിളിക്കുന്ന പേരറിയാ ഇടങ്ങളും.
(പോരാത്തേനു പാമ്പും)
ശരിക്കും നല്ല പോസ്റ്റ്..:-)

Jayesh/ജയേഷ് said...

chumma paranjathano..atho!!!!!!!

aneeshans said...

:) അപ്പോ അതിങ്ങനെ ഒരു തീരുമാനമായി

വിശാഖ് ശങ്കര്‍ said...

ഇതിപ്പൊ എന്ത് ആയാലും ഇല്ലെങ്കിലും ഇത് വായിച്ച ഞാന്‍ ഒരു ഫാന്റസിയല്ല....

Kaithamullu said...

'ദാ വരണൂ’ ന്ന് പറഞ്ഞ് പറഞ്ഞ് പോയ ആളാ...
രാത്രി മുഴുവന്‍ കാത്തിരുന്നു.
എവിടെ?...

ശിഹാബ് കൂടെയുണ്ടായതിനാല്‍ മടുത്തില്ല.
പറയാന്‍ കഥകള്‍ക്ക് പഞ്ഞവുമില്ലായിരുന്നു.

അനിലന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല.

അവസാന്ം 2 മണിക്ക് ഫോണ്‍ വന്നു.
‘ദാ എത്തി, നിങ്ങളുറങ്ങിയില്ലേ?‘

ചൊറിഞ്ഞ് കയറി.
ഒന്ന് കൊടുക്കയാണ് വേണ്ടത്.

പിന്നെയും കാത്തിരിപ്പ്.
സമയം മൂന്ന് മണി.
വഴി തെറ്റിയോ ആവോ?

വിളിച്ചു.
‘ശശിയേട്ടാ, ഒരു സംഭവം....”
അല്പം കുഴഞ്ഞ ശബ്ദം.
“വേണ്ടാ...വന്നിട്ട് പറഞ്ഞാ മതി. എവിടേയാ?
ടാക്സി കിട്ടുമോ? അതോ ഞാന്‍ വരണോ?”

വന്നു.
വിവരണം കേട്ട് തരിച്ചിരുന്നു പോയി.

പരിചിതമായ സ്ഥലങ്ങള്‍...
മ്യൂസിയം,
പള്ളി,
അമ്പലത്തിന് ചുറ്റുമുള്ള ഇടുങ്ങിയ വഴികള്‍...
പ്രാവുകള്‍ക്ക് ഉണക്ക ചപ്പാത്തി മുറിച്ച് കൊടുക്കുന്ന,
ഗോതമ്പ് മണികള്‍ എറിഞ്ഞ് കൊടുക്കുന്ന ഗുജറാത്തി-സിന്ധി മുത്തശ്ശിമാര്‍....

ഹലൂസിനേഷനാകാനാണ് സാദ്ധ്യത!

പക്ഷെ കൈ മണപ്പിച്ച് നോക്കിയപ്പോള്‍ ‍ നറുനെയ്യിന്റെ മണം!

ബാറില്‍ നിന്നാണ് അനിലന്റെ വരവെങ്കില്‍ നെയ് മണം എങ്ങനെ?

വളരെ പണിപ്പെട്ടാണ് അമ്മൂമ്മയെ തേടി പോകുന്നതില്‍ നിന്ന് തടഞ്ഞ് നിര്‍ത്തിയത്.

ഒന്നുറങ്ങിക്കഴിഞ്ഞാല്‍ എല്ലാം മറക്കുമായിരിക്കുമെന്ന് കരുതി.
ഇല്ല,
ആ അനുഭവം ഇപ്പോഴും അനിലനെ പിന്തുടരുന്നുവെന്നറിയുന്നു.

(ഞങ്ങള്‍ക്കും മറക്കാനാവില്ലല്ലോ!)

കുറുമാന്‍ said...

അനിലാ

ഇത് സത്യമാണെങ്കില്‍,

വെളുപ്പിന് 3 മണിക്ക് ബര്‍ദുബായി ശ്മശാനത്തിന്റെ അവിടെ വന്നാല്‍ ഇവരെ ഞാന്‍ കാണിച്ച് തരാം.

മൂഖത്ത് വലത്തേ കവിളില്‍ ഒരു മറുകുണ്ടായിരുന്നാ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു ചപ്പാത്തി കഴിക്കാന്‍ വയ്യാണ്ടായി ഇപ്പൊ

ഒന്നു പേടിപ്പിക്കാതെ പോയേ

:)

നജൂസ്‌ said...

ഇനിപ്പൊ ഒരമ്മൂമ്മ അപ്പുറത്തെവിടെങ്കുലും ഇതുപോലൊരു പോസ്റ്റിട്ടുണ്ടോ എന്തോ... :)

ആഗ്നേയ said...

നജൂസേ..അതാണ്..:-)

Anonymous said...

ഇതു സംഭവിച്ചതാകും.അനിലേട്ടന്‍ എന്തായാലും ഒരു വൃദ്ധയെ സ്വപ്നം കാണാന്‍ വഴിയില്ല. :)

അനിലൻ said...

അനോണീ
എന്നെ കൊല്ല്!
:)

അനിലൻ said...

ആഗ്നേയ - :)
ജയേഷ് - ചുമ്മാതല്ലന്നേയ്
നൊമാദ് - സത്യമായിട്ടും!
വിശാഖ് - :)
പൂക്കൈത - എന്താ ചെയ്യാ ല്ലേ!
കുറൂ - മറുകൊന്നും ഓര്‍മ്മ വരുന്നില്ല
പ്രിയ - :)
നജൂസ് - അത് കലക്കി :)

തോന്ന്യാസി said...

നാട്ടിലെ പാലമരങ്ങള്‍ മൊത്തം വെട്ടിയപ്പോ താമസിയ്ക്കാന്‍ ഇടമില്ലാതായ പാവം അമ്മൂമ്മപ്രേതം അങ്ങ് ദുബായിയിലോട്ട് വന്നതാകും.

എനിവേ ദുബായിയില്‍ തിരിച്ചെത്തിയ ശേഷവും സിക്ക് എന്ന് സ്റ്റാറ്റസില്‍ കണ്ടപ്പോ പാവം ഞാന്‍ പോലും കരുതിയില്ല, പേടിപ്പനിയായിരിയ്ക്കുമെന്ന്.

asdfasdf asfdasdf said...

ബര്‍ദുബായ്, കോലോത്തുമ്പാടം.. ഇരകള്‍ എന്നും വേട്ടക്കാരന്റെ കൂടെത്തന്നെ.. :)

[ nardnahc hsemus ] said...

ഉം.. അപ്പൊ നിങ്ങളെല്ലാരും കൂടെയുള്ള ടീം വര്‍ക്കാ ല്ലെ? ശശിയേട്ടാ, ചുമ്മാ സാക്ഷ്യം നിന്ന് പിള്ളേരെ പ്യാടിപ്പിയ്ക്കല്ലേ...

(കോപ്പ്, ഇനി നെയ്മണം എവിടെ നിന്നു വന്നാലും ഞാന്‍ സ്വപ്നത്തില്‍ പോലും കാണാത്ത ഒരമ്മൂമ്മയെന്റെ മനസ്സിലേയ്ക്ക് കേറിവരൂലോ എന്റെ ഭഹോതീ..)

nandakumar said...

നടന്നതുതന്നെ?
ഇതാണപ്പോ ശരിക്കും ‘റിയാലിറ്റി’ ഷോ ;)


എന്നാലും അങ്ങിനെ ഒരുത്ഭുതാനുഭവം കിട്ടിയല്ലോ

അനിലൻ said...

അയ്യോ തോന്ന്യാസീ
ഇത് പ്രേതകഥയല്ല. (തോന്ന്യാസം പറയുന്നോ!)
ഒരു പക്ഷേ ചിരപരിചിതമായ ഇരുള്‍വഴികളിലൂടെ അവര്‍ നടന്നു പോയിട്ടുണ്ടാവും. അമ്മൂമ്മ അമാനുഷയായിരുന്നെന്നല്ല, ആ പുലര്‍ച്ചയിലെ എന്റെ ഭയമാണ് ഞാന്‍ എഴുതാന്‍ നോക്കിയത്... നന്ദകുമാര്‍ പറഞ്ഞതുപോലെ ഒരു അത്ഭുതാനുഭവം. ഭയപ്പെടുത്തുന്നതായി എന്നേയുള്ളൂ അത്.

ശ്രീ said...

ചിലപ്പോള്‍ എല്ലാമൊരു തോന്നല്‍ തന്നെയാകാം. നാമറിയാതെ മനസ്സു കൊണ്ട് സങ്കല്‍പ്പിച്ചെടുത്ത ഒരു കഥ?

ദേവസേന said...
This comment has been removed by the author.
ദേവസേന said...

അനിലാ‍ാ

Kaithamullu said...

ദേവേ.....
ഹാ ഹാ ഹാ!

(അമുല്‍ ഘീയില്‍ ചുട്ടെടുത്ത ആ ചപ്പാത്തിയില്‍ രണ്ടെണ്ണം കട്ടെടുത്തോടിയത് ആര്‍? ബര്‍ ദുബായ് മ്യൂസിയത്തില്‍ കയറി വെളുപ്പിന് 3 മണി വരെ ഒളിച്ചിരുന്നതാര്‍?)

മുസാഫിര്‍ said...

ഏത് വോഡ്ക്കായാണ് കുടിച്ചതെന്ന് അറിഞ്ഞാലേ ഇനി അന്വേഷണം മുന്നോട്ട് പോവുകയുള്ളൂ.
ഗ്രേ ഗൂസ്
ആബ്സല്യൂട്
സ്മിര്‍നോഫ്
സ്റ്റോലിച്ചാ‍നയ്യാ.
അതോ http://www.thailandunique.com/store/images/scorpion_yellow_vodka.jpg

ഇതു പോലെ വല്ലതുമാണോ ?

ചന്ദ്രകാന്തം said...

ചില വഴികൾ സ്വപ്നങ്ങളിലേയ്ക്ക്‌ കയറിപ്പോകാം.. നെയ്മണം ബാക്കിയാക്കി ഇറക്കി വിട്ടുവെന്നും വരാം.
കണ്ടുതീർത്തതിലെ അനുഭവപ്പാതി വേർതിരിച്ചെടുക്കാനാവാതെ പലകുറി അന്തംവിട്ടിരുന്നിട്ടുണ്ട്‌. അതുപോലെയാകാം..
അതുപോലെയായാൽ മത്യായിരുന്നു.

അനിലൻ said...

ശ്രീ - പിന്നേം അതുതന്നെ പറയുന്നോ :)
ദേവസേന, പൂക്കൈത - കൊല്ലും ഞാന്‍!
മുസാഫിര്‍ - അബ്സൊല്യൂട്ട് ആയിരുന്നെന്നാ ഓര്‍മ്മ. കരാമയിലൂടെ ബര്‍ദുബായ് വഴി ഒന്നു കറങ്ങി നോക്കുന്നോ :)
ചന്ദ്രകാന്തം - മത്യായിരുന്നു!

ഗുപ്തന്‍ said...

അങ്ങനെയെങ്കിലും അമ്പലത്തീ കേറട്ടേന്ന് വിചാരിച്ചുകാണും ....ന്നിട്ടെന്താ..

പാര്‍ത്ഥന്‍ said...

ഭാഗ്യവാൻ!!!!!!!

എത്രനാളായി ഞാൻ ഒരു തുണ്ട് ചുണ്ണാമ്പും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്.

Siji vyloppilly said...

Ayyo 'Nonakkadha' ..Kanan vaiki.. :))

അനിലൻ said...

ഗുപ്തന്‍, പാര്‍ത്ഥന്‍ - :)
സിജി- അപ്പൊ ശരീട്ടാ... എപ്പഴാ എടമുട്ടത്ത്‌ണ്ടാവാന്ന് പറയണേ :)

yousufpa said...

അനിലന്‍ പറഞ്ഞത് സത്യം തന്നെയാണ്.ഇത് പോലെ പല മുത്തശ്ശികളെ ഞാന്‍ കണ്ടിട്ടുണ്ട്.പണ്ട് ജോലി തെണ്ടി നടന്നിട്ട് കിട്ടാതായപ്പൊ മനം മടുത്ത് ഹബറയില്‍ ജീവന്‍ ഒടുക്കാന്‍ തുനിഞ്ഞപ്പൊ ഇതുപോലെ ഒരമ്മൂമ “അരുത് മോനെ, നാട്ടിലെ കുട്ട്യോളെം കെട്ട്യോളേം വഴിയാധാരമാക്കല്ലെ എന്ന് പറഞ്ഞ് പിന്നില്‍ നിന്ന് വലിച്ചതോര്‍മ്മയുണ്ട്. തിരിഞ്ഞ് നോക്കിയപ്പൊ അനിലനെ പറ്റിച്ചപോലെ ആ മുത്തശ്ശി എനെയും പറ്റിച്ച് എങ്ങോ പോയ് മറഞ്ഞു.