Tuesday, July 22, 2008

ഒഴുകുകയാണെന്ന് പുഴ കരുതും

പഴയ ചില കടലാസുകള്‍ തിരയുമ്പോള്‍ ഒരു ഓണാശംസാക്കാര്‍ഡ്‌ ഫയലില്‍ ഉറങ്ങുന്നതു കണ്ടു. പച്ചക്കാര്‍ഡില്‍ തെങ്ങോല, വിളറിയ ചന്ദ്രന്‍, കറുപ്പുകേറാന്‍ തുടങ്ങിയ ആകാശം പക്ഷികള്‍... സന്തോഷവും സമൃദ്ധിയുമുള്ള ഓണം ആശംസിച്ചുകൊണ്ട്‌ ചെല്ലപ്പണ്ണന്റെ വിലാസത്തില്‍ നാട്ടിലെ ഒരു ബാങ്കിന്റെ പുനലൂര്‍ ശാഖയില്‍നിന്ന് ബാങ്കുമാനേജരുടെ ഒപ്പോടെ അയച്ചത്‌. എങ്ങനെയാണാവോ അതെന്റെ ഫയലിനുള്ളില്‍ കടന്നു കൂടിയത്‌. ഒരു പക്ഷേ ഇങ്ങനെയൊക്കെയാവും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന ചില സ്നേഹങ്ങള്‍ ഞാനിവിടെ ഉണ്ടായിരുന്നു എന്ന് സ്വയം പുറത്തുവരുന്നത്‌.
അജ്മാനില്‍ ഒരു ലേബര്‍ ക്യാമ്പിലെ മുറിയില്‍ മൂന്ന് ഇരുനിലക്കട്ടിലുകളിലൊന്നില്‍ താഴെ ചെല്ലപ്പണ്ണനും മുകളില്‍ ഞാനുമായി കുറേ നാള്‍ താമസിച്ചിട്ടുണ്ട്‌. കള്ളുകുടിച്ചു കഴിഞ്ഞാല്‍ പുരാവൃത്തങ്ങള്‍ പറയലായിരുന്നു പുനലൂര്‍ക്കാരന്‍ ചെല്ലപ്പണ്ണന്റെ വിനോദം. യക്ഷിയും പിശാചുക്കളും ആഭിചാരവും കാമവും പകയുമൊക്കെ നിറഞ്ഞ കഥകള്‍. കഥകളുടെ സമാപ്തിയില്‍ ചെല്ലപ്പണ്ണന്‍ യക്ഷിയെ പിടിച്ചു കെട്ടി വീട്ടില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. ആഴക്കിണറില്‍നിന്ന് വെള്ളം കോരി തന്നെ കുളിപ്പിക്കാനും ചോറു വച്ചു തരാനും ആജ്ഞാപിച്ചു. മന്ത്രം ജപിച്ചു പിശാചിനെ കുപ്പിയിലാക്കി അമ്പലക്കിണറില്‍ കൊണ്ടിട്ടു. തന്നില്‍ ഭ്രമിച്ച സ്ത്രീകളെ മരങ്ങളുടെ മറവിലോ ആളൊഴിഞ്ഞ ഇടങ്ങളിലോ കൊണ്ടുപോയി ഭോഗിച്ചു. തന്നെ എതിരിടാന്‍ വന്നവരെ മഹാമന്ത്രങ്ങളുപയോഗിച്ച്‌ നശിപ്പിച്ചു.
കഥ പറയുമ്പോള്‍ ചെല്ലപ്പണ്ണന്‍ ദേഹാദ്ധ്വാനം ചെയ്തിട്ടെന്നപോലെ വിയര്‍ക്കുകയും കിതയ്ക്കുകയും ചെയ്തു. ഇടയ്ക്കിടെ കഥ നിര്‍ത്തി മുപ്പതാം നമ്പര്‍ ബീഡി വലിച്ചു. മന്ത്രങ്ങള്‍ ജപിച്ച്‌ ഉറങ്ങാന്‍ കിടന്നു. എല്ലാ രാത്രികളിലും ഇടയ്ക്കിടെ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് കട്ടിലില്‍ എണീറ്റിരിക്കും. പറഞ്ഞു തീര്‍ന്ന കഥകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വപ്നത്തില്‍ തിരിച്ചു വന്നിട്ടുണ്ടാവും. അവര്‍ സ്വപ്നത്തില്‍ ചെല്ലപ്പണ്ണനൊപ്പം കിടന്നിട്ടുണ്ടാവും. രണ്ട്‌ തട്ടുള്ള കട്ടില്‍ പാതിരാത്രികളിലെ സ്വയംഭോഗത്തിന്റെ അലകളില്‍ ഉലയാറുണ്ടായിരുന്നു.
ഒരു പതിനഞ്ചു കൊല്ലം മുന്‍പാണ്‌. അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഇത്രയ്ക്ക്‌ വികസിച്ചിട്ടില്ല. ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്ന താഴ്‌ന്ന ഇടങ്ങള്‍. പാഴ്‌വസ്തുക്കള്‍ കൊണ്ടുനിറച്ച ചതുപ്പുകള്‍. ഉയര്‍ന്ന മണ്‍തിട്ടുകളില്‍ ചെറിയ മരങ്ങളും എരുക്കിന്‍ ചെടികളും നിലത്തു പടര്‍ന്ന ഒരുതരം പുല്ലുമാണ്‌ ആകെയുള്ള പച്ചപ്പ്‌. ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക്‌
ഏറെ പ്രിയമാണ്‌ ആ മരച്ചുവടുകളോട്‌. പേരറിയാത്ത ആ മരങ്ങളുടെ തണലുകള്‍ അവരെ സ്വന്തം ദേശത്തെ ഏറെപ്പരിചയമുള്ള ഏതെങ്കിലും ഇടങ്ങളുമായി കൂട്ടിയിണക്കുന്നു. വേനല്‍ രാത്രികളിലെ വേവ്‌ സഹിക്കാനാകാതെ വീട്ടില്‍നിന്നുമിറങ്ങി ചങ്ങാതിമാരൊത്ത്‌ ഉറക്കം വരുവോളം കഥകള്‍ പറഞ്ഞിരിക്കാറുള്ള സ്ഥലം, ഇഷ്ടമുള്ള ആരെയെങ്കിലും കാത്ത്‌ നാഴികകളോളം മുഷിയാതെ ഇരുന്ന് കിനാവിന്റെ ചുറ്റുഗോവണികള്‍ കയറിപ്പോയ വൈകുന്നേരങ്ങള്‍... അങ്ങനെ പലതും.
ഒഴിവുദിനങ്ങളില്‍ അവര്‍ ആ മരങ്ങള്‍ക്കു ചുവട്ടിലിരുന്ന് ടേപ്‌ റെക്കോര്‍ഡറുകളില്‍ തന്റെ പ്രണയവും സ്വപ്നങ്ങളും കുടുംബനടത്തിപ്പിനെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും രേഖപ്പെടുത്തി. കാസറ്റും ഈന്തപ്പനയുടേയോ കെട്ടിടങ്ങളുടേയോ പാര്‍ക്കിലെ പൂക്കളുടേയോ പശ്ചാത്തലത്തില്‍ പുതുതായെടുത്ത ഫോട്ടോയും തപാലിലയച്ചു. പരിഭവവും വിരഹവും വേദനകളും സന്തോഷവും നിറഞ്ഞ്‌ തിരിച്ചുവരുന്ന കാസറ്റുകള്‍ കൊടുംവെയിലില്‍ ഉച്ചമയങ്ങുന്ന മരങ്ങളില്‍ ചാരിയിരുന്നു കേട്ടു. ക്യാമ്പിലെ ഭൂരിഭാഗം തെലുങ്കരും എഴുത്തുകളേക്കാള്‍ ആശ്രയിച്ചിരുന്നത്‌ കാസറ്റുകള്‍ ആയിരുന്നു.
ചെല്ലപ്പണ്ണന്‍ സോഫാ പണിക്കാരനായിരുന്നു. അസാമാന്യമായ വേഗതയിലും വൃത്തിയിലും സോഫയുണ്ടാക്കും. അറബിക്കും മുറിയിംഗ്ലീഷും മാത്രമറിയുന്ന സിറിയന്‍ ഫോര്‍മാനോട്‌ മലയാളത്തിലാണ്‌ സംസാരിക്കുക. ഒരു ബുദ്ധിമുട്ടുമില്ലാതെ ചെല്ലപ്പണ്ണന്റെ മലയാളം ഫോര്‍മാനു മനസ്സിലാകുമായിരുന്നു. ഒരു ചെറുചിരിയോടെ അയാള്‍ ചെല്ലപ്പണ്ണന്റെ വര്‍ത്തമാനം കേട്ടു നില്‍ക്കും. എത്ര ക്ഷീണിച്ചാലും ഓവര്‍ടൈം ചെയ്തിട്ടേ മുറിയിലെത്തൂ. എത്ര മദ്യപിച്ചാലും ഒരു ദിവസം പോലും പണി മുടക്കുകയില്ല. ജോലി കഴിഞ്ഞു മുറിയിലെത്തിയാല്‍ കുളികഴിഞ്ഞ്‌ പൂജകള്‍ തുടങ്ങുകയായി. ബദാമും മുന്തിരിയും വാഴപ്പഴവും ചിലദിവസങ്ങളില്‍ പായസവും പ്രസാദമായുണ്ടാവും. മുറിയിലാകെ ചന്ദനത്തിരിയും നെയ്യും മണക്കും.
ഒരു ദിവസം ജോലി കഴിഞ്ഞു വന്നതിനു ശേഷം ചെല്ലപ്പണ്ണന്‍ എന്നെ വിളിച്ചു. വല്ലാതെ വിവശനായിരുന്നു അയാള്‍.
എനിയ്ക്ക്‌ നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണം. എന്റെ കൂടെ വരാമോ?
നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടു കിലോമീറ്ററോളം നടക്കണം. ബംഗാളി മസ്ജിദിന്റെ അടുത്ത്‌ യൂക്കാലിമരച്ചുവട്ടില്‍ രണ്ട്‌ ടെലഫോണ്‍ ബൂത്തുകളുണ്ട്‌ ഒന്ന് നാണയമിട്ടു വിളിക്കുന്നതും മറ്റൊന്ന് കാര്‍ഡിട്ടു വിളിക്കുന്നതും. നടക്കുന്നതിനിടയില്‍ ഒരെഴുത്തെടുത്ത്‌ എനിയ്ക്ക്‌ വായിക്കാന്‍ തന്നു. എഴുതുമ്പോള്‍ കൈ വിറയ്ക്കുന്നതുകൊണ്ട്‌ ചെല്ലപ്പണ്ണന്റെ വീട്ടിലേയ്ക്കുള്ള കത്തുകള്‍ എഴുതുന്നത്‌ എന്റെ ജോലിയായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ വീട്ടുകാരേയും ഏറ്റവും അടുത്ത ബന്ധുക്കളേയും ചങ്ങാതിമാരേയും മന്ത്രവാദികളേയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും എനിയ്ക്ക്‌ പരിചയമായിരുന്നു.
അയല്‍ക്കാരനും ആത്മസുഹൃത്തുമായ ഒരാള്‍ ചെല്ലപ്പണ്ണനു കൊടുത്ത ഒരു മുന്നറി
യിപ്പായിരുന്നു ആ എഴുത്ത്‌. ചെല്ലപ്പണ്ണന്റെ ഭാര്യ രുഗ്മിണിയും അനിയന്‍ സുകുമാരനുമായുള്ള ബന്ധത്തിന്റെ കഥകള്‍ നാട്ടില്‍ പ്രചാരത്തിലാവുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ്‌.
കഴിഞ്ഞ മാസം ചെക്കപ്പ്‌ ചെയ്തപ്പൊ പ്രഷറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അവളുമായി വര്‍ത്തമാനം പറഞ്ഞ്‌ പ്രഷറെങ്ങാനും കൂടി വഴിയില്‍ കിടന്നാല്‍.. അതാ നിന്നെ കൂട്ടിയത്‌. അവളെ ഞാന്‍ കുറ്റം പറയില്ല. ഒറ്റയ്ക്ക്‌ അവള്‍ എന്തൊക്കെ ചെയ്യും? പാവം. എനിയ്ക്ക്‌ രുഗ്മിണിയുടെ ശബ്ദമൊന്ന് കേള്‍ക്കണം. മോളുടേയും.
ഇടറിയ ശബ്ദത്തില്‍ ചെല്ലപ്പണ്ണന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ ഒന്നിലധികം മുനകളുള്ള ഒരാണി എന്റെ ഉള്ളിലൂടെ പാഞ്ഞു കയറി. ഫോണ്‍ ചെയ്തതിനു ശേഷം തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടെന്ന ഓര്‍മ്മപോലും നഷ്ടപ്പെട്ടായിരുന്നു അയാള്‍ നടന്നത്‌.
ആ എഴുത്തു വായിച്ചതിനു ശേഷം ചെല്ലപ്പണ്ണന്‌ പെട്ടെന്ന് വാര്‍ദ്ധക്യം ബാധിച്ചു. മദ്യപാനത്തിനു ശേഷമുള്ള കഥ പറച്ചില്‍ നിന്നു. പണി സ്ഥലത്തും നിശ്ശബ്ദന്‍. മുറിയിലെത്തിയാല്‍ വേഗം ഭക്ഷണം കഴിച്ച്‌ കട്ടിലില്‍ കയറിക്കിടക്കും. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളുള്ള കട്ടിലിന്റെ കരച്ചില്‍ എന്റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.പുനലൂരില്‍ റബ്ബര്‍ തോട്ടവും വാഴക്കൃഷിയുമുണ്ട്‌ അയാള്‍ക്ക്‌. ഇരുപതു കൊല്ലം ഗള്‍ഫില്‍ അദ്ധ്വാനിച്ചുണ്ടാക്കിയത്‌. സുകുമാരനാണ്‌ എല്ലാറ്റിന്റേയും മേല്‍നോട്ടം.
ഞാന്‍ നാട്ടിലേയ്ക്കു പോകുന്നു.
ഒരു ദിവസം ചെല്ലപ്പണ്ണന്‍ പറഞ്ഞു.
കമ്പനിയില്‍ കൊടുക്കാന്‍ നീ എനിയ്ക്ക്‌ ഒരു എഴുത്തെഴുതിത്താ.
അതുതന്നെയാണ്‌ നല്ലതെന്ന് എനിയ്ക്കും തോന്നി.
ഇരുപതു കൊല്ലത്തെ വിദേശവാസത്തിനു ശേഷം ഒരാള്‍ തിരിച്ചു പോവുകയാണ്‌. ഗള്‍ഫ്‌ ജീവിതത്തില്‍ എന്താണ്‌ ചെല്ലപ്പണ്ണന്റെ നേട്ടം? ഗള്‍ഫിലെത്തുമ്പോള്‍ അദ്ദേഹത്തിന്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌. നാല്‍പതാം വയസ്സില്‍ വിവാഹം കഴിച്ചു. ഇരുപതു കൊല്ലത്തിനിടയില്‍ എട്ടു പ്രാവശ്യം നാട്ടില്‍ പോയി. ഒരു മകള്‍ ജനിച്ചു. മൊത്തം പതിനാറു മാസം നാട്ടില്‍ സ്വന്തക്കാരും ബന്ധുക്കളുമൊത്തുള്ള ജീവിതം. ബാക്കി ഇരുന്നൂറ്റി ഇരുപത്തിനാലു മാസം ഗള്‍ഫില്‍, ലേബര്‍ ക്യാമ്പില്‍ കുബ്ബൂസും കോഴിയും തിന്ന് കാസര്‍ക്കോട്ടുകാരന്‍ ശിവന്‍ സപ്ലൈ ചെയ്യുന്ന മണ്ണെണ്ണയോട്‌ ചേര്‍ന്ന മണമുള്ള വ്യാജമദ്യം കുടിച്ച്‌, ഉറക്കം വരാത്ത പാതിരകളില്‍ സ്വയംഭോഗം ചെയ്ത്‌ ജീവിച്ചു.
പുതുവെള്ളത്തില്‍ പുഴയില്‍നിന്ന് പാടങ്ങളിലേയ്ക്ക്‌ കയറുന്ന ഏറ്റുമീന്‍ പിടിക്കാന്‍ ഈര്‍ക്കിലുപയോഗിച്ചുണ്ടാക്കുന്ന കുരുത്തി എന്ന ഒരു തരം നാട്ടുപകരണമുണ്ട്‌. കടന്നുപോകാനുള്ള ഇടം വിസ്താരമേറിയതും ചെന്നെത്തുന്ന ഇടം ഒരു തിരിച്ചു നീന്തലിനു സാധ്യമാക്കാത്തതുമായ ഘടനയുള്ള ഒന്ന്. അതില്‍ പെട്ടതുപോലെയാണ്‌ പലര്‍ക്കും ഗള്‍ഫ്‌ ജീവിതം. പെട്ടുപോകും.
വൈകിയാണെങ്കിലും കുരുത്തിയില്‍നിന്നും വഴുതി ചെല്ലപ്പണ്ണന്‍ തിരിച്ചു നീന്തി.
നാട്ടില്‍ ചെന്ന് ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ എനിയ്ക്ക്‌ ഒരു കത്തു കിട്ടി. അവധിക്കു നാട്ടില്‍ ചെല്ലുന്നതും ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ചു ചെല്ലുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഖേദത്തോടെയുള്ള എഴുത്ത്‌. പിന്നെയും കത്തുകള്‍ വന്നു. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ആ കത്തുകളില്‍ കബളിപ്പിക്കപ്പെട്ട ഏകാന്തനായ മൃഗമുണ്ടായിരുന്നു. അത്‌ മുറുമുറുത്തു. ആകാശത്തേയ്ക്കു നോക്കി ഓലിയിട്ടു. പാറകളില്‍ നഖമുരച്ച്‌ മൂര്‍ച്ച വരുത്തി. കണ്ണുനീരൊലിപ്പിച്ച്‌ അലഞ്ഞലഞ്ഞ്‌ അപരിചിതമായ വനഭൂമികളുടെ ഏകാന്തമാ
യ ചെരിവുകളില്‍ അണച്ചു കിടന്നു.
നാട്ടിലെത്തി അഞ്ചാമത്തെ മാസം, കുരുത്തിയില്‍നിന്നു തിരിച്ചു നീന്തിയ മീന്‍ പുതുവെള്ളം പിടിക്കാതെ മരിച്ചു.
ഇടയ്ക്കിടെ ലേബര്‍ ക്യാമ്പില്‍ വരാറുള്ള ചെല്ലപ്പണ്ണന്റെ നാട്ടുകാരനൊരാള്‍ പറഞ്ഞാണ്‌ വിവരം അറിഞ്ഞത്‌. തോട്ടത്തില്‍ റബ്ബര്‍ഷീറ്റുകള്‍ സൂക്ഷിക്കാനുണ്ടാക്കിയ മുറിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു മൂന്നു വര്‍ഷത്തോളം ഓണത്തിനും വിഷുവിനും പുതുവര്‍ഷത്തിനും നാട്ടിലെ ഒരു ബാങ്കില്‍നിന്ന് ചെല്ലപ്പണ്ണന്റെ പേരില്‍ തെങ്ങോലയും ചന്ദ്രനും പറക്കുന്ന പക്ഷികളുമൊക്കെയായി, ഗ്രാമപ്രകൃതിയില്‍നിന്ന് വേറിട്ടു താമസിക്കുന്നവനെ പറ്റിക്കാനുള്ള ബിംബസമൃദ്ധി പതിച്ച ആശംസാക്കാര്‍ഡുകള്‍ വരുമായിരുന്നു. ആ ബാങ്കിലെ അക്കൗണ്ട്‌ അദ്ദേഹം ക്ലോസ്‌ ചെയ്തിട്ടുണ്ടായിരുന്നില്ല. ആ അക്കൗണ്ടില്‍ നിന്നായിരുന്നു സഹായമഭ്യര്‍ത്ഥിച്ച്‌ എഴുതിയവര്‍ക്കെല്ലാം പണമയച്ചു കൊടുത്തിരുന്നത്‌. ആഭിചാരക്രിയകള്‍ നടത്തി തന്റെ ഭാര്യയെ തിരികെക്കിട്ടാന്‍ നാട്ടിലെ ഒരു ദുര്‍മന്ത്രവാദിയ്ക്ക്‌ ദക്ഷിണ കൊടുത്തിരുന്നത്‌. പുനലൂരിലെ അദ്ദേഹത്തിന്റെ വീട്ടുവിലാസം അറിയാമായിരുന്നിട്ടും ആ അക്കൗണ്ടിനെക്കുറിച്ച്‌ അവരെ ഒന്നറിയിക്കാന്‍ എനിയ്ക്കെന്തോ തോന്നിയില്ല.
*******
ചിത്രങ്ങള്‍ തപ്പിയെടുത്തു തന്നത് : സുമേഷ്


35 comments:

അനിലൻ said...

അജ്മാനിലെ എന്റെ ആദ്യകാല ദിനങ്ങള്‍ക്ക്.

Sanal Kumar Sasidharan said...

എന്റെയും തൊണ്ടക്ക് വശത്തായി ചെകിളയുണ്ട് ആരോ ഒരു കൊരുത്തിയില്‍ എന്നെ കുടുക്കിയിട്ടു.തൊണ്ടതുളച്ച് ഒരു നൊമ്പലം.

[ nardnahc hsemus ] said...

ഓരോ തവണയും ചങ്ങാടത്തില്‍ കയറുമ്പോള്‍ അത് വല്ലാതെ ഉലയും .. ദേഹത്തേയും മനസ്സിനേയും വല്ലാതെ കുടയും.. ഒന്നലറിക്കരയാനാവാതെ തൊണ്ടയും തുഴയാനാവാതെ ശരീരവും ചലനം വെടിഞ്ഞെന്നു തോന്നും..
അനിലാ, വരികള്‍ വല്ലാതെ അനുഭവിപ്പിയ്ക്കുന്നു.

aneeshans said...

ഒരു കുറിപ്പ് വായിച്ച് അഭിപ്രായം പറയുക എത്ര കഠിനാമാണ് എന്ന് തോന്നുന്നത് അനിലനെ വായിക്കുമ്പോഴാണ്. സാധാരണ ചെയ്യും പോലെ അവിടെ നിന്നും, ഇവിടെ നിന്നും കോപ്പി ചെയ്ത് വയ്ക്കാമായിരുന്നു. നല്ല എഴുത്ത് എന്നൊക്കെ പറഞ്ഞ് ! ഫീല്‍ ചെയ്തതിനെ എങ്ങനെ കോപ്പി ചെയ്യും, എവിടെ പേസ്റ്റ് ചെയ്യും ? അക്ഷരങ്ങള്‍ക്ക് കഠാരമുനയുടെ മൂര്‍ച്ച.ഈ കുറിപ്പുകള്‍ അനിലന്‍ എന്ന കവിയുടെ വളരെ വ്യത്യസ്തമായ ഒരു ഭാവം കാട്ടിത്തരുന്നു.

സ്നേഹം.

കാവലാന്‍ said...

"ഏറ്റുമീന്‍ പിടിക്കാന്‍ ഈര്‍ക്കിലുപയോഗിച്ചുണ്ടാക്കുന്ന കുരുത്തി എന്ന ഒരു തരം നാട്ടുപകരണമുണ്ട്‌. കടന്നുപോകാനുള്ള ഇടം വിസ്താരമേറിയതും ചെന്നെത്തുന്ന ഇടം ഒരു തിരിച്ചു നീന്തലിനു സാധ്യമാക്കാത്തതുമായ ഘടനയുള്ള ഒന്ന്."

അതെ, പെടുന്നത് അറിഞ്ഞ് തിരിഞ്ഞു നീന്തുമ്പോഴേയ്ക്കും വെള്ളം മുഴുവന്‍ വാര്‍ന്നു പോയിരിക്കും.

Sarija NS said...

അനിലാ,
ജീവിതം തക്കാളിപ്പുറം പോലെ മിനുമിനുത്തതല്ല എന്ന് നിന്‍ടെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നു. പരുക്കനായ ക്യാന്‍‌വാസില്‍ അതിലും പരുക്കനായ ബ്രഷ് സ്ട്രോക്കുകള്‍...

Sharu (Ansha Muneer) said...

ഇതിന് നാലുവരിയില്‍ എങ്ങനെ ഒരു അഭിപ്രായം പറയും...എനിയ്ക്കറിയില്ല. പക്ഷെ വായിച്ചപ്പോള്‍ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

.




- മൌനത്തിലേക്ക് നമ്മെ എടുത്തെറിയുന്നവയാണ് മികച്ച രചനകള്‍ എന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞതായി ഓര്‍മ.

Kaithamullu said...

കുരുത്തിയില്‍ പെട്ട് തിരിച്ച് നീന്താനാവാതെ പിടയുന്ന എത്രയെത്ര ആത്മാക്കള്‍, ഇതാ ഇവിടെ!

നേരിട്ടറിയുന്ന എത്രയെത്ര ചെല്ലപ്പണ്ണന്‍‌മാര്‍, രുഗ്മിണിമാര്‍, സുകുമാരന്മാര്‍.....

-അനിലാ,
എന്നിട്ടും വേദനിച്ചൂ, മനസ്സ്. “ഒന്നിലധികം മുനകളുള്ള ഒരായിരം ആണികള്‍“ പറന്ന് നടക്കുന്നൂ, ചുറ്റും!

reshma said...

തിരിച്ചു പോകുമ്പോൾ അയാൾ എന്താണ് പൊതിഞ്ഞുകെട്ടി കൊണ്ടുപോയത്?
നല്ല കുറിപ്പ്.

നന്ദ said...

ഒന്നും മിണ്ടാനേ ആവുന്നില്ലല്ലോ!

Latheesh Mohan said...

അനിലാ,

എനിക്കൊന്നും പറയാനില്ല. എനിക്കാരെയും അറിയുകയുമില്ല.

:(

ജീവിതം!!

നജൂസ്‌ said...

മൂന്നാമിടത്തില്‍ കരുണാകരന്റെ ടി പി അനില്‍കുമാറിന്റെ കവിതാ പഠനം വായിച്ചിരിക്കു‌മ്പോഴാണ് പുതിയ പോസ്റ്റ്‌ കണ്ടത്‌.

ചങാടത്തില്‍ കടത്ത്‌ കൂലി നല്‍കാന്‍ കഴിയാത്ത്വനായി ഞാനുമുണ്ടാവും. ഇറക്കി വിടുമോ???

നജൂസ്‌ said...
This comment has been removed by the author.
പാമരന്‍ said...

ഞാനിവിടെ കുറച്ചധികം നേരം ഇരുന്നു.

siva // ശിവ said...

വായനയിലുടനീളം ആ മനുഷ്യനെ നേരില്‍ കാണുന്നതു പോലെ...വല്ലാത്ത വിവരണമായിപ്പോയി...എന്നെ വല്ലാതെ വിഷമിപ്പിച്ചു...

സസ്നേഹം,

ശിവ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറയാന്‍ ഒന്നും ഇല്ല, മൌനത്തിന് ശക്തി കൂടുതലാണ്

അനിലൻ said...

എല്ലാവര്‍ക്കും നന്ദി

ലേഖാവിജയ് said...

എഴുത്തിന്റെ ജാലവിദ്യ!
സഹതാപം മുഴുവന്‍ ചെല്ലപ്പണ്ണന്.
ആ സ്ത്രീക്കും ചിലത് പറയാനുണ്ടാകും.

അനിലൻ said...

ശരിയാണ് ലേഖാ..
പത്തുപതിനഞ്ച് കൊല്ലമായിട്ടും കെടാത്ത കനലാണ് അയാളെനിക്ക്. അതുകൊണ്ടാവും എഴുത്ത് ഏകപക്ഷീയമായിപ്പോയത്.
അയാളുടെ വിവാഹജീവിതത്തിനോ ഭാര്യയുടെ മറ്റൊരാളുമായുള്ള ബന്ധത്തിനോ അല്ല ഞാന്‍ പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചത്. എഴുതിക്കഴിഞ്ഞപ്പോള്‍ അങ്ങനെയായോ???

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നടന്ന സംഭവം പോലെ തോന്നി. വെറും `കഥ'യാണെങ്കില്‍ ഗംഭീരമായിരിക്കുന്നു. കൂടുതല്‍ എഴുതുക.

Anonymous said...

ജിതേന്ദ്രന്‍ സാര്‍,
ഇത്രയും വായിച്ചിട്ട് സാറിനു കഥയാണെന്നാണോ തോന്നിയത് ? നല്ല കാര്യം. സാര്‍ ഒന്നും ചെയ്യരുത്, അനിലന്‍ കൂടുതല്‍ എഴുതിക്കോളും , അനുഗ്രഹാശിസുകള്‍ ഉണ്ടാവണം.

അനിലാ ഓഫിനു മാപ്പില്ല.

അനിലൻ said...

ജിതേന്ദ്രകുമാര്‍ - വെറും ‘കഥ’യാണെന്നു തോന്നിയോ? :)

അനുഭവം എന്ന് ലേബല്‍ ചെയ്യാതിരുന്നത് കഥയല്ലെന്ന് വായിക്കുമ്പോള്‍ മനസ്സിലാവും എന്നു കരുതിയാണ്.

Ajith Polakulath said...

കഥയോ അനുഭവമോ എന്ത് കുന്തമെങ്കിലും ആകട്ടെ,

ആത്മാവുള്ള ഒന്നാണ് ഇത്!

ജീവിക്കാന്‍ അല്ലെങ്കില്‍ ജീവിപ്പിക്കാന്‍ സൊയം പുകഞ്ഞ് ഒടുവില്‍ കത്തിയമര്‍ന്ന ചെല്ലപ്പേട്ടനെന്ന വിറകു കൊള്ളി!

പലര്‍ക്കും കഥയാണ്, നോവലാണ്, അനുഭവമാണ് അല്ലെങ്കില്‍ കവിതയാണ് ഇങ്ങനെ തരം തിരിക്കാനാണ് വെമ്പല്‍,

എന്തൊരു മനുഷ്യന്മാര്‍!

പലരും പല കാടുവഴികളും ചെളിക്കുണ്ടുകളും താണ്ടി ഗള്‍ഫിലേക്ക് കുടിയേറി വന്നിട്ടുള്ളത്, ചിലര്‍ വന്ന വഴി മറക്കുന്നു,
വഴി മറന്നവര്‍ വഴിയില്‍ കണ്ടുമുട്ടിയ മുഖങ്ങള്‍ തീര്‍ച്ചയായും മറക്കും! തികച്ചും സ്വാഭാവികം മാത്രം!

Unknown said...

പ്രിയപ്പെട്ട അനില്‍ ... ചെല്ലപ്പണ്ണന്റെ കഥ വായിച്ചു എന്തെങ്കിലും അഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാണ് എന്നതാണ് യാഥാര്‍ഥ്യം .... ഒരു കഥ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാവുമ്പോള്‍ , പലപ്പോഴും വായിക്കുന്ന ആളും കഥാപാത്രവും ഒന്നായി മാറുന്ന മായാജാലം നടക്കാറുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

കുരുത്തി എന്ന ആ നാട്ടുപകരണത്തിന് ഞങ്ങളുടെ നാട്ടില്‍ മറ്റൊരു പേരായിരുന്നു , ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല . പ്രവാസികളില്‍ മുക്കാല്‍ പങ്കും ഇത്തരം കുരുത്തികളില്‍ അകപ്പെട്ടുപോയവരാണ് . ജീവിതം തന്നെ വിറ്റ് ഇങ്ങനെ ജീവിതമാര്‍ഗ്ഗം തേടുന്നെതെന്തേ എന്ന് ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട് . ഒന്നല്ലെങ്കില്‍ മറ്റൊന്ന് ഓരോരുത്തര്‍ക്കും പ്രവാസിയാകുന്നതിന് അപരിഹാര്യമായ കാരണങ്ങളുണ്ടായിരുന്നു ... പക്ഷെ .... എന്നാലും ... അതൊരു വലിയ പക്ഷെ തന്നെയാണ് !

nandakumar said...

അനിലന്‍, രണ്ടു ദിവസം മുന്‍പു വായിച്ചെങ്കിലും അഭിപ്രായം പറയാന്‍ വാക്കുകളൊന്നും കിട്ടാതെ തിരിച്ചുപോകുകയായിരുന്നു.

അതിജീവനത്തിന്റെ പാച്ചിലിനിടയില്‍ കൊരുത്തിയില്‍പ്പെട്ടു പോയ ജീവിതങ്ങള്‍..

ജീവിതത്തിലേക്ക് ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്നതിന് നന്ദി

നന്ദപര്‍വ്വം‌-

കുറുമാന്‍ said...

ചെല്ലപ്പേട്ടന്റെ രൂപം മനസ്സില്‍ പതിഞ്ഞുപോയല്ലോ അനിലാ ഇത് വായിച്ചപ്പോള്‍. ആണികള്‍ തറച്ച കൂടം കൊണ്ട് തലക്കടിയേറ്റ പോലെ മൊത്തം മരവിപ്പ്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ശ്രീ അനിലന്‍ & അനോണി,
ഇപ്പോഴാണ്‌ ഞാന്‍ ഇതു കണ്ടത്‌. "... ചീന്തിയെടുക്കുന്ന അനുഭവത്തിന്‍റെ ചീളുകളാണോ കഥകള്‍? അല്ലല്ലോ,എങ്കില്‍ ഇതുമൊരു കഥയല്ല... " എന്‍റെ ഒരു കഥയുടെ ആദ്യഭാഗത്തെഈ വരികള്‍ എന്‍റെ കാഴ്ച്ചപ്പാടാണ്‌. സ്വന്തം കണ്ണുകളിലൂടെയല്ലേ കൂടുതലുംനാം കാണാറ്‌. അതുകൊണ്ട്‌ മാത്രമല്ല, കമണ്റ്റ്‌സില്‍ എവിടെയൊക്കേയോ "ചെല്ലപ്പണ്ണന്‍റെകഥ' എന്നു വായിക്കുകയും ചെയ്തു. ചെല്ലപ്പണ്ണന്‍ ഭാവനയിലെ സൃഷ്ടിയല്ലെങ്കില്‍ ഇത്‌ എങ്ങിനെ കഥയാവും? മറ്റൊരാളുടെ ജീവിതം പകര്‍ത്തി എഴുതുന്നത്‌, അതിന്‌ സമ്മതം കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ, അത്രനല്ലതാണെന്ന അഭിപ്രായം എനിക്കില്ല. - അതു തെറ്റോ ശരിയോ എന്നതിലേക്കല്ല ഞാന്‍ ഫോക്കസ്‌ ചെയ്യുന്നത്‌- മറിച്ച്‌ `ചെല്ലപ്പണ്ണന്‍റെ ഈ കഥ ഒരു ഭാവനാ സൃഷ്ടിയെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയിഎന്നതിലേക്കാണ്‌.
' മാനിറച്ചി വെച്ച്‌ പുലിയെ ആകര്‍ഷിക്കുന്നതും മാനിറച്ചിയുടെ ശില്‍പ്പം ഉണ്ടാക്കി പുലിയെ ആകര്‍ഷിക്കുന്നതും തമ്മിലുള്ള ആ വ്യത്യാസമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.

അനിലൻ said...

പ്രിയ ജിതേന്ദ്രകുമാര്‍,

കമണ്റ്റ്‌സില്‍ എവിടെയൊക്കേയോ "ചെല്ലപ്പണ്ണന്‍റെകഥ' എന്നു വായിക്കുകയും ചെയ്തു.
ചെല്ലപ്പണ്ണന്‍ ഭാവനയിലെ സൃഷ്ടിയല്ലെങ്കില്‍ ഇത്‌ എങ്ങിനെ കഥയാവും?

താങ്കള്‍ മുകളില്‍ പറഞ്ഞതിന് ഞാന്‍ ഉത്തരവാദിയല്ല. നടന്ന സംഭവം ‘പോലെ’ തോന്നി എന്ന താങ്കളുടെ സംശയത്തിനു മാത്രമാണ് എന്റെ മറുപടി. എനിയ്ക്ക് കഥാരചനയുടെ സാങ്കേതികതയൊന്നും അത്ര പിടിയില്ല.
മാനിറച്ചിയുടെ ശില്പമുണ്ടാക്കി ഇരപിടിക്കാന്‍ പുലിയുടെ ഘ്രാണശക്തിയേയും കാഴ്ചശകതിയേയും കുറിച്ചറിയാത്തവനേ ശ്രമിക്കൂ. അവന്‍ എന്തായാലും നല്ല വേട്ടക്കാരനായിരിക്കില്ല.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പ്രിയ അനിലന്‍,
ഒരു കഥയാണെന്ന മുന്‍വിധിയോടെ വായിച്ചു. അതു ചുമ്മാ കമണ്റ്റുകയും ചെയ്തു.
"നടന്ന സംഭവം പോലെ തോന്നി. വെറും `കഥ'യാണെങ്കില്‍ ഗംഭീരമായിരിക്കുന്നു. കൂടുതല്‍ എഴുതുക."

ഇതില്‍ ഗൌരവമായൊന്നും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. (താങ്കളുടെ മറുപടി വായിച്ചപ്പോള്‍ എണ്റ്റെ ആകമണ്റ്റ്‌ താങ്കളെ വേദനിപ്പിച്ചതായി തോന്നി. -ചിലപ്പോള്‍അതും എണ്റ്റെ വെറും തോന്നലാകാം). ആരേയും വേദനിപ്പിക്കുന്നത്‌ എനിക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. മനസില്‍ തോന്നുന്നത്‌ പറയുന്നത്‌ ഒരു ശീലമാണു താനും. ഗൌരവമായിട്ടൊന്നുമല്ല, ചുമ്മാ കീച്ചുന്നതാ.

പിന്നെ 'ഞാന്‍ നല്ലൊരു വേട്ടക്കാരനല്ലെന്ന്‌' സത്യം. കൊടുകൈ!! എന്നോട്‌ ഒരുപാട്‌ പേറ്‍ ഒരുപാട്‌ തവണ ഇതു പറഞ്ഞിട്ടുണ്ട്‌. പല രീതിയില്‍. അവരില്‍മിക്കവരും എണ്റ്റെ സുഹൃത്തുക്കളാണ്‌. അവരുടെ മുന്‍ നിരയില്‍നിന്നു കൊണ്ട്‌ ഞാനും അതുതന്നെ പറയാറുണ്ട്‌. പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വസ്തുത വസ്തുത ആകാതിരിക്കുമോ?

അനിലൻ said...

ജിതേന്ദ്രകുമാര്‍
എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ വലിച്ചു നീട്ടുന്നത്? ബ്ലോഗില്‍ ഒരു കമന്റ് കാണുമ്പോഴേയ്ക്കും വേദനിച്ച് വേദനിച്ച്... ആഹാ. താങ്കളുടെ ‘ചുമ്മാ കമന്റലിന്’ ഞാന്‍ അത്ര പ്രാധാന്യം കൊടുത്തിരുന്നുമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് മാറിക്കോട്ടെ എന്ന് വിചാരിച്ച് വളരെ ലഘുവായാണ് വിശദീകരിച്ചത്. മാനിറച്ചിയും പുലിയുമായൊക്കെ വന്ന് എന്നെ ബോധിപ്പിക്കാന്‍ ശ്രമിച്ചത് താങ്കളല്ലേ? താങ്കള്‍‍ വേട്ടക്കാരനാണെന്ന് തോന്നുന്നത് സ്വന്തം പ്രശ്നമായെടുക്കുക.
ഒരിക്കല്‍കൂടി പറയുന്നു. മുന്‍ ധാരണയോടെയുള്ള വായനയും താങ്കളുടെ ചുമ്മാ കമന്റലും എന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അനോണിയ്ക്കും എനിയ്ക്കും ഒരേഭാഷയില്‍ മറുപടി പറഞ്ഞതും ആ കമന്റിലുപയോഗിക്കപ്പെട്ട രൂപകങ്ങളുമാണ് എന്നെക്കൊണ്ട് രണ്ടാമതും മറുപടി പറയിച്ചത്. അപ്പൊ ശരി.

കുഞ്ഞന്‍ said...

അനില്‍ മാഷെ..

ആദ്യം കുറെ നന്ദികള്‍ പറയട്ടെ..

അനിലന്
ചെല്ലപ്പണ്ണക്ക്
സുമേഷിന്
പിന്നെ
ലേഖാ വിജയിനും.

അനിലിന്റെ ജീവിതവും ഇതില്‍ക്കൂടി കാണാന്‍ പറ്റുന്നു..ലേബര്‍ ക്യാമ്പിലെ അട്ടിയിട്ട കട്ടിലില്‍ കിടന്ന ജീവിതം..ഇപ്പോഴും അത്തരം ക്യാമ്പുകള്‍ കാണുമ്പോള്‍ ദൈവമേ, ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് ഓര്‍മ്മിക്കപ്പെടുത്താറുണ്ട്. വെറുതെയല്ല മാഷിന്റെ വരികള്‍ക്ക് തീവ്രത..!

കുരുത്തി എന്നു പറയുന്നത് എന്റെ നാട്ടില്‍ ഒറ്റല് എന്നാണറിയപ്പെടുന്നത്. അതുണ്ടാക്കുന്നത് മുളയുടെ ചീന്തിയ കമ്പുകള്‍കൊണ്ടും..ഈര്‍ക്കലിക്ക് അതിജീവിക്കാന്‍ പറ്റുമൊ കാലങ്ങളെ..?

ഇനിയും ഇത്തരം കാര്‍ഡുകളൊ ഓര്‍മ്മകളെ ചാടിക്കാന്‍ പറ്റിയ സാധനങ്ങളൊ അനില്‍ മാഷിന് തടയട്ടെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഒഴുകുകയാണെന്നു പുഴ കരുതും.....
ശെരിയാണ്‌. പക്ഷെ പല പുഴകളും ഒഴുകുന്നില്ല.. ആ പുഴകളൊന്നും കടലിനെ കാണുന്നേയില്ല… തടമായി തളം കെട്ടി കിടക്കുകയാണ്‌… കാണെക്കാണെ ഉച്ചവെയിലില്‍ വറ്റിത്തീരുകയാണ്‌.. പിന്നെ ചളിയായി, ചേറായി, ഉണങ്ങി മൊരിഞ്ഞ്‌ പൊടിയായി, ധൂളിയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയാണ്‌..

പുഴയായി ഒഴുകാതെ പൊടിയായി പറന്നുപോയ ചെല്ലപ്പണ്ണന്റെ കഥ വല്ലാതെ ഉള്ളില്‍തട്ടുംപടി താങ്കള്‍ പറഞ്ഞു… മാധ്യമത്തിന്റെ പേജില്‍ കണ്ട്‌ വായിച്ച ശേഷമാണ്‌ ഞാനീ ബ്ളോഗിലെത്തുന്നത്.

താങ്കളുടെ ഓര്‍മ്മകള്‍ പുഴപോലെ പെരുകുമ്പോള്‍ അതിലേയ്ക്ക്‌ എന്റെ ഒരു കണ്ണുനീര്‍ത്തുള്ളികൂടി കലരുന്നു..

അനിലൻ said...

സന്തോഷം പള്ളിക്കരേ