Tuesday, July 15, 2008

ജലസമാധി

തെങ്ങിന്‍ ചോട്ടില്‍ വാവല്‍ ചപ്പിയിട്ട കശുവണ്ടിയും പുന്നക്കുരുവുമാണ്‌ ചില്ലുപൊടിപോലെ മഞ്ഞ്‌ വീണുകൊണ്ടിരിക്കുന്ന മകരമാസത്തിലെ പ്രഭാതങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവരിക. തെരഞ്ഞു നടക്കും പറമ്പായ പറമ്പൊക്കെ, പേരറിയാത്ത നാട്ടുചെടികളൊക്കെയുമായി പരിചയവും ചങ്ങാത്തവുമുണ്ടാവുന്നത്‌ അങ്ങനെയാണ്‌. എട്ടുദിക്കുകളിലെവിടെനിന്നെങ്കിലും വീക്കുചെണ്ടയുടെ ഡും ഡും കേള്‍ക്കാം, അരമണിയുടെ ഒച്ച, ആനച്ചങ്ങലയുടെ കിലുക്കം കുത്തുവിളക്കില്‍ കത്തുന്ന വെളിച്ചെണ്ണയുടെ മണം ഒക്കെ ഇടവഴികളെ ഉണര്‍ത്തും.
അമ്പലങ്ങളില്‍നിന്ന് പൂരപ്പറ പോകുന്നതാണ്‌.
അങ്ങനെ ഒരു മകരത്തിലാണ്‌ അവന്‍ അമ്പലനടയില്‍ വെളിപ്പെട്ടത്‌.
ഇവന്‍ പാലക്കാട്ടുകാരനാ. തണുക്കുന്ന മകരപ്രഭാതത്തില്‍ ചെണ്ട മുറുക്കുമ്പോള്‍ പാട്ടമ്പലത്തിലിരുന്ന് നാരായണേട്ടന്‍ പറഞ്ഞു. ഇത്രയ്ക്ക്‌ മുറുക്കിച്ചുവന്ന ചുണ്ടുകള്‍ നാരായണേട്ടനല്ലാതെ ഞാന്‍ വേറെ കണ്ടിട്ടില്ല. അല്‍പം കൂടുതല്‍ വലിപ്പമുള്ള തലയും നീല നിറത്തിലുള്ള ഷര്‍ട്ടും വലിയൊരു ട്രൗസറുമിട്ട്‌ വട്ടം പിടിച്ച കണ്ണുകള്‍കൊണ്ട്‌ ബാബു എല്ലാവരേയും നോക്കിച്ചിരിച്ചു. വെയിലുപോലുള്ള ചിരി.
അക്കാലത്തൊന്നും പാലക്കാടുനിന്ന് കുട്ടികള്‍ വീടുപണികള്‍ക്കായി ഇറക്കുമതി ചെയ്യപ്പെട്ടു തുടങ്ങിയിരുന്നില്ല, അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക്‌ അവന്റെ ഭാഷയില്‍നിന്നും പാലക്കാട്ടുകാരനാണെന്ന് മനസ്സിലായിരുന്നില്ല. വര്‍ത്തമാനം പറയുന്നതില്‍നിന്ന് ഒരാള്‍ ഏതു നാട്ടുകാരനാണെന്ന് മനസ്സിലാകുമെന്ന് അന്ന് എനിയ്ക്കറിയില്ലായിരുന്നു. എനിയ്ക്ക് അറിയാവുന്ന ദൂരദേശം വിട്ടുമാറാത്ത തലവേദനയ്ക്ക്‌ ചികിത്സിക്കുവാന്‍ ഇടയ്ക്കിടെ പോകേണ്ടിവന്ന തൃശൂര്‍ ആയിരുന്നു. ആ തൃശൂരിനും അപ്പുറത്ത്‌ എവിടെയോ നിന്ന് ഒരേ സമയം കുട്ടിയും മുതിര്‍ന്നവനുമായ ഒരാള്‍ വീടുപേക്ഷിച്ചു വരിക തികച്ചും അപരിചിതമായ സാഹചര്യങ്ങളില്‍ ജീവിക്കുക എന്നത്‌ ഓര്‍ക്കാനേ കഴിയില്ലായിരുന്നു. ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും പൂരങ്ങളും കുത്ത്‌ റാത്തീബുമൊക്കെ നടക്കുകയും ചെയ്യുന്ന ഒരേ ഒരിടം തളിക്കുളമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം.
ബാബു പൂരപ്പറയ്ക്കു വന്ന ആനയുടെ പാപ്പാന്മാരുടെ കൂടെക്കൂടി. കുത്തുവിളക്കു പിടിക്കുക, പറവെയ്ക്കുന്നിടത്തുനിന്ന് ശേഖരിക്കുന്ന നെല്ലും നാളികേരവും ചുമക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ശ്രീനിയേട്ടന്റെ വലം കൈയ്യുമായി. പാട്ടമ്പലത്തില്‍ ചെണ്ടകൊട്ടുകാരുടെ കൂടെ ഉറങ്ങി. അടുത്ത വീടുകളില്‍നിന്ന് ഭക്ഷണം കഴിച്ചു. ഞങ്ങളുടെ കൂടെ കളിക്കാനും കൂടി.വീടെവിടെയാണെന്നും വീട്ടിലാരൊക്കെ ഉണ്ടെന്നും ഉള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയായിരുന്നു.
വീടുവിട്ടു പോകുന്നതിനെക്കുറിച്ച്‌ അന്നെനിയ്ക്കത്ര ധാരണയില്ല. അമ്മായിയുടെ അയല്‍ വീട്ടിലെ എന്നെക്കാള്‍ രണ്ടു വയസ്സിന്‌ ഇളയവനായ മധു ഒരിക്കല്‍ വീടു വിട്ടു പോവുകയും രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചു വരികയും പിന്നെയും പോവുകയും ചെയ്തു. അന്നവന്‌ ഒരു പതിമൂന്നു വയസ്സൊക്കെ കാണും. ഇതുവരെ തിരിച്ചു വന്നിട്ടില്ല. എന്താണ്‌ പോകുവാനുള്ള കാരണമെന്ന് ആര്‍ക്കും അറിയില്ല.
നല്ലോണം അദ്ധ്വാനിക്കുന്ന ദേഹമായതുകൊണ്ട്‌ ഓടിയും ചാടിയുമുള്ള കളികളിലെല്ലാം അവന്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി. കളികളിലുള്ള അവന്റെ ആധിപത്യം അവസാനിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞവര്‍ എന്തോ കാരണമുണ്ടാക്കി അവനെ കൂട്ടമായി ആക്രമിച്ചപ്പോഴാണ്‌ വിറച്ചു വിറച്ച്‌ താഴെവീണ്‌ കൃഷ്ണമണികള്‍ മറഞ്ഞ്‌ നുരയും പതയുമൊലിപ്പിച്ച്‌ ആദ്യമായി അവന്‍ അപസ്മാരപ്പെട്ടത്‌. അപസ്മാരം ഞങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. അവനുമൊത്തുള്ള കളികളില്‍നിന്ന് പിന്നെ പലരും അകന്നു നിന്നു. ബാബു മുഴുവന്‍ സമയവും ആനയ്ക്കും പാപ്പാന്മാര്‍ക്കുമൊപ്പമായി.
അപസ്മാരരോഗിയായതുകൊണ്ട്‌ വീട്ടില്‍ ആര്‍ക്കും തന്നെ കണ്ടുകൂടെന്നും അച്ഛന്റേയും അമ്മയുടേയും സ്നേഹരാഹിത്യമാണ്‌ തന്നെ വീടുവിട്ടു പോരാന്‍ പ്രേരിപ്പിച്ചതെന്നും ഒരിക്കല്‍ അവന്‍ നാരായണേട്ടനോട്‌ പറഞ്ഞു. നാരായണേട്ടന്‍ അവന്‌ പലപ്പോഴും ചായയും പലഹാരങ്ങളുമൊക്കെ വാങ്ങിക്കൊടുത്തു. ഞങ്ങള്‍ക്കു തൊടാന്‍ അവകാശമില്ലാത്ത നാരായണേട്ടന്റെ ചെണ്ടയില്‍ വെറുതേ മുട്ടുവാനുള്ള അനുവാദം ബാബുവിനു കിട്ടിയത്‌ ഞങ്ങളില്‍ അസൂയയുണ്ടാക്കി. അപസ്മാരക്കാരനായ സമപ്രായക്കാരനോട്‌ കാണിക്കേണ്ട സഹതാപമോ സ്നേഹമോ അന്ന് ഞങ്ങള്‍ അവനോട്‌ കാണിച്ചിരുന്നോ എന്ന് സംശയമാണ്‌.
പൂരം നാള്‍ പുലര്‍ന്നു. വലിയ ചന്ദനക്കുറിയും ചെവിയില്‍ പൂവും നാരായണേട്ടന്‍ വാങ്ങിക്കൊടുത്ത വെള്ളമുണ്ടുമൊക്കെയായി അമ്പലത്തിലും, കൊട്ടുകാര്‍ക്കും കാവടിയാട്ടക്കാര്‍ക്കും വിശ്രമിക്കാനുണ്ടാക്കിയ ഓലഷെഡിലുമായി ബാബു തിരക്കിലാണ്‌. പകലെഴുന്നള്ളിപ്പിന്റെ നേരത്ത്‌ മേളക്കാര്‍ക്ക്‌ വെള്ളം കൊടുക്കുവാനും രാത്രി പന്തങ്ങളില്‍ എണ്ണയൊഴിച്ചു കൊടുക്കാനും മാത്രമല്ല, ഒരാളെ എന്തിനെങ്കിലും ആവശ്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നിടത്തെല്ലാം അവന്‍ വെളിപ്പെട്ടു.
പൂരപ്പിറ്റേന്ന് ബാബുവിനെ കാണാതായി.
രാവിലെ ആനകള്‍ ശ്രീകോവിലിനെ നമസ്കരിച്ച്‌ തിരിച്ചു പോകുന്നതുവരെ അവനെ കണ്ടവരുണ്ട്‌. തലേരാത്രിയുടെ ഉറക്കമിളപ്പിന്റെയും ആഘോഷത്തിമിര്‍പ്പിന്റേയും ക്ഷീണത്തിലായിരുന്നതുകൊണ്ട്‌ ആരുമതു ശ്രദ്ധിച്ചുമില്ല. നടയടച്ചു. ഇനി ഒരാഴ്ച കഴിഞ്ഞാണ്‌ തുറക്കുക. ഭൂതഗണങ്ങളുടെ വിളയാട്ടമായിരിക്കും പൂരപ്പിറ്റേന്നു മുതല്‍ ഒരാഴ്ചയെന്നും അസമയങ്ങളില്‍ അമ്പലപ്പറമ്പിലൂടെ നടക്കരുതെന്നും വല്യച്ഛന്റെ സര്‍ക്കുലറുണ്ട്‌.
മധുരനാരങ്ങയുടേയും ആനപ്പിണ്ടത്തിന്റേയും മണമുള്ള അമ്പലപ്പറമ്പില്‍, വളക്കച്ചവടക്കാര്‍ സ്റ്റാളുകള്‍ ഇട്ടിരുന്ന ഇടങ്ങളില്‍ പൂരം കഴിഞ്ഞാല്‍ തെരച്ചിലിനായി കുട്ടിപ്പട്ടാളമിറങ്ങും.. വളപ്പൊട്ടുകള്‍, കേടുവന്നതുമൂലം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ ഒക്കെ അന്വേഷിച്ച്‌. അതിനിടയില്‍ പാട്ടമ്പലത്തിലും കാവിനു പിന്നിലും ഒന്നു നോക്കി. ബാബുവില്ല. ആനക്കാരുടെ കൂടെ പോയിക്കാണുമെന്ന് ആരോ പറഞ്ഞു. പോയിക്കാണും. പൂരം കഴിഞ്ഞല്ലോ ഇനിയിപ്പൊ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ തനിക്കിവിടെ തുടരാനാവില്ല എന്നു വിചാരിച്ചു കാണും. ഏതെങ്കിലും ആനയുടെ പാപ്പാന്‍ കൂടെ കൂടിക്കൊള്ളാന്‍ പറഞ്ഞു കാണും.
പൂരം കഴിഞ്ഞ്‌ രണ്ടാം നാള്‍ അമ്പലത്തിലെ ഇപ്പോഴത്തെ വെളിച്ചപ്പാട്‌ വസന്തന്റെ അലറിക്കരച്ചില്‍ കേട്ടാണ്‌ എല്ലാവരും അമ്പലക്കുളത്തിനരികിലേയ്ക്ക്‌ ഓടിയെത്തിയത്‌. കുളിക്കാനിറങ്ങിയ വസന്തന്‍ വെള്ളത്തിനടിയിലൂടെ ഊളിയിട്ടു ചെന്ന് പൊങ്ങിയിടത്ത്‌ എന്തോ തടഞ്ഞു. നോക്കുമ്പോള്‍, കുളത്തിലേയ്ക്കു വളര്‍ന്ന ചേക്കപ്പുല്ലുകള്‍ക്കിടയില്‍ വരയന്‍ ചണ്ടിയില്‍ കുടുങ്ങിക്കിടക്കുന്നു. കുളത്തിലിറങ്ങിയപ്പോള്‍ അപസ്മാരം ഇളകിക്കാണും.
ആരുമറിയാതെ വന്നു, ആരോടും പറയാതെ തിരിച്ചു പോയി. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മദ്ധ്യവയസ്കനാകുമായിരുന്ന അവന്‌ വീട്ടില്‍ ഒരു അനിയനോ അനിയത്തിയോ ചേട്ടനോ ഉണ്ടാകുമായിരിക്കും. എന്നെങ്കിലും തിരിച്ചു വരുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടാവും.
വീടുവിട്ടു പോകുന്നവരെ തികച്ചും അപരിചിതമായ ദേശങ്ങളില്‍ ആരൊക്കെ, എന്തൊക്കെ കാത്തിരിക്കുന്നു!

ചിത്രങ്ങള്‍ : തുളസി

20 comments:

അനിലൻ said...

അക്വേറിയങ്ങളില്‍ കുമിളയിട്ടു നില്‍ക്കുന്ന കറുത്ത മീനുകള്‍ എനിയ്ക്ക് ബാബുവിന്റെ ഓര്‍മ്മ കൊണ്ടുവരും

സുല്‍ |Sul said...

"ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും പൂരങ്ങളും കുത്ത്‌ റാത്തീബുമൊക്കെ നടക്കുകയും ചെയ്യുന്ന ഒരേ ഒരിടം തളിക്കുളമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം." ഈ വിശ്വാസത്തിന് എന്റെയും ഒരടിവര.
-സുല്‍

സുല്‍ |Sul said...

"ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും പൂരങ്ങളും കുത്ത്‌ റാത്തീബുമൊക്കെ നടക്കുകയും ചെയ്യുന്ന ഒരേ ഒരിടം തളിക്കുളമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം." ഈ വിശ്വാസത്തിന് എന്റെയും ഒരടിവര.
-സുല്‍

ലേഖാവിജയ് said...

പകല്‍ വായിച്ച് മനസ്സില്‍ തട്ടുന്നത് രാത്രിയില്‍ സ്വപ്നത്തില്‍ വരും.ഇന്നത്തെ ഊഴം ബാബുവിന്റെയാണ്..

ഗുപ്തന്‍ said...

ഇവിടെ ചങ്ങാടത്തില്‍ ആളുകയറ്റിത്തുടങ്ങിയത് ശ്രദ്ധിക്കാന്‍ വൈകി. മിഴിവുള്ള എഴുത്ത്. തകര്‍പ്പന്‍. :)

Kaithamullu said...

എട്ടുദിക്കുകളിലെവിടെനിന്നെങ്കിലും വീക്കുചെണ്ടയുടെ ഡും ഡും കേള്‍ക്കാം, അരമണിയുടെ ഒച്ച, ആനച്ചങ്ങലയുടെ കിലുക്കം കുത്തുവിളക്കില്‍ കത്തുന്ന വെളിച്ചെണ്ണയുടെ മണം ഒക്കെ ഇടവഴികളെ ഉണര്‍ത്തും.
-----
നൊസ്റ്റാല്‍ജിയാ.....!

മൂക്ക് വിടര്‍ത്തി കണ്ണടച്ച് ദീര്‍ഘമായി ഒന്ന് ശ്വാസം വലിച്ച് നോക്കി:
-മൂക്കില്‍ മുഴുവന്‍‍ പൊടി, തുമ്മാന്‍ വരുന്നൂ(ഓഫീസില്‍ റിഫര്‍ണിഷിംഗ് നടക്കുകയാ...)

അനിലൻ said...

സുല്‍- :)
ലേഖ- ജപിച്ചു കെടന്നോ :)
ഗുപ്തന്‍- നിന്നെ കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ പോസ്റ്റിട്ടപ്പൊ ആലോചിച്ചു.
തറവാടി- വിഷമിക്കണ്ട :)
പൂക്കൈത - ഒന്ന് തുമ്മെന്നേയ്. ഉള്ളിലുള്ളതൊക്കെ പുറത്തു വരട്ടെ :)

നജൂസ്‌ said...

കാട്ടാകടയുടെ ഒരു കവിത “ഉണരാത്ത പത്മതീര്‍ത്തകുളം” ഓര്‍ത്ത്പോയിപ്പോള്‍.....

നന്മകള്‍ അനിലാ....

പാമരന്‍ said...

ശബ്ദങ്ങളുടെയും നിറങ്ങളുടെയും മണങ്ങളുടെയും നിറവ്‌..

ജ്യോനവന്‍ said...

പോയവരെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന യാതൊന്നിലേയ്ക്കും പ്രതീക്ഷകളടഞ്ഞ്
തീരുമ്പോള്‍; ഭീതിയിലും, ദുഃഖത്തിലും ആഴത്തിലാണ് സ്നേഹം കാട്ടിത്തരുന്നത്.
നിറയുന്നത്.
നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിലാവും കുളിരും ഒത്തുവന്നപോലെ....

അനിലൻ said...

നജൂസ്, പാമരന്‍, ജ്യോനവന്‍, പ്രിയ - സന്തോഷം

Rajeeve Chelanat said...

അനിലാ

പുറപ്പെട്ടുപോവുക എന്നത് പഴയ മലയാളിയുടെ ഒരു ശീലമായിരുന്നുവെന്ന് തോന്നുന്നു. ശരിക്കും പോകുന്നവരും, പോകണമെന്ന് ആഗ്രഹിക്കുന്നവരും, എന്നെങ്കിലുമൊരിക്കല്‍ പോകുമെന്ന് ഉള്ളില്‍ സ്വയം ആശ്വസിപ്പിക്കുന്നവരുമായിരുന്നു അവര്‍.തിരിച്ചുവരുന്നതിന്റെ സുഖമറിയാനും, കാത്തിരിക്കുന്നവരുടെ നെഞ്ചിടിപ്പ് അനുഭവിക്കാനുമാ‍യിരിക്കണം അവര്‍ പുറപ്പെട്ടുപോയിരുന്നതും, ആഗ്രഹിച്ചിരുന്നതും.

ഇന്ന് മടക്കങ്ങളേയുള്ളു. പിന്മടക്കങ്ങള്‍.

കണ്ണൂസ്‌ said...

ചെറുപ്രാ‍യത്തിലേ പോയത് നന്നായി... മരിച്ചു ജീവിച്ച് ജലസമാധിയായ് ആള്‍ക്കാരെ ഓര്‍ക്കുമ്പോള്‍.

[ nardnahc hsemus ] said...

ഇങ്ങനൊരു ബാബു കൊടകരയുണ്ടായിരുന്നു.. “മണ്‍ കലം ചോരുന്നല്ലോ കുംബാരത്തീ.. നിന്റെ...” എന്നിങ്ങനെയുള്ള ഒരുപാട് പാരഡി പാട്ടുകള്‍ പാടുന്ന ബാബു.

........

വല്ലാതെ തിരക്ക് പിടിച്ചോടികൊണ്ടെഴുതുന്ന പോലെ തോന്നി. കൂടുതല്‍ ഡെപ്ത് കൊടുക്കാമായിരുന്ന ഒരു സ്സബ്ജക്റ്റ് ആയിരുന്നു എന്നും.

അനിലൻ said...

ശരിയാണ് രാജീവ്
കണ്ണൂസ് - :(
സുമേഷ്- തിരക്കു പിടിച്ചതാണ്. അധികം നേരം നില്‍ക്കാനാവില്ല ആ ഇടങ്ങളില്‍. വെന്തുപോകും.

Anonymous said...

വായിച്ചു. ഓര്‍മ്മകളെ ഇങ്ങനെ തൊട്ടെഴുതുന്നത് കാണുമ്പോള്‍ പേടിയാവുന്നു. മരിച്ചവന്റെ ഓര്‍മ്മ തികട്ടുന്നു.വായ്ക്കരിയിടാന്‍ ചെളിമണ്ണ്.

Sarija NS said...

ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും....

നന്നായെഴുതിയിരിക്കുന്നു ഒപ്പം നൊമ്പരത്തിണ്ടെ നനവും...

ബാബുവിനെ പ്രതീക്ഷിച്ച് ഇന്നും ആരെങ്കിലും...

അനിലൻ said...

അനോണി, സരിജ - സന്തോഷം

Pramod.KM said...

വീടുവിട്ടു പോകുന്നവരെ അപരിചിതമായ എന്തെല്ലാമോ കാത്തിരിക്കുന്നു. പരിചിതമായ എന്തെല്ലാമോ വീട്ടിലും കാത്തിരിക്കുന്നു.