Tuesday, July 8, 2008

നാടകശാല

ഇക്കുറി നാട്ടില്‍ ചെന്നപ്പോള്‍ അശോകേട്ടനെ കണ്ടില്ല. തിരക്കുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച്‌ അമ്പലപ്പറമ്പിലൂടെ നടന്നുപോകാറുള്ള മെലിഞ്ഞു നീണ്ട ആ നിഴല്‍ ഓര്‍മ്മയിലും വന്നില്ല. കഴിഞ്ഞ തവണ സിനിമാ തിയേറ്ററിന്റെ മുന്നില്‍ സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ നില്‍ക്കുമ്പോള്‍ പെട്ടെന്ന് മുന്നില്‍ എത്തി. ഇത്ര വൈകി നീ ഇവിടെ എന്തു ചെയ്യുന്നു. വീട്ടില്‍ പൊയ്ക്കൂടെ? എന്നു ചോദിച്ചു. ഓഹോ ഇയാള്‌ മനുഷ്യരോട്‌ മിണ്ടുമോ? എന്ന് അവിടെ കൂടിനിന്നിരുന്നവര്‍ അത്ഭുതപ്പെടുന്നതു കണ്ടില്ലെന്ന് ഭാവിച്ചു.
* * * * *
വെയിലിനു ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ചൂടും വെളിച്ചവും മഴയ്ക്കും മഞ്ഞിനും കൂടുതല്‍ തണുപ്പും പൂക്കള്‍ക്ക്‌ കൂടുതല്‍ നിറവുമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പുലര്‍കാലത്ത്‌ ശേഖരേട്ടന്റെ ചായപ്പീടിക രാഷ്ട്രീയചര്‍ച്ചകളുടെ വേദിയായിരുന്ന കാലം. അച്ഛന്റെ സുഹൃത്തായിരുന്ന കൊമ്പന്‍ മീശക്കാരന്‍ ഐ.എന്‍.എ അച്ചാച്ചന്‍ ഒരിക്കല്‍ രാഷ്ട്രീയചര്‍ച്ചയ്ക്കിടെ ആരോ സുഭാഷ്‌ ചന്ദ്രബോസിനെക്കുറിച്ച്‌ എന്തോ മോശമായിപ്പറഞ്ഞതു കേട്ട്‌ ചായകുടിക്കാന്‍ വന്നവരിലുണ്ടായിരുന്ന ആരുടേയോ കൈയ്യിലെ വാക്കത്തി വാങ്ങി തന്റെ കൈത്തണ്ട പൂണ്ട്‌ വീര്യം കാണിച്ചിട്ടുള്ളത്‌ ആ ചായക്കടയില്‍ വച്ചായിരുന്നു. ചായയടിക്കുമ്പോള്‍ ശേഖരേട്ടന്‍ ആ പഴയകാലത്തെക്കുറിച്ച്‌ പറയും. ഞങ്ങളൊക്കെ കേട്ടിരിക്കും. അന്ന് അശോകേട്ടന്‍ ഇങ്ങനെ മെലിഞ്ഞ്‌ വളഞ്ഞിട്ടില്ല. തീക്ഷ്ണമായ കണ്ണുകളും കട്ടിമീശയും മെലിഞ്ഞതെങ്കിലും ആരോഗ്യമുള്ള ശരീരവും തോരാത്ത വര്‍ത്തമാനവുമായി ഒരാള്‍. വായനശാലയിലുണ്ടാവും. അമ്പലപ്പറമ്പിലുണ്ടാവും. തളിക്കുളം സെന്ററിലുണ്ടാവും. നാടകത്തെക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
* * * * *
ധനുമാസം കഴിഞ്ഞിട്ടേയുള്ളൂ. പൂഴിമണ്ണ്‍ രാത്രിമഞ്ഞില്‍ നനഞ്ഞിട്ടുണ്ടായിരുന്നു. അരയാലിലകളില്‍ കാറ്റ്‌ കുഞ്ഞു കിലുക്കകള്‍ കെട്ടിയിട്ടുണ്ടായിരുന്നു. ഏഴിലം പാലയില്‍ അക്കൊല്ലത്തെ ആദ്യത്തെ പൂക്കള്‍ വിരിഞ്ഞിരുന്നു.മണലില്‍ മലര്‍ന്ന് കിടന്ന് കാജാബീഡി വലിച്ചുകൊണ്ട്‌ അശോകേട്ടന്‍ ചൊല്ലി.
അകലെ പര്‍വതാഗ്രത്തില്‍
ഉന്മത്തനായൊരന്ധനെപ്പോലെ
ശിവനിരിക്കുന്നു. . .
പെയ്തുകൊണ്ടിരുന്ന മഞ്ഞ്‌ കവിതയെ തെല്ലും നനയ്ക്കുന്നുണ്ടായിരുന്നില്ല. ആല്‍മരത്തില്‍ ചാരിയിരുന്ന് ഞങ്ങള്‍ എഴുതിയെടുത്തുകൊണ്ടിരുന്നു. പടിക്കല്‍ വന്നുനിന്ന് അമ്മ ഇടയ്ക്കിടെ സമയം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. തലയ്ക്കു സുഖമില്ലാത്ത ഒരാളുടെ കൂടെ രാത്രികളില്‍ ഇരുന്ന് സാഹിത്യം പറയുന്നത്‌ അമ്മയ്ക്ക്‌ അത്ര ഇഷ്ടമായിരുന്നില്ല."മോന്‍ കഥാപുസ്തകങ്ങള്‍ അധികം വായിക്കുകയൊന്നും വേണ്ട... അമ്മായീരോടത്തെ ബാലഷ്ണേട്ടനെ കണ്ടില്ലേ... എത്ര നല്ല സ്വഭാവായിരുന്നു, എന്തൊരു പണിക്കാരനായിരുന്നു. വാതിലൊക്കെ കൊത്തുപണി ചെയ്യുന്നത്‌ കണ്ടാ നോക്കി നിക്കും. നല്ല കയ്യും കണക്കും. കള്ള്‌ കുടിക്കില്യ, കാശ്കണ്ടമാനം കളയില്ല. കഥയെഴ്‌തി കഥയെഴ്‌തി തട്ട് മ്പൊറത്തുനിന്ന് എറങ്ങാണ്ടായി. പിന്നെ നാട്‌ വിട്ട്‌ പോയില്ലേ... ഇന്നലെ വന്നപ്പോഴും അമ്മായിയ്ക്ക്‌ അതു തന്നെയായിരുന്നു പറഞ്ഞ്‌ കരയാന്‌ണ്ടായിരുന്നത്‌."

അക്കാലത്ത്‌ അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു.

അശോകേട്ടന്‍ രണ്ട് നാടകങ്ങളെഴുതി‍. ദുര്‍വ്വാസാവ്‌, കല്‍ക്കി. തളിക്കുളം നാടകശാലയുടെ പേരില്‍ അവ തട്ടില്‍ കയറി. എപ്പോഴും തമാശ പറയുന്ന ഹുസൈനിക്ക,യൗവനം തീരും മുന്‍പേ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചുപോയ ശ്രീനിയേട്ടന്‍, സക്കറിയ, എല്ലാവരും നടന്മാരാണെന്ന് തെളിയിച്ചു ആ നാടകങ്ങള്‍. ഞാന്‍ ആദ്യമായി ഒരു നാടകനടിയെ അടുത്ത്‌ കാണുന്നത്‌ നാടക റിഹേഴ്സല്‍ നടക്കുന്നത്‌ കാണാന്‍ പോയപ്പോഴായിരുന്നു.

* * * * *
പിന്നെയെപ്പോഴാണാവോ അശോകേട്ടന്റെ താളം തെറ്റിയത്‌. പ്രണയത്തകര്‍ച്ചയോ വീട്ടിലെന്തെങ്കിലും പ്രശ്നങ്ങളോ ആരും പറഞ്ഞു കേട്ടിട്ടില്ല. കഞ്ചാവ്‌ വലിക്കുമെന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നു. മുന്‍പേ ചെറുതായി ഉണ്ടായിരുന്ന മനോരോഗം അധികമായി. ഒരവസരത്തില്‍ ആക്രമണോത്സുകത പോലുമുണ്ടായിരുന്നു. ചികില്‍സയുടെ ഒരു ഘട്ടം കഴിഞ്ഞ്‌ പുറത്തുവന്നത്‌ വേറൊരാളായിട്ടായിരുന്നു. വര്‍ത്തമാനം അവനവനോടു മാത്രമായി. വല്ലപ്പോഴും ഏറ്റവും അടുത്തവരോടു മാത്രം മിണ്ടും. കണ്ടിട്ടു മിണ്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചു പോകുമ്പോഴായിരിക്കും പിന്നില്‍നിന്ന് വിളിക്കുക. കൊടും വെയിലിലായാലും നിന്ന് വര്‍ത്തമാനം പറയും. എന്താ അശോകേട്ടാ വിശേഷം എന്നു ചോദിച്ചു ചെന്നാല്‍ കേള്‍ക്കാത്തതുപോലെ പോയെന്നും വരും. ചിലപ്പോള്‍ അത്യാവശ്യമായി ഒരിടത്ത്‌ ചെല്ലാനുണ്ടെന്ന് പറഞ്ഞ്‌ തിരക്കിട്ടു പോകും. ആ യാത്ര മിക്കവാറും വീട്ടില്‍ നിന്നു തുടങ്ങി അമ്പലപ്പറമ്പിലൂടെ കിഴക്കോട്ട്‌ നടന്ന് റോഡിലെത്തി തെക്കോട്ട്‌ നടന്ന് സെന്ററിലൂടെ ബീച്ചുറോഡില്‍ കയറി വടക്കോട്ട്‌ നടന്ന് സ്വന്തം മുറ്റത്തുതന്നെ അവസാനിക്കും. നീ ഇവിടിരിയ്ക്ക്‌ നമുക്ക്‌ വര്‍ത്തമാനം പറയാം എന്നു പറഞ്ഞ്‌ ആല്‍ത്തറയില്‍ പിടിച്ചിരുത്തി മൗനമായിരിക്കും. മിണ്ടാതെ എണീറ്റു നടക്കും. ആരൊക്കെയോ എന്നെ നിരീക്ഷിക്കുന്നുണ്ട്‌ എന്ന് ഇടയ്ക്കിടെ പറയും. മനോരോഗത്തിന്റെ പേരില്‍ മറ്റുള്ളവര്‍ അകറ്റിനിര്‍ത്തുക കൂടി ചെയ്തതോടെ ഉള്ളിലേയ്ക്ക്‌ വലിയല്‍ പൂര്‍ണമായി.
സമൂഹശരീരത്തിന്‌ ഇത്രയേറെ പരിക്കുകള്‍ ഏല്‍ക്കുന്നതിനും മുന്‍പ്‌. വായനശാലകള്‍ ഗ്രാമങ്ങളുടെ ഞരമ്പുകളില്‍നിന്ന് ശസ്ത്രക്രിയയിലൂടെ എടുത്തുകളയപ്പെടുന്നതിനും മുന്‍പ്‌, ക്വൊട്ടേഷനും പീഡനവുമൊക്കെ കൗമാരകാലം മുതലേയുള്ള സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളായിത്തീരുന്നതിനും മുന്‍പ്‌ രണ്ട്‌ നാടകങ്ങള്‍ എഴുതുകയും ഒരു നാട്ടുമ്പുറത്തെ കുറച്ചു യുവാക്കളുടെ ഇച്ഛാശക്തിയുപയോഗിച്ച്‌ ആ നാടകങ്ങള്‍ അരങ്ങിലെത്തിക്കുകയും ചെയ്ത ഒരാളാണ്‌ താന്‍ എന്ന് അശോകേട്ടന്‍ പോലും മറന്നു പോയത്‌ എങ്ങനെയാണാവോ.
തളിക്കുളത്തെ വായനശാലയിലെ പുസ്തകങ്ങള്‍ അശോകേട്ടനെ എന്നപോലെ പലരേയും ഓര്‍മ്മിക്കുന്നുണ്ടാവും. തുന്നലഴിഞ്ഞു തുടങ്ങിയ നോട്ടുപുസ്തകങ്ങളില്‍ എഴുതിയ രണ്ടായിരത്തില്‍പ്പരം കവിതകളും ഗാനങ്ങളും ഇപ്പോള്‍ എവിടെയാണാവൊ!


ചിത്രങ്ങള്‍ : തുളസി
എന്തിനിങ്ങനെ എഴുതുന്നു ഒറ്റ ക്ലിക്ക് പോരേ ഇതൊക്കെ പറയാന്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് തുളസിയുടെ ചിത്രങ്ങള്‍.
* * * * *

16 comments:

അനിലൻ said...

ആടിത്തീരാത്തവ

Pramod.KM said...

ഈ ചങ്ങാടത്തില്‍ കയറിയാല്‍ തളിക്കുളത്തേക്കു മാത്രമല്ല,എല്ലാ ഗ്രാമങ്ങളിലേക്കും പോകാം.

Kaithamullu said...

വെയിലിനു ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ചൂടും വെളിച്ചവും മഴയ്ക്കും മഞ്ഞിനും കൂടുതല്‍ തണുപ്പും പൂക്കള്‍ക്ക്‌ കൂടുതല്‍ നിറവുമുണ്ടായിരുന്ന കാലമുണ്ടായിരുന്നു.
---
ഞാനും ഓര്‍ക്കുന്നൂ, അനിലാ ആ കാലങ്ങള്‍!
പ്രമോദെഴുതിയത് ഒരു വലിയ സത്യം:
“ഈ ചങ്ങാടത്തില്‍ കയറിയാല്‍ തളിക്കുളത്തേക്കു മാത്രമല്ല,എല്ലാ ഗ്രാമങ്ങളിലേക്കും പോകാം.“

siva // ശിവ said...

ഈ വരികള്‍ മനസ്സിനെ ഇത്തിരി വിഷമിപ്പിച്ചതുപോലെ...

കഥയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം....ജീവിതമാണെങ്കില്‍ ഇങ്ങനെയൊരു ജീവിതം ആര്‍ക്കും വരുത്തല്ലെ എന്ന് പ്രാര്‍ഥന...

സസ്നേഹം,

ശിവ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നൂം പറയാനില്ല. അത്രയ്ക്കും സ്പര്‍ശിച്ചിരിയ്ക്കുന്നു വരികളും ചിത്രങ്ങളും

Sanal Kumar Sasidharan said...

നാടകശാല തന്നെ..മുഖത്തെഴുത്തുള്ളവരും ഇല്ലാത്തവരും ചമയങ്ങളുള്ളവരും ഇല്ലാത്തവരും ഒരേപോലെ തകര്‍ത്താടുന്ന ഒന്ന്...

അനിലൻ said...

പ്രമോദ്, പൂക്കൈത, പ്രിയ, സനല്‍ : സന്തോഷം
ശിവ : കഥയല്ല, ആളിപ്പോഴും ജീവിച്ചിരിക്കുന്നു

ചന്ദ്രകാന്തം said...

അക്കരേയ്ക്കും ഇക്കരേയ്ക്കും ഇല്ലാതെ നീങ്ങുന്ന ചങ്ങാടത്തിലേയ്ക്ക്‌, വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും നീന്തിക്കയറിവന്ന ഓര്‍‌മ്മകള്‍.. ഒരുവട്ടം കൂടി മണപ്പുറത്തെ പഞ്ചാരമണലില്‍ കൈപിടിച്ചുനടത്തി.

നജൂസ്‌ said...

."മോന്‍ കഥാപുസ്തകങ്ങള്‍ അധികം വായിക്കുകയൊന്നും വേണ്ട... അമ്മായീരോടത്തെ ബാലഷ്ണേട്ടനെ കണ്ടില്ലേ... എത്ര നല്ല സ്വഭാവായിരുന്നു, എന്തൊരു പണിക്കാരനായിരുന്നു...........

ചിലതെല്ലാം ഓര്‍മ്മിപ്പിക്കുന്നു

Anonymous said...

ചില ചിത്രങ്ങള്‍ ഭാഗ്യവാന്മാരാണ്,അവര്‍ക്കിങ്ങനെ പുനര്‍ജന്മം കിട്ടുന്നു.

Visala Manaskan said...

ഈ എഴുത്തിനെ പറ്റി എന്തിറ്റ്ന്നാ പറയ്യാ...

ചങ്ക്, ഈയം ഉരുക്കിയൊഴിച്ച കശനണ്ടി പോലെ ആയിഡാ. ഭയങ്കര കനം! :(

ഉഗ്രന്‍ പടോം പെടേം!

അനിലൻ said...

നജൂസ്, തുളസി, വിശാലന്‍ - :)

വിശാലാ... നീ പറഞ്ഞില്ലെങ്കിലും ഞാന്‍ അറിഞ്ഞൂ ട്ടാ (കൈതമുള്ള് പറഞ്ഞതല്ല :) )

[ nardnahc hsemus ] said...

ഇതാ പറയണെ, ഇങ്ങനെ പുത്തകത്തിലൊക്കെ എഴുതിക്കൂട്ടി വയ്ക്കാണ്ട് ബ്ലോഗില്‍ പോസ്റ്റ്, ബ്ലോഗില്‍ പോസ്റ്റ് ന്ന്...കണ്ടാ ഒക്കെ പോയില്ലെ.. അശോകേട്ടനോടല്ല, ബാക്യൊള്ളോരോടാ പറഞ്ഞേ..

...പെയ്തുകൊണ്ടിരുന്ന മഞ്ഞ്‌ കവിതയെ തെല്ലും നനയ്ക്കുന്നുണ്ടായിരുന്നില്ല. അത് രാത്രിപെയ്ത് കഴിഞ്ഞ മഞ്ഞല്ലെ? പിന്നേം എപ്പഴാ പെയ്തേന്ന് ആലോചിച്ചാലോചിച്ഛ് മനുഷ്യന് പിരാന്ത് പിടിയ്ക്കാന്‍ തൊടങ്ങി..

..................
അനിലന്‍ മാഷെ, അങ്ങനെ നക്ഷത്രമിട്ട് തിരിയ്ക്കാതെ ചേര്‍ത്തെഴുതാമായിരുന്നില്ലെ? ഒന്നൂടെ വായനാസുഖം കിട്ടൂമെന്നു തോന്നി.. അവസാന പാരഗ്രാഫ്, നന്നായി.
..................

കട്ടുറുമ്പിന്റെ കടി കൊണ്ടാലും വേണ്ടില്ല, ഈ ചങ്ങാടത്തീന്ന് ഞാനെറങ്ങൂലാ..

ലേഖാവിജയ് said...

എന്തെഴുതിയാലും ആരേക്കുറിച്ചെഴുതിയാലും എങ്ങനെ എഴുതിയാലും കവിത തന്നെ.അക്കരയ്ക്കും പോക വയ്യ, ഇക്കരയ്ക്കും പോക വയ്യ,ചങ്ങാടത്തില്‍ തന്നെ പെട്ടുപോകുന്നു.ആശംസകള്‍!

വിശാഖ് ശങ്കര്‍ said...

നീ എന്തെഴുതിയാലും എന്താ ഇങ്ങനെ, മ...

ഉളിയെടുത്ത് വായിക്കുന്നവന്റെ ചങ്കില്‍ വച്ചുള്ള ഈ കൊത്തുപണി അസഹനീയമാണെങ്കിലും നിര്‍ത്തിയാല്‍ നിന്നെ ഞങ്ങള്‍ തട്ടും...

അനിലൻ said...

സുമേഷ് : തുടര്‍ച്ച ഒരു പ്രശ്നമായാലോ എന്ന് വിചാരിച്ചാ നക്ഷത്രമിട്ടത്. വേണ്ടായിരുന്നു അല്ലേ.
ലേഖ : സന്തോഷം. (എഴുതില്ല എന്ന് തീരുമാനിച്ചോ?)
വിശാഖ് : ആ മ... മുഴുവനാക്കാമോ :)